12 വർഷം മുമ്പുള്ള കണക്ക് തീർക്കാൻ ഘാന ഇറങ്ങുന്നു; ജയിക്കാനുറച്ച് യുറുഗ്വേ
|ഖത്തറിൽ നേർക്കുനേർ വരുമ്പോൾ ടൂർണമെന്റിൽ ജീവൻ നിലനിർത്തുക എന്ന സമ്മർദമാണ് ഇരുടീമുകൾക്കുമുള്ളത്
ദോഹ: 2010 ലെ ലോകകപ്പിലെ ഘാന-യുറുഗ്വേ ക്വാർട്ടർ ഫൈനൽ മത്സരം ആരും മറന്നുകാണില്ല. 12 വർഷത്തിന് ശേഷം ലോകകപ്പ് വേദിയിൽ ഘാന യുറുഗ്വായെ നേരിടാനിറങ്ങുമ്പോൾ ആരാധകരും ആവേശത്തിലാണ്.
ഖത്തറിൽ നേർക്കുനേർ വരുമ്പോൾ ടൂർണമെന്റിൽ ജീവൻ നിലനിർത്തുക എന്ന സമ്മർദമാണ് ഇരുടീമുകൾക്കുമുള്ളത്. പോർച്ചുഗലിന് ദക്ഷിണ കൊറിയയെ തോൽപ്പിക്കാനായാൽ ഘാനയ്ക്ക് യുറുഗ്വായ്ക്ക് എതിരെ സമനില നേടിയാലും പ്രീക്വാർട്ടറിലേക്ക് കടക്കാം. യുറുഗ്വേയ്ക്ക് യോഗ്യത നേടണമെങ്കിൽ ഘാനയെ തോൽപ്പിക്കുകയും വേണം പോർച്ചുഗൽ ദക്ഷിണ കൊറിയക്കെതിരെ ജയിക്കുകയും വേണം.
2010 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ യുറുഗ്വേഗോൾപോസ്റ്റിലേക്ക് പോകുകയായിരുന്ന പന്ത് കൈകൊണ്ട് തടഞ്ഞിട്ട സുവാരസിന്റെ പ്രവൃത്തി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ലഭിച്ച പെനാൽറ്റി ഗോളാക്കാൻ സാധിക്കാതിരുന്ന ഘാന ദക്ഷിണാഫ്രിക്കൻ ലോകകപ്പിൽ നിന്ന് സെമി കാണാതെ പുറത്താവുകയും ചെയ്തിരുന്നു.
എന്നാൽ, അന്നത്തെ സംഭവത്തിൽ താൻ ക്ഷമ ചോദിക്കില്ലെന്ന് ഘാനയ്ക്കെതിരായ മത്സരത്തിന് മുൻപ് സുവാരസ് വ്യക്തമാക്കി. ഞാൻ കാരണം കളിക്കാരന് പരിക്കേറ്റിരുന്നെങ്കിൽ ഞാൻ ക്ഷമ ചോദിച്ചേനെ. എന്നാൽ ആ കളിക്കാരന് പെനാൽറ്റി നഷ്ടപ്പെടുകയാണ് ചെയ്തിരിക്കുന്നത്. അവരുടെ പെനാൽറ്റി വലയിലെത്തിക്കുക എന്റെ ഉത്തരവാദിത്വമല്ല എന്നും സുവാരസ് പറഞ്ഞു.