Football
HakimZiyechtransfer, PSG, Chelsea
Football

മൂന്ന് തവണ ചെൽസി തെറ്റായ രേഖകൾ നൽകി, കരാർ വൈകിപ്പിച്ചു; സിയേഷിനെ നഷ്ടപ്പെട്ടത് അവസാനനിമിഷം- അതൃപ്തിയറിയിച്ച് പി.എസ്.ജി

Web Desk
|
2 Feb 2023 10:04 AM GMT

അവസാന മണിക്കൂറിലെ കരാറിനു പിന്നാലെ ഫ്രാന്‍സിലേക്ക് പറക്കാനുള്ള മെഡിക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു ഹകീം സിയേഷ്

പാരിസ്: മൊറോക്കൻ താരം ഹക്കീം സിയേഷിനെ ടീമിലെത്തിക്കാനുള്ള പി.എസ്.ജിയുടെ സർപ്രൈസ് നീക്കം തകർന്നത് ചെൽസിയുടെ പിഴ മൂലമെന്ന് റിപ്പോർട്ട്. ട്രാൻസ്ഫർ വിൻഡോ തീരുന്ന അവസാനദിനം താരത്തെ ലോണിൽ വാങ്ങാനുള്ള കരാറിൽ ഇരു ക്ലബുകളും ധാരണയായിരുന്നെങ്കിലും കൃത്യസമയത്തിനകം രേഖകൾ ഫ്രഞ്ച് ഫുട്‌ബോൾ ലീഗിനെത്തിക്കുന്ന കാര്യത്തിൽ ചെൽസി വീഴ്ചവരുത്തി. ഇതോടെ, സിയേഷിനെ ടീമിലെത്തിക്കാനുള്ള പി.എസ്.ജി നീക്കം പാളുകയായിരുന്നു.

മൂന്നു തവണ ചെൽസി തെറ്റായ രേഖകളാണ് ഫ്രഞ്ച് ഫുട്‌ബോൾ ലീഗ് അസോസിയേഷൻ ലിഗ് ഡി ഫുട്‌ബോൾ പ്രൊഫഷനലിന്(എൽ.എഫ്.പി) അയച്ചുകൊടുത്തത്. ഒടുവിൽ കൃത്യമായ രേഖകൾ എത്തുമ്പോഴേക്കും കാലാവധി അവസാനിച്ചിരുന്നു. ഇതോടെ കരാറിന് അംഗീകാരം നൽകാൻ എൽ.എഫ്.പി വിസമ്മതിക്കുകയായിരുന്നു.

സിയേഷിനെ ലോണിൽ പി.എസ്.ജിക്ക് കൈമാറാനുള്ള കരാറിന് ചെൽസി അംഗീകാരം നൽകിയിരുന്നു. തുടർന്ന് താരം മെഡിക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ, ട്രാൻസ്ഫർ കാലാവധി തീരുന്നദിനം ചെൽസി കരാർ രേഖകൾ കൃത്യസമയത്ത് എത്തിച്ചില്ല.

സംഭവത്തിൽ പി.എസ്.ജി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പല കാരണങ്ങളാൽ ടീം ലക്ഷ്യമിട്ട താരത്തെ സ്വന്തമാക്കാനായില്ലെന്നും ഇതിന്റെ ഉത്തരവാദിത്തം തങ്ങൾക്കല്ലെന്നും കോച്ച് ക്രിസ്‌റ്റോഫ് ഗാൽട്ടിയർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവതാരങ്ങളടക്കം വേണ്ടത്ര താരങ്ങൾ നമുക്കുണ്ട്. സീസണിന്റെ അടുത്ത ഘട്ടത്തിൽ യുവതാരങ്ങൾക്ക് കൂടുതൽ അവസരം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കരാർ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാകാത്തതിൽ ഹക്കീം സിയേഷ് കടുത്ത നിരാശയിലാണെന്ന് 'ദ ടെലഗ്രാഫ്' റിപ്പോർട്ട് ചെയ്തു. ചെൽസിയിൽ താരത്തിന് വേണ്ടത്ര തിളങ്ങാനായിരുന്നില്ല. ലയണൽ മെസി, നെയ്മർ, കിലിയൻ എംബാപ്പെ അടങ്ങുന്ന സൂപ്പർ താരനിരയുള്ള പുതിയ തട്ടകത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, മെഡിക്കൽ അടക്കം എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ഫ്രാൻസിലേക്ക് പറക്കാൻ കാത്തിരുന്ന താരത്തെ കാത്തിരുന്നത് അപ്രതീക്ഷിതമായ റിപ്പോർട്ടായിരുന്നു.

നേരത്തെ, സിയേഷിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബുകളായ എ.സി മിലാനും റോമയും നീക്കം നടത്തിയിരുന്നു. എന്നാൽ, ചെൽസിയിൽ തന്നെ തുടരാൻ താരം തീരുമാനിക്കുകയായിരുന്നു. ഇതിനു പിന്നാലെ മാഞ്ചസ്റ്റർ യുനൈറ്റഡും ന്യൂകാസിലും എവെർട്ടനും താരത്തെ ടീമിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. സിയേഷിനെ വിടാൻ ചെൽസി ഒരുക്കമായിരുന്നില്ല.

ചെൽസിക്കായി 98 മത്സരങ്ങളിൽ കളത്തിലിറങ്ങിയ ഹക്കീം സിയേഷ് 14 ഗോളാണ് സ്വന്തം പേരിലാക്കിയത്. ക്ലബുമായുള്ള കരാർ കാലാവധി രണ്ടര വർഷം കൂടി ബാക്കിയുണ്ട്.

Summary: Hakim Ziyech to stay at Chelsea as transfer to PSG gets stalled as the blues sent LFP wrong documents three times

Similar Posts