Football
ഗ്രീസ്മാന്റെത് ഓഫ്‌സൈഡല്ല, ഗോൾ: ഫിഫക്ക് പരാതിയുമായി ഫ്രാൻസ്‌
Football

ഗ്രീസ്മാന്റെത് ഓഫ്‌സൈഡല്ല, ഗോൾ: ഫിഫക്ക് പരാതിയുമായി ഫ്രാൻസ്‌

Web Desk
|
1 Dec 2022 7:04 AM GMT

അവസാന വിസിലിന് സെക്കൻഡുകൾ ബാക്കിനിൽക്കെയാണ് ഗ്രീസ്മാൻ ഗോൾ മടക്കിയത്

ദോഹ: ലോകചാമ്പ്യന്മാരായ ഫ്രാൻസിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു ടുണീഷ്യയുടെ വിജയം. 58ാം മിനുറ്റിൽ വാബി കാസ്രി നേടിയ ടുണീഷ്യയുടെ ഗോളിന് ഫ്രാൻസിന് മറുപടി ഇല്ലായിരുന്നു. മത്സരത്തില്‍ ഫ്രാന്‍സും ടുണീഷ്യന്‍ വലയില്‍ പന്ത് എത്തിച്ചിരുന്നുവെങ്കിലും ഓഫ്സൈഡ് കെണിയില്‍ വീഴുകയായിരുന്നു. ഗ്രീസ്മാന്റെതായിരുന്നു ഓഫ്സൈഡ് ഗോള്‍. ഇപ്പോഴിതാ ഫ്രാന്‍സ് പരാതിയുമായി എത്തിയിരിക്കുന്നു.

അവസാന വിസിലിന് സെക്കൻഡുകൾ ബാക്കിനിൽക്കെയാണ് ഗ്രീസ്മാൻ ഗോൾ മടക്കിയത്. എന്നാല്‍ വാര്‍ പരിശോധയില്‍ ഓഫ് സൈഡ് വില്ലനായതോടെ ഗോള്‍ പിന്‍വലിക്കുകയായിരുന്നു. തീരുമാനം ശരിയല്ലെന്നും ആ ഗോൾ റഫറി നിഷേധിച്ചത് അംഗീകരിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഫ്രാൻസ് ഫിഫയെ സമീപിച്ചത്. റഫറിയുടെ തീരുമാനം പിൻവലിച്ച് ടീമിന് ഗോൾ അനുവദിക്കണമെന്നാണ് ആവശ്യം.

സഹതാരത്തില്‍ നിന്ന് ക്രോസ് വരുമ്പോ ഓഫ്സൈഡ് പൊസിഷനിലായിരുന്ന ഗ്രീസ്മാന്റെ സാന്നിധ്യം തുനീഷ്യൻ പ്രതിരോധത്തിന്റെ ശ്രദ്ധ തെറ്റിച്ചെന്നും അതിനാൽ നിയമപ്രകാരം ഓഫ്സൈഡാണെന്നുമാണ് റഫറിയുടെ തീർപ്പ്. എന്നാൽ, ഗ്രീസ്മാൻ പന്തിനായി ഒരു ശ്രമവും നടത്തിയില്ലെന്നും ടുണീഷ്യൻ പ്രതിരോധ നിരതാരം ക്ലിയർ ചെയ്തത് കാലിലെടുത്താണ് താരം ഗോളാക്കിയതെന്നും ഫ്രാൻസും പറയുന്നു.

2014ന് ശേഷം ആദ്യമായാണ് ഫ്രാന്‍സ് ലോകകപ്പില്‍ തോല്‍വി അറിയുന്നത്. 2014ല്‍ ജര്‍മനിയോട് 1-0ന് തോറ്റതായിരുന്നു അവസാനത്തേത്. അതേസമയം ജയം ടുണീഷ്യക്കും നോക്കൗട്ട് പ്രവേശനം സാധ്യമാക്കിയില്ല. ഇതേ ഗ്രൂപിൽ തൊട്ടുമുമ്പിലുണ്ടായിരുന്ന ആസ്ട്രേലിയയാണ് രണ്ടു ജയവുമായി പോയിന്റ് പട്ടികയിൽ രണ്ടാമന്മാരായി പ്രീക്വാർട്ടർ ഉറപ്പിച്ചത്.

Similar Posts