Football
രാജ്യസ്നേഹമൊക്കെ പിന്നെ; ആദ്യം ലോകകപ്പ് കളിക്കണം... രണ്ട് ഇംഗ്ലണ്ട് താരങ്ങൾ രാജ്യം മാറി

എഡ്ഡി എൻകെതിയ | Eddie Nketiah

Football

രാജ്യസ്നേഹമൊക്കെ പിന്നെ; ആദ്യം ലോകകപ്പ് കളിക്കണം... രണ്ട് ഇംഗ്ലണ്ട് താരങ്ങൾ രാജ്യം മാറി

André
|
11 May 2022 8:54 AM GMT

ഇംഗ്ലണ്ട് സീനിയർ ടീമിനു വേണ്ടി കളിച്ചിട്ടുണ്ടെങ്കിലും ഫിഫ നിയമത്തിലെ ഭേദഗതിയാണ് ചെൽസി താരത്തിന് അനുകൂലമായത്

ലണ്ടൻ: ഈ വർഷം ഖത്തറിൽ നടക്കുന്ന ഫുട്‌ബോൾ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ ഇടം ലഭിച്ചേക്കില്ലെന്ന സൂചനയെ തുടർന്ന് രണ്ട് കളിക്കാർ ടീം മാറി. ഇംഗ്ലണ്ടിനു വേണ്ടി മൂന്ന് അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള കാലം ഹഡ്‌സൺ ഒഡോയ്, ഇംഗ്ലണ്ട് അണ്ടർ 21 ടീമിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ എഡ്ഡി എൻകെതിയ എന്നിവരാണ് ഫിഫയുടെ നിയമങ്ങൾക്കനുസൃതമായി രാജ്യം മാറുന്നത്. ചെൽസിയുടെ വിംഗറായ ഹഡ്‌സൺ ഒഡോയും ആർസനൽ സ്‌ട്രൈക്കർ എൻകെതിയയും ആഫ്രക്കൻ രാജ്യമായ ഘാനയ്ക്കു വേണ്ടിയാണ് കളിക്കാനൊരുങ്ങുന്നത്.

2020 യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇംഗ്ലണ്ട് സീനിയർ ടീമിനു വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ള ഹഡ്‌സൺ ഒഡോയ് ലണ്ടനിലെ വാന്റ്‌സ്‌വർത്തിൽ ജനിച്ചുവളർന്ന താരമാണ്. ഘാനയിൽ നിന്ന് കുടിയേറിയ ഫുട്‌ബോൾ താരം ബിസ്മർക് ഒഡോയ് ആണ് ഇദ്ദേഹത്തിന്റെ പിതാവ്. നിമയപ്രകാരം ഇംഗ്ലണ്ടിനും ഘാനയ്ക്കും വേണ്ടി കളിക്കാൻ അവസമുണ്ടെങ്കിലും ജന്മനാടായ ഇംഗ്ലണ്ടിനു വേണ്ടി കളിക്കാനാണ് ആദ്യഘട്ടത്തിൽ താരം തീരുമാനിച്ചത്.

ചെൽസിയുടെ യൂത്ത് അക്കാദമിയിലൂടെ കളി പഠിച്ച ഹഡ്‌സൺ ഒഡോയ് ഇതിനകം ക്ലബ്ബിനു വേണ്ടി നൂറിലേറെ മത്സരങ്ങളിൽ ബൂട്ടുകെട്ടിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ അണ്ടർ 17 യൂറോപ്യൻ ചാമ്പ്യൻഷിപ്പ്, അണ്ടർ 17 ലോകകപ്പ് എന്നിവയിൽ പ്രധാന താരമായിരുന്ന ഒഡോയ്, 2019-ൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ സീനിയർ ടീമിൽ സബ്സ്റ്റിറ്റിയൂട്ടായി അരങ്ങേറ്റം കുറിച്ചു. ഇംഗ്ലണ്ടിനു വേണ്ടി അന്താരാഷ്ട്ര മത്സരം കളിക്കുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡോടെയായിരുന്നു 18 വയസ്സും 135 ദിവസവും പ്രായമുണ്ടായിരുന്ന ഒഡോയുടെ അരങ്ങേറ്റം.

മോണ്ടനെഗ്രോയ്‌ക്കെതിരെ ഇംഗ്ലണ്ടിന്റെ ആദ്യഇലവനിൽ ഇടംനേടിയ ഒഡോയ് ഒരു ഗോളിന് വഴിയൊരുക്കി ശ്രദ്ധനേടി. പിന്നീട്, ഇംഗ്ലണ്ട് അണ്ടർ 21-ന് ടീമിനു വേണ്ടിയും താരം ബൂട്ടണിഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇംഗ്ലണ്ട് അണ്ടർ 21 ടീമിലേക്ക് ക്ഷണം വന്നെങ്കിലും ഒഡോയ് നിരസിച്ചിരുന്നു.

2020-ൽ ഭേദഗതി ചെയ്ത ഫിഫ നിയമത്തിന്റെ ആനുകൂല്യത്തോടെയാണ് ഒഡോയ് തന്റെ പിതാവിന്റെ രാജ്യത്തിനു വേണ്ടി കളിക്കാനൊരുങ്ങുന്നത്. 21-ാം ജന്മദിനത്തിനു മുമ്പായി ഒരു രാജ്യത്തിനുവേണ്ടി മൂന്നോ അതിൽ കുറവോ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരങ്ങൾക്ക്, തങ്ങൾക്ക് പൗരത്വമുള്ള മറ്റൊരു രാജ്യത്തിനായി കളിക്കാം എന്നതാണ് പുതിയ ഫിഫ നിയമം.

ഇംഗ്ലണ്ട് ദേശീയ ടീമിനു വേണ്ടി ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത എഡി എൻകെതിയ ലണ്ടനിലെ ലൂയിസ്ഹാമിലാണ് ജനിച്ചു വളർന്നത്. ചെൽസി, ആർസനൽ അക്കാദമികളിൽ കളി പഠിച്ച താരം ഇംഗ്ലണ്ടിനു വേണ്ടി അണ്ടർ 18, അണ്ടർ 19, അണ്ടർ 20, അണ്ടർ 21 ടീമുകൾക്കു വേണ്ടി കളഇച്ചു. അണ്ടർ 21-ൽ 17 മത്സരങ്ങളിൽ നിന്നായി 16 ഗോളും താരം നേടിയിട്ടുണ്ട്. എൻകെതിയയുടെ മാതാപിതാക്കൾ ഘാനയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരാണ്.

2019-ൽ ഘാന കോച്ച് ജെയിംസ് കെസി ആപിയ യുവതാരത്തെ ആഫ്രിക്കൻ രാജ്യത്തിനു വേണ്ടി കളിക്കാൻ ക്ഷണിച്ചെങ്കിലും എൻകെതിയ നിരസിച്ചു. ഇതിനു ശേഷമായിരുന്നു താരത്തിന്റെ ഇംഗ്ലീഷ് അണ്ടർ 21 അരങ്ങേറ്റം. 2020-ലും ഘാന അധികൃതർ കുടുംബം വഴി താരത്തെ സമീപിച്ചെങ്കിലും പ്രതികരണം അനുകൂലമായിരുന്നില്ല.

2021-ലെ യുവേഫ യൂറോപ്യൻ അണ്ടർ 21 ടൂർണമെന്റിൽ ഇംഗ്ലണ്ടിനെ നയിച്ച താരത്തിനു പക്ഷേ, സീനിയർ ടീമിൽ അവസരം ലഭിച്ചില്ല. ലോകകപ്പിനുള്ള ഇംഗ്ലീഷ് ടീമിലെത്തുക ദുഷ്‌കരമാകുമെന്നതും, ടീമിൽ എടുത്താൽ തന്നെ കളിക്കാൻ പരിമിതമായ അവസരമേ ലഭിക്കൂ എന്നതുമാണ് ഘാനയിലേക്ക് കൂടുമാറാൻ എൻകെതിയയെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

2014-നു ശേഷം ലോകകപ്പിനെത്തുന്ന ഘാന എച്ച് ഗ്രൂപ്പിൽ പോർച്ചുഗൽ, ഉറുഗ്വേ, ദക്ഷിണ കൊറിയ എന്നിവർക്കൊപ്പമാണ് മത്സരിക്കുന്നത്. നവംബർ 24-ന് ഉറുഗ്വേയ്‌ക്കെതിരെയാണ് ആദ്യ മത്സരം. ആർസനൽ മിഡ്ഫീൽഡർ തോമസ് പാർട്ടി, അയാക്‌സിന്റെ യുവതാരം മുഹമ്മദ് ഖുദുസ് തുടങ്ങിയവരടങ്ങുന്ന ഘാന ടീം ആഫ്രിക്കൻ നാഷണൻസ് കപ്പിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. ജർമൻ കാരൻ ഒട്ടോ അഡ്ഡോ ആണ് ടീമിന്റെ മാനേജർ.

Similar Posts