Football
തോൽവിക്ക് കാരണം കാമുകിമാരും ഭാര്യമാരും; ജർമൻ താരങ്ങൾക്കെതിരെ തുറന്നടിച്ച് അസോസിയേഷന്‍
Football

തോൽവിക്ക് കാരണം കാമുകിമാരും ഭാര്യമാരും; ജർമൻ താരങ്ങൾക്കെതിരെ തുറന്നടിച്ച് അസോസിയേഷന്‍

Web Desk
|
10 Dec 2022 9:25 AM GMT

തോൽവിക്ക് പിന്നാലെ ചേർന്ന മാനേജ്‌മെന്റ് യോഗത്തിലായിരുന്നു വിമർശനം

ബെർലിൻ: ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന് പിന്നാലെ കളിക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി ജർമൻ ഫുട്‌ബോൾ അസോസിയേഷൻ. കോസ്റ്റാറിക്കയ്‌ക്കെതിരെയുള്ള നിർണായക മത്സരത്തിന് മുമ്പ് കളിക്കാർ പങ്കാളികൾക്കൊപ്പം അവധി മൂഡിലായിരുന്നുവെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി. തോൽവിക്ക് പിന്നാലെ ചേർന്ന മാനേജ്‌മെന്റ് യോഗത്തിലായിരുന്നു വിമർശനമെന്ന് ജർമൻ വാർത്താ വെബ്‌സൈറ്റ് ബിൽഡ് റിപ്പോർട്ടു ചെയ്തു.

ജർമൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡണ്ട് ബെർൻഡ് ന്യൂൻഡ്രോഫ്, വൈസ് പ്രസിഡണ്ട് ഹാൻസ് ജോകിം വാട്‌കെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ടീം താമസിച്ച ഹോട്ടലിൽ പങ്കാളികളെ അനുവദിക്കാത്തതിൽ ചില കളിക്കാർക്ക് അതൃപ്തിയുണ്ടായിരുന്നതായി ബിൽഡ് പറയുന്നു. കോസ്റ്റാറിക്കയ്‌ക്കെതിരെയുള്ള മത്സരത്തിന് മുമ്പ് ചിലർ പങ്കാളികളെ ഹോട്ടലിലേക്ക് വിളിച്ചു. ക്യാംപിൽ ചിലർ അവധിക്കാല മൂഡിലായിരുന്നു- റിപ്പോർട്ട് ആരോപിച്ചു. വിഷയത്തിൽ കോച്ച് ഹാൻസി ഫ്‌ളിക് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ലോകകപ്പിൽ സ്‌പെയിൻ, ജപ്പാൻ, കോസ്റ്റാറിക്ക എന്നിവർ അടങ്ങുന്ന ഗ്രൂപ്പ് ഇയിലായിരുന്നു ജർമനി. അവസാന മത്സരത്തിൽ കോസ്റ്റാറിക്കയെ തോൽപ്പിച്ചെങ്കിലും ജപ്പാൻ സ്‌പെയിനിനെ അട്ടിമറിച്ചതോടെ മുമ്പോട്ടുള്ള പോക്ക് അസാധ്യമാകുകയായിരുന്നു. ഗ്രൂപ്പിൽ ചാമ്പ്യന്മാരായി ജപ്പാനും രണ്ടാം സ്ഥാനക്കാരായി സ്‌പെയിനുമാണ് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്.

അതിനിടെ, ടീമിന്റെ മോശം പ്രകടനത്തിന് ശേഷവും കോച്ച് ഹാൻസി ഫ്‌ളിക്കിന് ജർമനി കാലാവധി നീട്ടി നൽകി. ഇതോടെ സ്വന്തം നാട്ടിൽ നടക്കുന്ന അടുത്ത യൂറോ കപ്പിൽ ഫ്‌ളിക് തന്നെയാകും ജർമനിക്ക് തന്ത്രങ്ങളാവിഷ്‌കരിക്കുക. 2021ൽ ജാക്കിം ലോയിൽ നിന്നാണ് 57കാരൻ പരിശീലകപദവി ഏറ്റെടുത്തത്.

Summary: German football chiefs have blamed the 'holiday feeling' around their 'secluded' resort in Qatar for their World Cup elimination reports Bild

Similar Posts