ഹെർണാണ്ടസടിച്ചത് ലോകകപ്പ് സെമിയിലെ വേഗതയേറിയ രണ്ടാം ഗോൾ
|1958ൽ ഫ്രാൻസിനെതിരെയുള്ള സെമിയുടെ രണ്ടാം മിനുട്ടിൽ ബ്രസീലിനായി വാവ നേടിയ ഗോളാണ് ഏറ്റവും വേഗതയേറിയത്
ദോഹ: ഖത്തർ ലോകകപ്പിലെ സെമിഫൈനലിന്റെ നാലു മിനുട്ട് 39 സെക്കൻഡിൽ മൊറോക്കൻ കോട്ട പിളർത്തി ഫ്രഞ്ച് പ്രതിരോധ താരം തിയോ ഹെർണാണ്ടസടിച്ചത് വേഗതയേറിയ രണ്ടാം ഗോൾ. 1958ൽ ഫ്രാൻസിനെതിരെയുള്ള സെമിയുടെ രണ്ടാം മിനുട്ടിൽ ബ്രസീലിനായി വാവ നേടിയ ഗോളാണ് ഏറ്റവും വേഗതയേറിയത്. അന്ന് 5-2ന് ബ്രസീലാണ് വിജയിച്ചത്.
ഇന്നത്തെ സെമി ഫൈനൽ മത്സരം തുടങ്ങി മിനുട്ടുകൾക്കകമാണ് പ്രതിരോധ താരം തിയോ ഹെർണാണ്ടസ് ഇതുവരെ ഗോൾ വഴങ്ങാത്ത മൊറോക്കൻ പ്രതിരോധത്തെ കീഴ്പ്പെടുത്തിയത്. അൽയാമിഖിനെ മറികടന്ന് ഗ്രീസ്മാൻ നൽകിയ പന്ത് എംബാപ്പെ ഗോൾപോസ്റ്റിലേക്ക് രണ്ടു അടിച്ചുവെങ്കിലും തടയപ്പെട്ടു. എന്നാൽ തിരിച്ചുവന്ന പന്ത് സ്വീകരിച്ച് ഹെർണാണണ്ടസ് തൊടുത്ത അക്രോബാറ്റിക് ഷോട്ട് ബൂനോയെ കീഴപ്പെടുത്തി വലയിൽ കയറുകയായിരുന്നു. ഇതോടെ സുപ്രധാന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഫ്രാൻസ് മുന്നിട്ടു നിൽക്കുകയാണ്. എന്നാൽ നിരന്തരം ആക്രമണം നടത്തി ഫ്രാൻസിനെ വിറപ്പിക്കുകയാണ് മൊറോക്കോ. 52ാം മിനുട്ടിലടക്കം പല അവസരങ്ങളും ടീമിന് ലഭിച്ചെങ്കിലും കനത്ത പ്രതിരോധപൂട്ടിൽ കുരുങ്ങി ലക്ഷ്യം കാണാതെ പോയി.
15ാം മിനുട്ടിൽ മൊറോക്കോ കൗണ്ടർ അറ്റാക്കുമായി മുന്നേറിയെങ്കിലും സിയെച്ചിന്റെ ഷോട്ട് ഗോൾ കിക്കായി ഒടുങ്ങി. ഈ നീക്കം അവസാനിച്ചയുടൻ ഫ്രാൻസ് നടത്തിയ നീക്കത്തിനൊടുവിൽ ജിറൗദിന്റെ ഷോട്ട് മൊറോക്കൻ പോസ്റ്റിൽ തട്ടി പുറത്ത്പോയി.
അതിനിടെ, മത്സരത്തിന്റെ 20ാം മിനുട്ടിൽ മൊറോക്കോ റൊമൈൻ സായിസിനെ തിരിച്ചുവിളിച്ചു. സാലിം അമല്ലാഹാണ് പകരമിറങ്ങിയത്. മത്സരത്തിന് മുമ്പേ താരം കളിക്കുന്നത് സംശയത്തിലായിരുന്നു. 35ാം മിനുട്ടിൽ ആദ്യം എംബാപ്പെയും പിന്നീട് ജിറൗദും മികച്ച ഗോളവസരങ്ങൾ പാഴാക്കി. എംബാപ്പെയെ ഹകീമി തടയുകയായിരുന്നുവെങ്കിൽ ജിറൗദ് പോസ്റ്റിന് പുറത്തേക്കാണ് അടിച്ചത്.
43ാം മിനുട്ടിൽ മൊറോക്കോക്ക് ലഭിച്ച ആദ്യ കോർണറിൽ ഗോളായെന്ന് ഉറച്ച മട്ടിലൊരു ഷോട്ട് പിറന്നു. ഹകീമിയെടുത്ത കിക്കിൽ നിന്ന് യാമിഖ് കിടിലൻ അക്രോബാറ്റിക് ഷോട്ട് തൊടുത്തുവെങ്കിലും പോസ്റ്റിൽ തട്ടി മടങ്ങി. പന്ത് വീണ്ടും മൊറോക്കൻ താരങ്ങളുടെ കാലിലെത്തി. പക്ഷേ ഒടുവിൽ ഷോട്ടെടുത്ത ബൗഫലിനും ലക്ഷ്യത്തിലെത്തിക്കാനായില്ല. വീണ്ടും ഒരു കോർണർ കൂടി മൊറോക്കൻ ടീമിന് ലഭിച്ചെങ്കിലും ലോറിസിന്റെ കൈകളിലൊതുങ്ങി.
അൽബയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഫ്രാൻസ് 4-2-3-1 ഫോർമാറ്റിലും മൊറോക്കോ 5-4-1 ഫോർമാറ്റിലുമാണ് ടീമിനെ ഇറക്കിയിരിക്കുന്നത്. ഫ്രഞ്ച് ടീമിൽ രണ്ടു മാറ്റങ്ങളാണുള്ളത്. കൊനാട്ടയും ഫെഫാനയും ആദ്യ ഇലവനിലെത്തി. ഫ്രാൻസിന്റെ അഡ്രിയാൻ റാബിയോട്ട ഇന്നത്തെ ആദ്യ ഇലവനിലോ പകരക്കാരുടെ പട്ടികയിലോയില്ല. മൊറോക്കൻ പ്രതിരോധ താരം നായിഫ് അഗ്വേർഡ് ആദ്യ ഇലവനിൽ ഇടംപിടിച്ചു.
ഫ്രാൻസ് ലൈനപ്പ്
ലോറിസ്, കൗണ്ടെ, വരാണെ, കൊനാട്ട, ഹെർണാണ്ടസ്, ഗ്രീസ്മാൻ, ഷുവാമെനി, ഫൊഫാന, ഡംബലെ, എംബാപ്പെ, ജിറൗദ്. കോച്ച്: ദെഷാംപ്സ്.
മൊറോക്കോ ലൈനപ്പ്
ബോനോ, ഹകീമി, അഗ്വേർഡ്, സായ്സ്, മസ്റൂഇ, ഔനാഹി, അംറബാത്, അൽ യാമിഖ്, സിയെച്ച്, അന്നസൈരി, ബൗഫാൽ. കോച്ച്: വലീദ് റെഗ്രാഗി
മത്സരത്തിലെ വിജയികളെയാണ് ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലിൽ അർജൻറീനക്ക് നേരിടേണ്ടി വരിക. ഇതുവരെ ഒരു മത്സരത്തിലും മൊറോക്കോയോട് ഫ്രാൻസ് തോറ്റിട്ടില്ല. അഞ്ചുവട്ടം ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഫ്രാൻസ് മൂന്നുവട്ടം വിജയിച്ചു. രണ്ടുവട്ടം സമനിലയിലുമായി. ഏറ്റവും സമീപകാലത്ത് ഇരുടീമുകളും ഏറ്റുമുട്ടിയത് 2007 നവംബറിലാണ്. സെയ്ൻറ് ഡെനിസിൽ നടന്ന മത്സരം 2-2 സമനിലയിലാണ് അവസാനിച്ചത്.
French defender Theo Hernandez scored a quick goal after breaking through the Moroccan fort