ബെംഗളൂരുവിന് മൂന്നാം തോല്‍വി; ഹൈദരാബാദിന്റെ വിജയം ഒരു ഗോളിന്
|ബ്ലാസ്റ്റേഴ്സിന്റെ മുന്‍ താരം കൂടിയായ ഒഗ്ബെചെ ആദ്യ പകുതിയിൽ നേടിയ ഗോള്‍ ആണ് ഹൈദരാബാദിന് വിജയം സമ്മാനിച്ചത്
ഐ.എസ്.എല്‍ എട്ടാം പതിപ്പില്‍ ദുരിതമൊഴിയാതെ ബെംഗളൂരു എഫ്.സി. മൂന്നാം തോല്‍വിയോടെ ലീഗില്‍ നിലവില്‍ ഒന്‍പതാം സ്ഥാനത്താണ് ബെംഗളൂര് ടീം. മറുപടിയില്ലാത്ത ഒരു ഗോളിനാണ് കരുത്തരായ ബെംഗലൂരുവിനെ ഹൈദരാബാദ് തറപറ്റിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ മുന്‍ താരം കൂടിയായ ഒഗ്ബെചെ ആദ്യ പകുതിയിൽ നേടിയ ഗോള്‍ ആണ് ഹൈദരാബാദിന് വിജയം സമ്മാനിച്ചത്.
ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ച ഹൈദരാബാദ് മത്സരത്തിന്റെ ഏഴാം മിനുട്ടില്‍ തന്നെ ലീഡെടുത്തു. ആകാശ് മിശ്ര നീട്ടി നല്കിയ പാസ് സ്വീകരിച്ച ഒഗ്ബെച്ചെ ബോക്സിന് പുറത്തുനിന്ന് തൊടുത്തുവിട്ട ഉഗ്രന്‍ ഷോട്ട് ബെംഗളൂരു പ്രതിരോധതാരം പ്രതിക് ചൗധരിയുടെ കാലിലുരസി വലയില്‍ കയറുകയായിരുന്നു.
സുനില്‍ ഛേത്രിയടക്കമുള്ള മികച്ച മുന്നേറ്റനിരയുണ്ടായിട്ടും ബെംഗളൂരു നിറംമങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്. ഹൈദരാബാദിന്റെ സൗവിക് ചൗധരിയാണ് ഹീറോ ഓഫ് ദ മാച്ച്.
രണ്ടാം പകുതിയിൽ സമനിലയ്ക്കായി ബെംഗളൂരു കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. ലഭിച്ച നല്ല രണ്ട് അവസരങ്ങളാകട്ടെ ബെംഗളൂരുവിന് ഗോളാക്കാന്‍ സാധിച്ചുമില്ല. സില്‍വയ്ക്ക് ലഭിച്ച സുവര്‍ണാവസരം പക്ഷേ താരത്തിന്റെ ദുര്‍ബലമായ ഷോട്ട് ഗോള്‍കീപ്പര്‍ കട്ടിമണി കൈയ്യിലൊതുക്കി. എന്നാൽ രണ്ടാം തവണയു ലഭിച്ച സുവർണ്ണാവസരം ടാർഗറ്റിലേക്ക് തൊടുക്കാൻ ഹൈദരാബാദിനായില്ല.
വിജയത്തോടെ ഹൈദരാബാദ് ഏഴു പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്തെത്തി. നാല് കളികളില്‍ രണ്ട് വിജയവും ഒരു സമനിലയും ഒരു തോല്‍വിയുമാണ് ഹൈദരാബാദിനുള്ളത്. അഞ്ചു മത്സരങ്ങളിൽ നാലു പോയിന്റ് മാത്രമുള്ള ബെംഗളൂരു ഇപ്പോൾ ഒന്‍പതാം സ്ഥാനത്താണ്.