കരുതിയിരിക്കുക... ഇത് ജർമനിയുടെ മെസി
|ജർമൻ മുൻ ക്യാപ്റ്റൻ ലോതർ മത്തേവൂസ് മുസിയാലയെ മെസിയോടാണ് താരതമ്യം ചെയ്യുന്നത്
ദോഹ: ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിന് ജർമനി ഇറങ്ങുമ്പോൾ ഫ്ളിക്കിന്റെ സംഘത്തിലെ യുവതാരങ്ങളിലേക്കാണ് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ. ഇതിൽ 19കാരനായ ജമാൽ മുസിയാലയാണ് പ്രധാനി. ജപ്പാനെതിരെ ജർമനി ഇന്ന് കളത്തിലിറങ്ങുമ്പോൾ 2014ലെ ലോക ചാമ്പ്യന്മാരുടെ ആക്രമണത്തിന് ചുക്കാൻ പിടിക്കുന്നത് മുസിയാല ആയിരിക്കുമെന്നാണ് പ്രതീക്ഷ. സെൻട്രൽ മിഡ് ഫീൽഡിലും മുന്നേറ്റ നിരയിലും കളിക്കുന്ന മുസിയാല ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിനായി ഓഗസ്റ്റ് മുതൽ സ്കോർ ചെയ്തത് ഒമ്പത് ഗോളുകളാണ്. ആറ് അസിസ്റ്റും.
ജർമൻ മുൻ ക്യാപ്റ്റൻ ലോതർ മത്തേവൂസ് മുസിയാലയെ മെസിയോടാണ് താരതമ്യം ചെയ്യുന്നത്. മുസിയാല ഫീൽഡിലായിരിക്കുമ്പോൾ, മൂന്ന് വർഷം മുൻപേയുള്ള മെസിയെ പോലെയാണ്. മുസിയാലയിൽ എല്ലാമുണ്ട്. വേഗം, മികച്ച ഡ്രിബ്ലിങ്ങുകൾ, അവസാന നിമിഷത്തിലെ പാസുകൾ, സ്കോർ ചെയ്യുന്നതിലെ മികവ്. പന്ത് കിട്ടിയാൽ മുസിയാല എപ്പോഴും മുൻപോട്ട് തന്നെ പോകുന്നു, ലോതർ മത്തേവൂസ് പറയുന്നു. ഭാവിയിൽ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാവും മുസിയാല എന്നും ലോതർ മത്തേവൂസ് പറയുന്നു. ജർമൻ ലീഗിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ ഇൻവോൾമെന്റുകൾ മുസിയാലയുടെ പേരിലാണ്.
20 വയസ് പിന്നിട്ടിട്ടില്ലാത്ത മുസിയാല ബയേണിനായി 100 മത്സരങ്ങൾ എന്ന നേട്ടവും പിന്നിട്ട് കഴിഞ്ഞു. ജർമനിയുടെ പുതുതലമുറയിൽ ഏറ്റവുമധികം ശോഭിക്കുന്നമെന്ന് പ്രതീക്ഷിക്കുന്ന താരവും മുസിയാലയാണ്. തന്റെ ആദ്യ ലോകകപ്പിൽ തന്നെ മുസിയാല മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.