കസാഖിസ്താനെ 'കശക്കി' ഫ്രാൻസ്; ലോകചാമ്പ്യന്മാർക്കും ബെൽജിയത്തിനും ഖത്തർ ടിക്കറ്റ്
|എസ്റ്റോണിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ബെൽജിയം ഖത്തർ ടിക്കറ്റ് ഉറപ്പിച്ചത്
ലോകകപ്പ് ജേതാക്കളായ ഫ്രാൻസും ബെൽജിയവും ഖത്തർ ലോകകപ്പിന് യോഗ്യത നേടി. എതിരില്ലാത്ത എട്ട് ഗോളിന് കസാഖിസ്താനെ തോൽപ്പിച്ചാണ് ഫ്രാൻസ് യോഗ്യത നേടിയത്. എസ്റ്റോണിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തായിരുന്നു ബെൽജിയത്തിന്റെ ലോകകപ്പ് പ്രവേശനം.
സർവാധിപത്യത്തോടെയായിരുന്നു ലോകചാമ്പ്യന്മാരായ ഫ്രാൻസ് ഖത്തർ പോരിലേക്ക് യോഗ്യത നേടിയത്. മുന്നിൽ പെട്ട ഖസാക്കിസ്താന്റെ വലയിലേക്ക് ഫ്രഞ്ച് പട നിറയൊഴിച്ചത് 8 തവണ. കിലിയൻ എംബാപ്പെ 4 ഗോൾ അടിച്ചുകൂട്ടിയപ്പോൾ ബെൻസേമ ഡബിൾ നേടി. എസ്റ്റോണിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ബെൽജിയം ഖത്തർ ടിക്കറ്റ് ഉറപ്പിച്ചത്. ബെൻറ്റകേയും കറാസ്‌കോയും തോർഗൻ ഹസാർഡും ബെൽജിയത്തിനായി വലകുലുക്കി.
ആരോൺ റാംസിയുടെ ഇരട്ടഗോൾ കരുത്തിൽ ബെലാറസിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് മറികടന്ന വെയിൽസ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ഖത്തർ പ്രതീക്ഷ നിലനിർത്തി. ഒരു വിജയമകലെ യോഗ്യത ഉറപ്പായിരുന്ന നെതർലൻഡ്‌സിനെ മോൻടെനെഗ്രോ സമനിലയിൽ കുരുക്കി. ഡീപോയുടെ ഇരട്ട ഗോളിൽ മുന്നിൽ നിന്ന ശേഷമായിരുന്നു നെതർലൻഡ്‌സ് സമനില വഴങ്ങിയത്. ഗിൽ ബ്രാൾട്ടറിനെ തുർക്കി മറികടന്നതിനാൽ ഡച്ച് സംഘത്തിന് യോഗ്യതയ്ക്കായി ഇനിയും കാത്തിരിക്കണം.