Football
FulhamvsChelsea, JoaoFelix, redcard
Football

അരങ്ങേറ്റത്തിൽ തന്നെ ചുവപ്പുകാർഡ് കണ്ട് ഫെലിക്‌സ്; ഫുൾഹാമിനോടും തോറ്റ് ചെൽസി

Web Desk
|
13 Jan 2023 3:53 AM GMT

ഫെലിക്‌സ് റെഡ് കാർഡ് കണ്ട് പുറത്തായതോടെ പത്തുപേരായി ചുരുങ്ങിയ നീലപ്പടയ്ക്ക് ശനിദശ തിരുത്താനുമായില്ല

ലണ്ടൻ: പ്രീമിയർ ലീഗിൽ സീസണിലെ മോശം പ്രകടനം തുടർന്ന് ചെൽസി. ഫുൽഹാമിനെതിരെ അവരുടെ ഹോംഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനാണ് നീലപ്പട തകർന്നത്. അത്‌ലെറ്റിക്കോ മാഡ്രിഡിൽനിന്ന് ചെൽസിയിലെത്തിയ മുന്നേറ്റനിര താരം ജുവാവു ഫെലിക്‌സ് അരങ്ങേറ്റ മത്സരത്തിൽ തന്നെ ചുവപ്പുകാർഡ് കണ്ടു പുറത്താകുകയും ചെയ്തു.

58-ാം മിനിറ്റിൽ ഫുൾഹാം താരം കെന്നി ടെറ്റെയെ അപകടകരമാം വിധത്തിൽ ഫൗൾ ചെയ്തതിനാണ് ഫെലിക്‌സിന് റഫറി ചുവപ്പ് കാർഡ് നൽകിയത്. ഇതോടെ പത്തുപേരായി ചുരുങ്ങിയ ചെൽസിക്ക് വിജയം തിരിച്ചുപിടിക്കാനുമായില്ല. അവസാനത്തെ പത്തു മത്സരങ്ങളിൽ ഇത് ഏഴാം തോൽവിയാണ് ഗ്രഹാം പോട്ടറിന്റെ സംഘത്തിന്റേത്. പ്രീമിയർ ലീഗിൽ അഞ്ചാം തോൽവിയും. പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് നീലപ്പട.

16 വർഷത്തെ ഇടവേളയ്ക്കുശേഷം ചെൽസിയെ തകർത്ത ഫുൾഹാം തുടർച്ചയായ നാലാം ജയത്തോടെ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്തേക്ക് മുന്നേറുകയും ചെയ്തു. കഴിഞ്ഞ രണ്ട് സീസണിലും 28ഉം 26ഉം പോയിന്റ് മാത്രം നേടാനായ ഫുൾഹാം ഇത്തവണ 18 മത്സരങ്ങളിൽനിന്ന് ഇതിനകം തന്നെ 31 പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്. 60 വർഷത്തെ ചരിത്രത്തിലാദ്യമായി മുൻനിര ടൂർണമെന്റിൽ തുടർച്ചയായി നാല് ജയം സ്വന്തമാക്കി കുതിപ്പ് തുടരുകയാണ് മാർക്കോ സിൽവയുടെ സംഘം. സൂപ്പർ താരം അലെക്‌സാണ്ടർ മിത്രോവിച്ചില്ലാതെയായിരുന്നു ചെൽസിക്കെതിരെ മിന്നും ജയം സ്വന്തമാക്കിയതെന്നതാണ് ശ്രദ്ധേയമായ കാര്യം. പകരക്കാരനായി എത്തിയ കാർലോസ് വിനിഷ്യസ് വിജയഗോൾ കുറിക്കുകയും ചെയ്തു.


മുൻ ചെൽസി വിങ്ങർ വില്യൻ ആണ് മത്സരത്തിലെ ആദ്യ ഗോൾ കണ്ടെത്തിയത്. ബോക്‌സിന് ഏതാനും വാരയകലെനിന്ന് വില്യൻ ഗോൾവലയിലേക്ക് തൊടുത്ത ഉഗ്രൻഷോട്ടിനു മുന്നിൽ ചെൽസി പ്രതിരോധത്തിനും ഗോൾകീപ്പർ കെപ്പയ്ക്കും നിസ്സഹായരായി നിൽക്കാനേ ആയുള്ളൂ. രണ്ടാം പകുതിക്കുശേഷം മത്സരത്തിലേക്ക് തിരിച്ചുവരാനായി പൊരുതിയ ചെൽസിക്കുമുന്നിൽ 47-ാം മിനിറ്റിൽ ഫ്രീകിക്ക് അവസരം വഴിതുറന്നു. പോസ്റ്റിലേക്ക് മേസൻ മൗണ്ട് തൊടുത്ത ഫ്രീകിക്ക് ഷോട്ട് ബാറിൽ തട്ടിയെങ്കിലും റീബൗണ്ടായി വന്ന പന്ത് കൃത്യസമയത്ത് കാലിദോ കൗലിബാലി വലയിലാക്കി. ഫുൾഹാം കീപ്പർ ലെനോ കൈയിലൊതുക്കിയെങ്കിലും പന്ത് ലൈൻ കടന്നിരുന്നു.

73-ാം മിനിറ്റിൽ വലതുവിങ്ങിൽനിന്ന് പെരേര ഉയർത്തിനൽകിയ ക്രോസ് വിനിഷ്യസ് കൃത്യമായി ചെൽസി വലയിലേക്ക് കുത്തിയിട്ടു. ഫുൾഹാം-2, ചെൽസി-1. പിന്നീടങ്ങോട്ട് ഗോൾ മടക്കാൻ ചെൽസിക്കായില്ല.

Summary: Fulham beat Chelsea after Joao Felix sent off on red card on his Blues debut

Similar Posts