ഒളിമ്പിക്സ് ഫുട്ബോൾ: ഫ്രഞ്ച് പഞ്ചിൽ അർജൻറീന പുറത്ത്
|പാരിസ്: സ്റ്റേഡിയത്തെ ചൂടുപിടിപ്പിച്ച ഒളിമ്പിക്സ് ഫുട്ബോൾ ക്വാർട്ടറിൽ പോരിൽ അർജൻറീനയെ വീഴ്ത്തി ഫ്രാൻസ് സെമിയിൽ. മത്സരത്തിെൻറ അഞ്ചാം മിനുറ്റിൽ ജീൻ ഫിലിപ്പ് മറ്റേറ്റയുടെ ഹെഡർ ഗോളിൽ മുന്നിലെത്തിയ ഫ്രഞ്ച് പടക്ക് തിരിച്ചടി നൽകാൻ നീലപ്പടക്കായില്ല. സെമിയിൽ ഈജിപ്താണ് ഫ്രാൻസിെൻറ എതിരാളികൾ.
മത്സരത്തിെൻറ 88ാം മിനുറ്റിൽ ഫ്രാൻസിനായി മൈക്കൽ ഒലിസ് രണ്ടാം ഗോൾ നേടിയെങ്കിലും വാർ പരിശോധനയിൽ നിഷേധിക്കുകയായിരുന്നു. മത്സരത്തിെൻറ ഫൈനൽ വിസിൽമുഴങ്ങിയതിന് പിന്നാലെ ഇരുടീമുകളുടെയും അംഗങ്ങളും കോച്ചിങ് സ്റ്റാഫും മൈതാനത്ത് ഏറ്റുമുട്ടി. ഫ്രഞ്ച് താരം എൻസോ മില്ലോട്ടിെൻറ ആഘോഷം അർജൻറീന താരങ്ങളെ ക്ഷുഭിതരാക്കിയെന്നാണ് വിവരം. മത്സരത്തിൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ട മില്ലോട്ടിന് റെഡ് കാർഡ് ലഭിച്ചതോടെ സെമിയിൽ താരത്തിന് കളത്തിലിറങ്ങാനാകില്ല.
മത്സരത്തിന് വിസിലുയർന്നത് മുതൽ ഫ്രഞ്ച് കാണികൾ അർജൻറീന താരങ്ങളെ കൂവിവിളിച്ചിരുന്നു. ഖത്തർ ലോകകപ്പ് ഫൈനലിൽ ഉടലെടുത്ത ഫ്രാൻസ്-അർജൻറീന ഫുട്ബോൾ വൈരം പുതിയ ഉയരങ്ങളിലെത്തുന്നതാണ് ഒളിമ്പിക്സ് സ്റ്റേഡിയങ്ങൾ കണ്ടത്.
മറ്റുക്വാർട്ടർ ഫൈനലുകളിൽ പരഗ്വായെ ഈജിപ്ത് ഷൂട്ടൗട്ടിലാണ് മറികടന്നത്. ജപ്പാനെ എതിരില്ലാത്ത മൂന്നുഗോളിന് തോൽപ്പിച്ച സ്പെയിനും യു.എസിനെ എതിരില്ലാത്ത നാലുഗോളിന് തോൽപ്പിച്ച മൊറോക്കോയും തമ്മിലാണ് രണ്ടാം സെമിയിൽ ഏറ്റുമുട്ടുക.