ഈസ്റ്റ് ബംഗാളിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയേക്കും; വലിയ സൂചന നല്‍കി ഗാംഗുലി
|നിക്ഷേപകരായാണോ മാഞ്ചസ്റ്റർ എത്തുക എന്ന ചോദ്യത്തിന് അല്ല ഉടമകളായി തന്നെ വരുമെന്നാണ് ഗാംഗുലി മറുപടി പറഞ്ഞത്
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ത്യയിലേക്ക് എത്തുന്നതിന്‍റെ സൂചനകൾ നൽകി ബി.സി.സി.ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഐ.എസ്‍.എല്‍ ക്ലബ്ബായ ഈസ്‌ററ് ബംഗാളിനെ മാഞ്ചസ്റ്റർ ഏറ്റെടുക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഐ ലീഗ് വിട്ട് ഐഎസ്എല്ലിൽ എത്തിയ ഈസ്റ്റ് ബംഗാൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഈ സാഹചര്യത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
യൂറോപ്പിലെ ഒരു പ്രമുഖ ഫുട്ബോൾ ക്ലബുമായി ചർച്ച നടക്കുന്നുണ്ടെന്നും രണ്ടാഴ്ചക്കുള്ളില്‍ കാര്യങ്ങൾക്ക് വ്യക്തത വരുമെന്നും ഗാംഗുലി പറഞ്ഞു. അതേ സമയം നിക്ഷേപകരായാണോ മാഞ്ചസ്റ്റർ എത്തുക എന്ന ചോദ്യത്തിന് അല്ല ഉടമകളായി തന്നെ വരുമെന്നാണ് ഗാംഗുലി മറുപടി പറഞ്ഞത്.
ഈസ്റ്റ് ബംഗാള്‍ സ്പോണ്‍സര്‍മാരായിരുന്ന ശ്രീ സിമന്‍റ്സ് കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളുമായുള്ള കരാർ അവസാനിപ്പിച്ചിരുന്നു. ഇതോടെ പുതിയ നിക്ഷേപകരെ തേടുകയാണ് ഈസ്റ്റ് ബംഗാൾ.ബംഗ്ലാദേശിലെ പ്രശസ്തരായ ബഷുന്ധര ഗ്രൂപ്പ് ഈസ്റ്റ് ബംഗാൾ നേതൃത്വത്തിലേക്ക് വരുമെന്ന സൂചനകൾ ശക്തമായിരുന്നു. ഇതിനിടെയാണ് മാഞസ്റ്റർ യുണൈറ്റഡ് ഈസ്റ്റ് ബംഗാളിനായി രംഗത്തുണ്ടെന്ന വാർത്തകൾ പുറത്തു വന്നത്. ഗാംഗുലിയാണ് ഇതിന് ചുക്കാൻ പിടിക്കുന്നത് എന്നും വാർത്തകൾ പുറത്തു വന്നിരുന്നു. ഇതാണിപ്പോൾ ഗാംഗുലി സ്ഥിരീകരിച്ചത്