ബാഴ്സയിലെ സാഹചര്യങ്ങള്‍ മാറി, എല്‍ ക്ലാസിക്കോ റയലിന് എളുപ്പമാവില്ല: ജെറാഡ് പിക്വെ
|സ്പാനിഷ് സൂപ്പർ കപ്പ് സെമിയിൽ നാളെ എൽക്ലാസിക്കോ പോരാട്ടം
സ്പാനിഷ് സൂപ്പർ കപ്പ് സെമിയിൽ നാളെ എൽക്ലാസിക്കോ പോരാട്ടം നടക്കാനിരിക്കെ റയൽ മാഡ്രിഡിന് ബാർസലോണ ഡിഫന്റർ ജെറാഡ് പിക്വെയുടെ മുന്നറിയിപ്പ്. ബാഴ്സലോണയിലെ സാഹചര്യങ്ങള്‍ മാറിയെന്നും എൽക്ലാസിക്കോ റയലിന് എളുപ്പമാവില്ലെന്നും പിക്വെ പറഞ്ഞു.
"സൂപ്പര്‍ കപ്പില്‍ നാളത്തെ മത്സരം ജയിച്ചാലെ ഞങ്ങൾക്ക് ഫൈനലിൽ എത്താനാവൂ. ബാഴ്സയുടെ കളിയും സാഹചര്യങ്ങളും മാറി. ടീം ഏറെ മെച്ചപ്പെട്ടു കഴിഞ്ഞു. സെമി ഫൈനൽ എൽക്ലാസിക്കോ പോരാട്ടമായതിനാൽ തന്നെ വാശിയേറിയ മത്സരമാവും നടക്കുക. സെമി റയൽ മാഡ്രിഡിന് അത്ര എളുപ്പമാവില്ല""- പിക്വെ പറഞ്ഞു. റയൽ മികച്ച ടീമാണെന്നും റയലിനെ ഒരിക്കലും വിലകുറച്ചു കാണാനാവില്ലെന്നും പിക്വെ കൂട്ടിച്ചേർത്തു.
സീസണിലെ രണ്ടാമത്തെ എൽക്ലാസിക്കോ മത്സരമാണ് നാളെ നടക്കാനിരിക്കുന്നത്. മുമ്പ് ലാലീഗയിലാണ് ഇരുവരും ഏറ്റുമുട്ടിയത്. ആ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് റയൽ ബാഴ്സയെ തകർത്തിരുന്നു. ലാ ലീഗയിൽ തകർപ്പൻ ഫോം തുടരുന്ന റയൽ 49 പോയിന്റുമായി ഇപ്പോഴും ഒന്നാം സ്ഥാനത്താണ്. 32 പോയിന്റുള്ള ബാഴ്സ ആറാം സ്ഥാനത്താണ്. നാളെ രാത്രി സൗദി അറേബ്യയിലെ റിയാദിൽ വച്ചാണ് എൽക്ലാസിക്കോ പോരാട്ടം നടക്കുക.