Football
മെസ്സിയുടെ വരവ് പിഎസ്ജിയെയും ഫ്രഞ്ച് ലീഗിനെയും മാറ്റിമറിക്കുന്നതെങ്ങനെ? എക്‌സ്‌പ്ലൈനർ
Football

മെസ്സിയുടെ വരവ് പിഎസ്ജിയെയും ഫ്രഞ്ച് ലീഗിനെയും മാറ്റിമറിക്കുന്നതെങ്ങനെ? എക്‌സ്‌പ്ലൈനർ

Web Desk
|
14 Aug 2021 6:56 AM GMT

ലീഗിന്റെ തലവര തന്നെ മാറ്റി മറിക്കുന്നതാകും മെസ്സിയുടെ സൈനിങ് എന്നാണ് ഇതുവരെയുള്ള സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.

ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ വരവോടെ പിഎസ്ജി എന്ന ക്ലബ് മാത്രമല്ല, ഫ്രഞ്ച് ലീഗ് വണ്ണും ആരാധകരുടെ കണ്ണകലത്തിലേക്ക് വരികയാണ്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട അഞ്ചു ലീഗുകളിൽ ഒന്നാണെങ്കിലും പ്രീമിയർ ലീഗിന്റെയോ ലാ ലീഗയുടെയോ താരത്തിളക്കമോ മാധ്യമശ്രദ്ധയോ ലീഗ് വണ്ണിനില്ല. എന്നാൽ ലീഗിന്റെ തലവര തന്നെ മാറ്റി മറിക്കുന്നതാകും മെസ്സിയുടെ സൈനിങ് എന്നാണ് ഇതുവരെയുള്ള സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.

പിഎസ്ജി മാറുന്നത് എങ്ങനെ

മെസ്സി വരുന്നതിന് മുമ്പു തന്നെ നെയ്മർ, കിലിയൻ എംബാപ്പെ, എയ്ഞ്ചൽ ഡി മരിയ എന്നിവർ അടങ്ങുന്ന സൂപ്പർ താരനിരയാണ് പിഎസ്ജിയുടേത്. എന്നാൽ നക്ഷത്രങ്ങൾക്കിടയിലെ സൂര്യനായാണ് ഇപ്പോൾ ടീമിൽ മെസ്സി അവതരിച്ചിരിക്കുന്നത്.

നെയ്മർ-എംബാപ്പെ അച്ചുതണ്ടിൽ സൂപ്പർ സോണിക് വേഗതയിൽ കൗണ്ടർ അറ്റാക്ക് നടത്താൻ ശേഷിയുള്ള ടീമാണ് പിഎസ്ജിയെങ്കിലും മധ്യനിരയിൽ കളി മെനയാൻ ശേഷിയുള്ള താരത്തിന്റെ അഭാവം അവർക്കുണ്ടായിരുന്നു. ആ അഭാവമാണ് അസാധ്യമായ ഇടങ്ങളിൽ നിന്നു പോലും ക്രിയേറ്റീവായ നീക്കങ്ങൾ നടത്താൻ വൈഭവമുള്ള മെസ്സിയിലൂടെ ക്ലബ് പരിഹരിക്കുന്നത്. നെയ്മർക്കും എംബാപ്പെയ്ക്കും പിന്നിൽ മെസ്സിയുടെ ക്രിയാത്മകത ഉപയോഗപ്പെടുത്താനാണ് പിഎസ്ജി ലക്ഷ്യമിടുന്നത്.

ലീഗ് വണ്ണിലെ ചാമ്പ്യൻ പദവിയല്ല, ചാമ്പ്യൻസ് ലീഗ് കിരീടമാണ് പിഎസ്ജിയുടെ ലക്ഷ്യം. മുന്നേറ്റത്തിലെ സ്വപ്‌ന ത്രയം ഒരുമിക്കുമ്പോൾ ആ നേട്ടം അകലെയല്ല എന്നാണ് മാനേജ്‌മെന്റ് വിശ്വസിക്കുന്നത്.


കളിയിലെ കാര്യം ഇതാണെങ്കിൽ, സ്‌പോൺസർഷിപ്പ്, ജഴ്‌സി വിൽപ്പന തുടങ്ങിയവയിലൂടെ വൻ സാമ്പത്തിക നേട്ടമാണ് പിഎസ്ജി മുമ്പിൽ കാണുന്നത്. ആദ്യദിനത്തിൽ തന്നെ 832,000 മെസ്സി ജഴ്‌സിയാണ് പിഎസ്ജി ഓൺലൈൻ സ്‌റ്റോർ വഴി വിറ്റഴിച്ചത്. ഇതിലൂടെ 90 ദശലക്ഷം യൂറോയാണ് വരുമാനമായി ക്ലബിന്റെ പോക്കറ്റിലെത്തിയത്. 2018ൽ ക്രിസ്റ്റിയാനോ റൊണാൾഡോ യുവന്റസിലേക്ക് പോയ വേളയിൽ 520,000 ജഴ്‌സിയാണ് വിറ്റിരുന്നത്. ഈ റെക്കോർഡാണ് മെസ്സി മറികടന്നത്.

മെസ്സിയുടെ വരവോടെ ലോകത്ത് ഏറ്റവും മൂല്യമേറിയ മൂന്നാമത്തെ ക്ലബ് ആയി മാറി പിഎസ്ജി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയുമാണ് ആദ്യ രണ്ടു സ്ഥാനക്കാർ. മെസ്സിയുടെ മുൻ ക്ലബ് ബാഴ്‌സലോണ എട്ടാം സ്ഥാനത്തേക്ക് വീണു.

മെസ്സി എവിടെ കളിക്കും?

മെസ്സിയുടെ വരവോടെ പ്രഹരശേഷിയിൽ ലോകത്തെ ഏറ്റവും അപകടകരമായ മുന്നേറ്റ നിരയുള്ള ടീമായി പിഎസ്ജി മാറും. മെസ്സിയും നെയ്മറും നേരത്തെ ബാഴ്‌സയിൽ ഒന്നിച്ചു കളിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള രസതന്ത്രവും മികച്ചതാണ്. വന്യമായ വേഗമുള്ള എംബാപ്പെ കൂടി ചേരുന്നതോടെ വേഗവും കരുത്തും വൈദഗ്ധ്യവും സമ്മേളിക്കുന്ന ത്രയമായി ഇതുമാറും.


കളിയും മികവും വെച്ച് മുന്നേറ്റനിരയിൽ എവിടെയും മെസ്സിക്ക് കളിക്കാം. എന്നാൽ എംബാപ്പെയ്ക്ക് തൊട്ടുപിന്നിൽ നെയ്മറിനും ഡി മരിയയ്ക്കും വശങ്ങളിലൂടെ മുന്നേറാനുള്ള അവസരം നൽകുന്ന രീതിയിലായിരിക്കും മെസ്സിയെ ക്ലബ് വിന്യസിക്കുക. പിഎസ്ജി ആക്രമണ നിരയുടെ അച്ചുതണ്ടായിരിക്കും താരം. മുന്നേറ്റ നിരയ്ക്ക് പന്തെത്തിക്കുന്ന അറ്റാക്കിങ് മിഡ്ഫീൽഡറുടെ റോളിലും താരത്തെ കാണാം. ലിവർപൂൾ പോലെ പ്രസ്സിങ് ഗെയിം കളിക്കുന്ന നിരയ്‌ക്കെതിരെ എംബാപ്പെയും മെസ്സിയും പൊസിഷൻ വച്ചുമാറുന്ന രീതിയും കോച്ച് അവലംബിച്ചേക്കും. വിങ്ങിൽ താരത്തെ ഉപയോഗിക്കില്ല എന്നാണ് കരുതപ്പെടുന്നത്. കളിയുടെ ആദ്യനാളുകളിലുണ്ടായിരുന്ന വേഗം ഇപ്പോൾ താരത്തിനില്ലെന്നതു തന്നെ കാരണം.

ലീഗ് വൺ എങ്ങനെ മാറും?

ഡച്ച് ലീഗിന്റെ പാരമ്പര്യമോ പ്രീമിയർ ലീഗിന്റെ ഗ്ലാമറോ ഇല്ലാത്ത ലീഗാണ് ഫ്രഞ്ച് ലീഗ് വൺ. ബുണ്ടസ് ലീഗ, സീരി എ എന്നിവ പോലെ തന്ത്രങ്ങളുടെ നഴ്‌സറിയുമല്ല അത്. പ്രൊഫഷണൽ സർവീസ് നെറ്റ്‌വർക്കായ ഡിലോയ്‌ട്ടെയുടെ കണക്കു പ്രകാരം 2019-20 സീസണിൽ പ്രീമിയർ ലീഗ് നേടിയ വരുമാനം 5800 ദശലക്ഷം പൗണ്ടാണ്. ലീഗ് വണ്ണിന്റെ വരുമാനം 1902 ദശലക്ഷം പൗണ്ടും. വിപണിയിൽ പൊന്നും വിലയുള്ള മെസ്സിയുടെ വരവോടെ ലീഗിന്റെ തലവരയും മാറുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. മെസ്സി പിഎസ്ജിക്കായി കളിക്കുന്ന കാലത്തെങ്കിലും ടെലിവിഷൻ പ്രേക്ഷകരിലും വരുമാനത്തിലും വർധനയുണ്ടാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ്, സ്പാനിഷ് ലാലിഗ, ജർമൻ ബുണ്ടസ് ലിഗ, ഇറ്റാലിയൻ സീരി എ ലീഗുകൾ കഴിഞ്ഞാണ് വരുമാനത്തിലും ടെലിവിഷൻ കാഴ്ചക്കാരിലും ഫ്രഞ്ച് ലീഗിന് സ്ഥാനം.


2017ൽ നെയ്മർ പിഎസ്ജിയിൽ എത്തിയ വേളയിൽ ലീഗ് വണ്ണിന്റെ ബ്രാൻഡ് മൂല്യം കുതിച്ചുയർന്നിരുന്നു. 7800 കോടി രൂപയിൽനിന്ന് 10800 കോടി ആയാണ് വർധിച്ചിരുന്നത്. മെസ്സിയുടെ വരവോടെ ഇതിലും കൂടുതൽ മാറ്റമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ക്ലബ്ബിന്റെയും ലീഗിന്റെയും വരുമാനത്തിലും വലിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഇതിന്റെ സൂചനകൾ വന്നു തുടങ്ങിയിട്ടുണ്ട്. മെസ്സിയുടെ വരവ് പ്രഖ്യാപിച്ചതോടെ പി.എസ്.ജിക്ക് സാമൂഹിക മാധ്യമങ്ങളിൽ 14 ലക്ഷത്തോളം ഫോളോവേഴ്‌സാണ് അധികമായി ഉണ്ടായത്.

Similar Posts