'നിങ്ങളുടെ പണം എനിക്ക് വേണ്ട'; യുണൈറ്റഡിനോട് ക്രിസ്റ്റ്യാനോ
|പരിശീലകൻ ടെൻഹാഗും ക്ലബ്ബിലെ മറ്റു ചിലരും ചേർന്ന് തന്നെ ഒതുക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ
ലണ്ടൻ: കഴിഞ്ഞ ദിവസമായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള കരാർ റദ്ദാക്കിയ കാര്യം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചത്. തുടർച്ചയായി മത്സരങ്ങളിൽ പരിഗണിക്കാതെ വന്നതോടെ ടീം കോച്ചിനെതിരെ കടുത്ത വിമർശനവുമായി ക്രിസ്റ്റ്യാനോ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു താരവുമായുള്ള കരാർ റദ്ദാക്കുന്നതിലേക്ക് ടീം മാനേജ്‌മെന്റിനെ നയിച്ചത്. കരാർ റദ്ദാക്കിയെങ്കിലും കരാർ വ്യവസ്ഥ അനുസരിച്ച് താരത്തിന് 17 മില്യൺ പൗണ്ട് നൽകാൻ ക്ലബിന് ബാധ്യതയുണ്ടായിരുന്നു. എന്നാൽ, ഈ തുക തനിക്ക് വേണ്ടെന്ന് ക്ലബിനെ അറിയിച്ചിരിക്കുകയാണ് താരം.
ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗനും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള അഭിമുഖം വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. പരിശീലകൻ ടെൻഹാഗും ക്ലബ്ബിലെ മറ്റു ചിലരും ചേർന്ന് തന്നെ ഒതുക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. പിന്നാലെ യുണൈറ്റഡും താരത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.
ക്ലബിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രഫോഡിന് മുൻപിൽ സ്ഥാപിച്ചിരുന്ന റൊണാൾഡോയുടെ ഭീമൻ ചുമർചിത്രം യുണൈറ്റഡ് നീക്കം ചെയ്യുകയും ചെയ്തു. നിലവിൽ പോർച്ചുഗലിനൊപ്പം ലോകകപ്പ് സ്‌ക്വാഡിൽ ഖത്തറിലാണ് റൊണാൾഡോ.