ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാണ് സഹൽ: പരിശീലകൻ മഹേഷ് ഗാവ്‌ലി
|പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന്റെ അഭാവത്തിൽ സഹപരിശീലകൻ മഹേഷ് ഗാവ്‌ലിയാണ് ഇന്ത്യയെ നിയന്ത്രിച്ചിരുന്നത്
ബംഗളൂരു: ഒമ്പതാം തവണയും സാഫ് കപ്പിൽ കിരീടം നേടിയതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യൻ ഫുട്‌ബോൾ ക്യാമ്പ്. പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന്റെ അഭാവത്തിൽ സഹപരിശീലകൻ മഹേഷ് ഗാവ്‌ലിയാണ് ഇന്ത്യയെ നിയന്ത്രിച്ചിരുന്നത്. ചൂടൻ പെരുമാറ്റത്തെത്തുടർന്നാണ് ഇഗോർ സ്റ്റിമാച്ചിന് ചുവപ്പ് കാർഡ് കാണേണ്ടി വന്നത്. പിന്നാലെ മത്സര വിലക്കും വന്നു.
അതിലൊന്നും പതറാതെ ധീരമായി തന്നെ ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു ഗാവ്‌ലി. ടീം എന്ന നിലയിൽ വളർന്നതും മികച്ച ഫിറ്റ്‌നസുമാണ് ഇന്ത്യയുടെ വിജയവഴി വെട്ടിയതെന്ന് പറയുകയാണ് ഗാവ്‌ലി. അതിൽ അദ്ദേഹം എടുത്തുപറഞ്ഞ പേരുകളായിരുന്നു മലയാളി താരം സഹൽ അബ്ദുൽ സമദും പ്രതിരോധ താരം സന്ദേശ് ജിങ്കാനും. കഴിവുള്ള കളിക്കാരനാണ് സഹലെന്നും അടുത്ത ഇന്ത്യയുടെ നായകനെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാനാകുമെന്നും മഹേഷ് ഗാവ്‌ലി പറഞ്ഞു.
സന്ദേശ് ജിങ്കാന്റെയും സഹലിന്റെയും പ്രയത്‌നത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. സഹലിന്റെ മനോഹര പാസിൽ നിന്നായിരുന്നു ചാങ്‌തെ ഗോൾ നേടിയത്. പരിശീലകൻ എന്ന നിലയിൽ ഏതാനും മത്സരങ്ങളിലെ ഗാവ്‌ലി ഇന്ത്യയുടെ ഭാഗമായുള്ളൂ. അതിൽ തന്നെ ആദ്യ കിരിടം നേടാനും ഗാവ്‌ലിക്കായി. കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ഗാവ്‌ലിയുടെ നേട്ടം. മത്സരത്തിൽ ആദ്യ ഗോൾ നേടിയത് കുവൈത്താണെങ്കിലും അതിലൊന്നും പതറാതെ മുന്നോട്ടുപോകാനാണ് കളിക്കാരോട് ഉപദേശിച്ചതെന്നും ഗാവ്‌ലി പറഞ്ഞു.
ആദ്യത്തെ പത്ത് മിനുറ്റ് ഒന്നും പരുങ്ങിയെങ്കിലും ടീമിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നുവെന്നും അതാണ് വിജയവഴിയിലേക്ക് എത്തിയതെന്നും ഗാവ്‌ലി കൂട്ടിച്ചേർത്തു. സെഡൻ ഡെത്തോളം എത്തിയ മത്സരത്തിലായിരുന്നു ഇന്ത്യയുടെ വിജയം. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനൽറ്റി ഷൂട്ടൗട്ടിലെത്തിയത്. അവിടെയും തുല്യത വന്നതോടെ സഡൻ ഡെത്തിലേക്ക്.