ഹക്കീം സിയേഷ് പി.എസ്.ജിയിലേക്ക്; അവസാന നിമിഷം അപ്രതീക്ഷിത നീക്കം
|ട്രാൻസ്ഫർ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഫ്രഞ്ച് ലീഗ് ചാംപ്യന്മാരുടെ സർപ്രൈസ് നീക്കം
പാരിസ്: ഖത്തർ ലോകകപ്പിലെ മൊറോക്കൻ സൂപ്പർ ഹീറോ ഹക്കീം സിയേഷിനെ ടീമിലെത്തിക്കാൻ പി.എസ്.ജിയുടെ അപ്രതീക്ഷിത നീക്കം. ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് താരത്തെ ചെൽസിയിൽനിന്ന് ലോണിൽ എത്തിക്കാൻ നീക്കം നടക്കുന്നത്. ഇക്കാര്യത്തിൽ ചർച്ചകൾ അവസാനഘട്ടത്തിലാണെന്നാണ് വിവരം.
സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, നെയ്മർ, കിലിയൻ എംബാപ്പെ എന്നിവരുടെ സാന്നിധ്യത്തിലും ആക്രമണനിര വേണ്ടത്ര ശക്തമല്ലെന്ന് പി.എസ്.ജി കോച്ച് ക്രിസ്റ്റഫ് ഗാൽറ്റിയർ സമ്മതിച്ചിരുന്നു. ഇതിന് ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയതാണ്. നീക്കത്തിന്റെ ഭാഗമായി നിരവധി വിങ്ങർമാരെ പി.എസ്.ജി ലക്ഷ്യമിട്ടിരുന്നെങ്കിലും ഇതുവരെ ആരെയും ടീമിലെത്തിക്കാനായിരുന്നില്ല.
ഇതിനിടെയാണ് ട്രാൻസ്ഫർ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് അവസാന നിമിഷം ഫ്രഞ്ച് ലീഗ് ചാംപ്യന്മാരുടെ സർപ്രൈസ് നീക്കം. സിയേഷുമായും ചെൽസിയുമായും പി.എസ്.ജി ചർച്ച തുടരുകയാണ്. താരത്തെ വാങ്ങാനുള്ള അവസരമില്ലാത്തതിനാൽ ലോണിൽ ടീമിലെത്തിക്കാനാണ് നീക്കം. പി.എസ്.ജി ക്ഷണം സിയേഷ് സ്വീകരിച്ചതായി ഫ്രഞ്ച് മാധ്യമം 'ലിക്വിപ്' റിപ്പോർട്ട് ചെയ്തു. കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ മൊറോക്കന്‍ സഹതാരം അഷ്റഫ് ഹക്കീമിക്കൊപ്പം ഒന്നിക്കാനുള്ള അവസരം കൂടിയാണ് സിയേഷിനു മുന്നില്‍ തുറക്കുന്നത്.
നേരത്തെ, സിയേഷിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബുകളായ എ.സി മിലാനും റോമയും നീക്കം നടത്തിയിരുന്നു. എന്നാൽ, ചെൽസിയിൽ തന്നെ തുടരാൻ താരം തീരുമാനിക്കുകയായിരുന്നു. ഇതിനു പിന്നാലെ മാഞ്ചസ്റ്റർ യുനൈറ്റഡും ന്യൂകാസിലും എവെർട്ടനും താരത്തെ ടീമിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. സിയേഷിനെ വിടാൻ ചെൽസി ഒരുക്കമായിരുന്നില്ല.
ചെൽസിക്കായി 98 മത്സരങ്ങളിൽ കളത്തിലിറങ്ങിയ ഹക്കീം സിയേഷ് 14 ഗോളാണ് സ്വന്തം പേരിലാക്കിയത്. ക്ലബുമായുള്ള കരാർ കാലാവധി രണ്ടര വർഷം കൂടി ബാക്കിയുണ്ട്.
Summary: PSG in talks to sign Hakim Ziyech from Chelsea on loan