'ഞാൻ ശക്തനാണ്, ഒരുപാട് പ്രതീക്ഷകളോടെ'; സ്നേഹം നിറഞ്ഞ സന്ദേശങ്ങള് ഊർജം പകരുന്നുവെന്ന് പെലെ
|പെലെ കീമോ തെറാപ്പിയോട് പ്രതികരിക്കുന്നില്ലെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു
ഒരുപാട് പ്രതീക്ഷകളോടെ താൻ ശക്തനാണെന്ന് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ. 82കാരനായ പെലെയെ അർബുദ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ ഇപ്പോഴും തുടരുകയാണെന്ന് പെലെ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. പെലെ കീമോ തെറാപ്പിയോട് പ്രതികരിക്കുന്നില്ലെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു.
വൻകുടലിൽ കാൻസർ ബാധിച്ച പെലെയെ ഈ ആഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ''എന്റെ സുഹൃത്തുക്കളെ, നിങ്ങൾ എല്ലാവരും ശാന്തരായും പോസിറ്റീവായും ഇരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, ഞാൻ ശക്തനാണ്, ഒരുപാട് പ്രതീക്ഷയോടെ, പതിവുപോലെ എന്റെ ചികിത്സ തുടരുന്നുണ്ട്, സ്നേഹം നിറഞ്ഞ സന്ദേശങ്ങൾ എന്നെ ഊർജ്ജസ്വലനാക്കുന്നു''- പെലെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.
പെലെയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ കഴിഞ്ഞ ദിവസം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലാണ് പെലെയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഖത്തർ ലോകകപ്പിൽ മുന്നേറുന്ന ബ്രസീലിയൻ താരങ്ങൾക്ക് പെലെ പിന്തുണ അറിയിച്ചിരുന്നു. 'രാജാവിനായി പ്രാർത്ഥിക്കുക' ഫ്രാൻസ് സ്ട്രൈക്കർ കൈലിയൻ എംബാപ്പെ ട്വീറ്റ് ചെയ്തു. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നും പെലെയ്ക്ക് പിന്തുണയർപ്പിച്ചു. അദ്ദേഹം കളിയിൽ എന്നും പ്രചോദനവും അത്ഭുതപ്പെടുത്തുന്ന ഫുട്ബോൾ കളിക്കാരനാുമാണ്,- ഹാരി കെയ്ൻ കൂട്ടിച്ചേർത്തു.
1958, 1962, 1970 എന്നീ മൂന്ന് ലോകകപ്പുകൾ നേടിയ ചരിത്രത്തിലെ ഏക ഫുട്ബോൾ കളിക്കാരനാണ് പെലെ. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വിജയകരവും ജനപ്രിയവുമായ കായികതാരങ്ങളിൽ ഒരാളാണ്. 17 വയസ്സുള്ളപ്പോൾ 1958 ലോകകപ്പ് നേടി, സെമിഫൈനലിൽ ഹാട്രിക്കും ഫൈനലിൽ രണ്ട് ഗോളുകളും നേടി, സ്വന്തം കരിയർ ഉയർത്തി, ബ്രസീലിയൻ ദേശീയ ടീമിന്റെ ഫുട്ബോൾ ആധിപത്യത്തിന് തുടക്കമിട്ടു. ക്യാൻസർ ബാധിതനായതു മുതൽ പെലെയുടെ ആരോഗ്യനില വഷളായിക്കൊണ്ടേയിരുന്നു. എന്നാൽ തന്റെ നർമ്മ ബോധം ഉയർത്തിപ്പിടിച്ചും കൂടുതൽ സന്തോഷവാനായും അദ്ദേഹം രോഗത്തെ പ്രതിരോധിക്കുകയായിരുന്നു.