എംബാപ്പെയുടെ ഫ്രഞ്ച് കിസ്സ; ഫ്രാൻസ് പ്രീക്വാര്‍ട്ടറില്‍
|ആന്‍ഡ്രിയാസ് ക്രിസ്റ്റന്‍സെന്‍ ആണ് ഡെന്മാര്ക്കിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്
ഗ്രൂപ്പ് ഡിയിലെ രണ്ടാം വിജയത്തോടെ ഫ്രാന്‍സ് ഖത്തര്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലേക്ക്. എംബാപ്പെയുടെ ഇരട്ട ഗോളാണ് ഫ്രാന്‍സിന് പ്രീക്വാര്‍ട്ടര്‍ പ്രവേശനം അനായാസമാക്കിയത്. കളിയുടെ ആദ്യ പകുതി സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ക്കാണ് സ്റ്റേഡിയം 974 സാക്ഷിയായത്. 61ആം മിനുറ്റിലും 86ആം മിനുറ്റിലുമായിരുന്നു എംബാപ്പെയുടെ ഗോള്‍. ആന്‍ഡ്രിയാസ് ക്രിസ്റ്റന്‍സെന്‍ ആണ് ഡെന്മാര്ക്കിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്. തുടക്കത്തില്‍ ആക്രമണ ഫുട്ബോളുമായി ഫ്രാന്‍സ് നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും നിരാശയായിരുന്നു ഫലം. നാലാം മിനുറ്റില്‍ ഡെന്മാര്ക്കിന്റെ ജോവാകിം മേല്‍ എടുത്ത ഫ്രീകിക്ക് ഫ്രാന്‍സ് താരം ഒലിവര്‍ ജിറൂദ് രക്ഷപ്പെടുത്തി. പത്താം മിനുറ്റിലെ ജിറൂദിന്റെ മികച്ചൊരു ശ്രമവും ലക്ഷ്യം കണ്ടില്ല.
ഫ്രാൻസ് 4-2-3-1 ഫോർമാറ്റിലും ഡെന്മാർക്ക് 3-4-2-1 ഫോർമാറ്റിലുമാണ് ടീം ഒരുക്കിയിരുന്നത്. മത്സരത്തിൽ 22ാം മിനുട്ടിൽ റാബിയോട്ടിന്റെ തകർപ്പൻ ഹെഡ്ഡർ ഡെന്മാർക്ക് ഗോളി കാസ്പർ ഷിമേൽ കുത്തിയകറ്റി. ഗ്രീസ്മാനെടുത്ത ഫ്രീകിക്ക് ഡെംബാലയിലൂടെ റാബിയേട്ടിന് ലഭിക്കുകയായിരുന്നു. മത്സരത്തിന്റെ 20 മിനുട്ടിൽ ആൻഡ്രിയസ് ക്രിസ്റ്റിയൻസനിന് മഞ്ഞക്കാർഡ് കാണേണ്ടിവന്നു. എംബാപ്പെയെ ഫൗൾ ചെയ്തതിനായിരുന്നു നടപടി. ജിറൂദിനെ ഫൗൾ ചെയ്തതിന് 23ആം മിനുട്ടിൽ ആൻഡ്രിയസ് കോർണിലസും മഞ്ഞക്കാർഡ് നേരിടേണ്ടി വന്നു.
33ആം മിനുറ്റില്‍ ഗ്രീസ്മാന്റെ ഒരു ഷോട്ട് കാസ്പെര്‍ തടഞ്ഞു. 35ആം മിനുറ്റില്‍ ഡെന്മാര്ക്കിന്റെ കൗണ്ടർ ഷോട്ട് ഫ്രാന്‍സിനെ പ്രതിരോധത്തിലാക്കിയെങ്കിലും ലക്ഷ്യം കൊണ്ടില്ല. 40ആം മിനുറ്റില്‍ ഡെംബലെയുടെ പാസില്‍ എംബാപെക്ക് മികച്ചൊരു അവസരം ലഭിച്ചെങ്കിലും ഗോളാക്കാന്‍ സാധിച്ചില്ല.
61ആം മിനുറ്റില്‍ കിലിയന്‍ എംബാപെ ഫ്രാന്‍സിനായി ആദ്യ ഗോള്‍ നേടിയപ്പോള്‍ 68ആം മിനുറ്റില്‍ ഡെന്മാര്ക്കിന്റെ ആന്‍ഡ്രിയാസ് ക്രിസ്റ്റന്‍സെന്‍ മറുപടി ഗോള്‍ നല്കി. 86ആം മിനുറ്റില്‍ എംബാപെയിലൂടെ തന്നെ ഫ്രാന്‍സ് രണ്ടാം ഗോള്‍ സ്വന്തമാക്കി ആധിപത്യം സ്വന്തമാക്കി.
ടീം ലൈനപ്പ് നേരത്തെ പുറത്തുവിട്ടിരുന്നു.
ഫ്രാൻസ്:
ഹ്യുഗോ ലോറിസ്(ക്യാപ്റ്റൻ), റഫേൽ വരാനെ, ജൂലസ് കൗണ്ടെ, ഡായൗട്ട് ഉപമെകാനോ, തിയോ ഹെർണാണ്ടസ്, അന്റോണിയോ ഗ്രീസ്മാൻ, ഔറോലിയൻ തിക്കോമെനി, അഡ്രിയൻ റാബിയോട്ട്, ഒലിവർ ജെറൂദ്, കിലിയൻ എംബാപ്പെ, ഔസ്മാനെ ഡംബെലെ. കോച്ച് ദിദിയർ ഡെസ്ചാംപ്സ്.
ഡെന്മാർക്ക്:
കാസ്പർ ഷിമേൽ (ക്യാപ്റ്റൻ), ജോക്വിം ആൻഡേഴ്സൻ, വിക്ടർ നെൽസൺ, ആൻഡ്രിയാസ് ക്രിസ്റ്റിയൻസെൻ, ജോക്വിം മഹേലെ, ക്രിസ്റ്റിയൻ എറിക്സൺ, റാസ്മസ് ക്രിസ്റ്റിയൻസെൻ, പിയെറെ എമിൽ ഹോജ്ബെർജ്, മിക്കേൽ ഡാംസ്ഗാർഡ്, ആൻഡ്രേസ് കേർണെലിസ്, ജീസ്പർ ലിൻഡ്സ്ട്രോം. കോച്ച്: കാസ്പർ ളൂമൻറ്.
ഇരട്ട ഗോളുകളുമായി ജിറൂഡ് തിളങ്ങിയ ആദ്യ മത്സരത്തിൽ ഗ്രൂപ്പ് 'ഡി'യില്‍ ആസ്ട്രേലിയക്കെതിരെ തകർപ്പൻ ജയമാണ് ഫ്രാൻസ് സ്വന്തമാക്കിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന്റെ വിജയം. ജിറൂഡിന് പുറമെ, അഡ്രിയൻ റാബിയറ്റ്, കിലിയൻ എംബാപ്പെ എന്നിവരാണ് ഫ്രാൻസിനായി ഗോളുകൾ നേടിയത്. ആദ്യം ഗോൾ നേടി ആസ്ട്രേലിയ ഞെട്ടിച്ചെങ്കിലും പിന്നീടങ്ങോട്ട് ഫ്രാൻസ് കളം പിടിക്കുകയായിരുന്നു.
നവംബർ 22ന് നടന്ന ഗ്രൂപ്പ് ഡിയിലെ ഡെന്മാർക്കും ടുണീഷ്യയും തമ്മിലുള്ള മത്സരം സമനിലയായിരുന്നു. ഡെന്മാർക്ക് 3-5-2 ഫോർമാറ്റിലും ടുണീഷ്യ 3-4-3 ഫോർമാറ്റിലും കളിച്ച മത്സരത്തിൽ ഗോളൊന്നും പിറന്നില്ല.