പരിക്കിൽ നിന്ന് മോചിതനായി ഹാലൻഡ് തിരിച്ചെത്തുന്നു
|ബയേൺ മ്യൂണിക്കിനുമെതിരെയുളള ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ താരം കളിക്കും
പ്രീമിയർ ലീഗിൽ സതാംപ്ടണിനും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനുമെതിരെയുളള ക്ലബ്ബിന്റെ നിർണായക മത്സരങ്ങൾക്ക് മുന്നോടിയായി ഏർലിംഗ് ഹാലൻഡ് മാഞ്ചസ്റ്റർ സിറ്റിയിൽ പരിശീലനത്തിനായി തിരിച്ചെത്തി. മാർച്ച്-18 ന് എഫ്എ കപ്പിൽ ബേൺലിക്കെതിരെ സിറ്റി 6-0ന് വിജയിച്ച മത്സരത്തിലാണ് നോർവീജിയൻ താരത്തിന് അരക്കെട്ടിന് പരിക്കേറ്റത്. ഇത് ഹാലൻഡിനെ രണ്ടാഴ്ചയിലേറെയായി ഫുട്ബോളിൽ നിന്ന് മാറ്റി നിർത്താൻ ഇടയാക്കിയിരുന്നു.
സ്പെയിനിനും ജോർജിയയ്ക്കുമെതിരായ 2024 യൂറോ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള നോർവേ ടീമിൽ താരമുണ്ടായിരുന്നെങ്കിലും പരിക്ക് കാരണം ടീമിൽ നിന്ന് പുറത്ത് പോകാൻ നിർബന്ധിതനായി. കൂടാതെ ലിവർപൂളിനെതിരായ സിറ്റിയുടെ പ്രീമിയർ ലീഗ് മത്സരത്തിലും താരത്തിന് കളിക്കാൻ സാധിച്ചില്ല. ഹാലാൻഡിന്റെ അഭാവത്തിലും പെപ് ഗാർഡിയോളയുടെ ടീമിന് ലിവർപൂളിനെതിരെ 4-1 ന് വിജയിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ ഹാലൻഡ് ഇപ്പോൾ ടീമിൽ വീണ്ടും ചേരാൻ ഒരുങ്ങുകയാണ്. ശനിയാഴിച്ച പ്രീമിയർ ലീഗിൽ സതാംപ്ടണിനെതിരായ മത്സരത്തിൽ താരം സിറ്റിക്കായി കളിച്ചേക്കും.
Coming soon: The Return of @ErlingHaaland. 😈https://t.co/PDAIHovjcj
— City Xtra (@City_Xtra) April 3, 2023
ഈ സീസണിൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരൊടൊപ്പം ചേർന്നത് മുതൽ ഹാലൻഡ് മികച്ച ഫോമിലാണ്. എല്ലാ മത്സരങ്ങളിലും നിന്നായി 37 മത്സരങ്ങളിൽ നിന്ന് 42 ഗോളുകൾ താരം ഇത് വരെ നേടി കഴിഞ്ഞു. ഈ സീസണിൽ സിറ്റിക്കായി ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെയുളള കിരീടങ്ങൾ നേടുകയാണ് ഇനി താരത്തിന്റെ ലക്ഷ്യം.