ഹാൻസി ഫ്ലിക്ക് ബയേണ്‍ മ്യൂണിക് വിടുന്നു; ജര്‍മ്മന്‍ പരിശീലകനാകും
|ചുമതലയേറ്റ് 18 മാസങ്ങൾക്ക് ശേഷമാണ് ഹാൻസി ഫ്ലിക്ക് ബവേറിയയിൽ നിന്നും മടങ്ങുന്നത്
ബയേൺ മ്യൂണിക്കിന്റെ മുഖ്യ പരിശീലകനായ ഹാൻസി ഫ്ലിക്ക് സീസണ് ശേഷം ക്ലബ്ബ് വിടുന്നു. ഇന്നലെ വൈകിട്ട് വോൾഫ്സ്ബർഗിനെതിരെ നടന്ന മത്സരത്തിൽ ബയേണിനെ വിജയത്തിലേക്ക് നയിച്ചതിന് ശേഷമാണ് ഈ സീസണോടെ താൻ ബയേൺ വിടാനൊരുങ്ങുകയാണെന്ന് ഫ്ലിക്ക് വ്യക്തമാക്കിയത്. താൻ ഈ സീസണോടെ ബയേൺ വിടുകയാണെന്ന കാര്യം ക്ലബ്ബിലെ ഉന്നതരോട് നേരത്തെ അറിയിച്ചിരുന്നതായി പറഞ്ഞ ഫ്ലിക്ക്, ടീമിലെ കളിക്കാരോടും ഇക്കാര്യം പറഞ്ഞതായി വ്യക്തമാക്കി. എന്നാൽ ക്ലബ്ബ് ഇതു വരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.യൂറോ കപ്പിന് ശേഷം ജർമ്മൻ ദേശീയ പരിശീലകനാകാൻ ഫ്ലിക് എത്തുമെന്നാണ് ജർമ്മനിയിൽ നിന്നുമുള്ള റിപ്പോർട്ടുകൾ.
ചുമതലയേറ്റ് 18 മാസങ്ങൾക്ക് ശേഷമാണ് ഹാൻസി ഫ്ലിക്ക് ബവേറിയയിൽ നിന്നും മടങ്ങുന്നത്. രണ്ടാം ട്രെബിൾ ബയേണിന് സ്വന്തമാക്കാൻ ഫ്ലിക്കിന് കഴിഞ്ഞു. ചാമ്പ്യൻസ് ലീഗടക്കം ആറിൽ ആറ് കിരീടങ്ങളുമായാണ് ബയേൺ മ്യൂണിക്ക് ഈ സീസൺ ആരംഭിച്ചത്. എന്നാൽ ഇക്കുറിയാവട്ടെ ബുണ്ടസ് ലീഗയിൽ മാത്രമാണ് അവർക്ക് കിരീട പ്രതീക്ഷകളുള്ളത്. നിലവിൽ 29 മത്സരങ്ങളിൽ 68 പോയിന്റുമായി ബുണ്ടസ് ലീഗയിൽ ഒന്നാം സ്ഥാനത്താണ് ബയേൺ.
ഹാൻസി ഫ്ലിക്ക് ക്ലബ്ബ് വിടുമെന്നുറപ്പായതോടെ അടുത്ത സീസണിൽ പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബയേണ്‍ മ്യൂണിക്.