'റൊണാൾഡോ ലോകകപ്പ് നേടണം'; വിവാദങ്ങൾക്കിടെ റൂണിയുടെ പ്രതികരണം
|കഴിഞ്ഞ ദിവസം റൂണിയുടെ വിമര്‍ശനങ്ങളോട് രൂക്ഷമായാണ് ക്രിസ്റ്റ്യാനോ പ്രതികരിച്ചത്
പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്‍റെ ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയും കോച്ച് എറിക് ടെൻഹാഗിനെതിരെയും നടത്തിയ വിമർശനങ്ങളുടെ ചൂടിനിയും ആറിയിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ ചതിച്ചുവെന്നും തന്നോട് ബഹുമാനമില്ലാത്ത കോച്ചിനോട് തനിക്കും ബഹുമാനമില്ലെന്നുമായിരുന്നു ക്രിസ്റ്റ്യാനോയുടെ പ്രതികരണം. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരം ടീം വിടുമെന്നാണ് സൂചന.
പിയേഴ്സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിനിടെ തന്‍റെ മുൻ സഹതാരമായിരുന്ന റൂണിയുടെ വിമർശനങ്ങൾക്ക് മറുപടി നൽകാനും താരം മറന്നില്ല. റൂണിയുടെ പ്രതികരണങ്ങൾ അസൂയ കൊണ്ടാണ് എന്നായിരുന്നു റൊണാൾഡോ പ്രതികരിച്ചത്.
എന്നാലിപ്പോൾ ക്രിസ്റ്റ്യാനോ ലോകകപ്പ് നേടണമെന്ന് തനിക്കാഗ്രഹമുണ്ടെന്ന് പ്രതികരിച്ചിരിക്കുകയാണ് വെയ്ൻ റൂണി. ഇംഗ്ലണ്ടിന് ലോകകകപ്പ് നേടാനായില്ലെങ്കിൽ മെസ്സിയോ ക്രിസ്റ്റ്യാനോയോ ആരെങ്കിലും ഒരാൾ ലോകകപ്പ് നേടട്ടേ എന്നായിരുന്നു റൂണിയുടെ പ്രതികരണം. ലോകകപ്പ് നേട്ടത്തോടെ അവരുടെ കരിയറിന് ശുഭപര്യവസാനം ആകട്ടെ എന്ന് റൂണി ആശംസിച്ചു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വെയ്ന്‍ റൂണിയുടെ പ്രതികരണം.
നേരത്തേ ക്രിസ്റ്റ്യാനോയും മാഞ്ചസ്റ്റര്‍ കോച്ച് എറിക് ടെന്‍ഹാഗും തമ്മിലുണ്ടായ പ്രശ്നങ്ങളില്‍ ക്രിസ്റ്റ്യാനോക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി റൂണി രംഗത്തെത്തിയിരുന്നു.ക്രിസ്റ്റ്യാനോക്ക് എന്ത് തീരുമാനം വേണമെങ്കിലും എടുക്കാം. എന്നാൽ സീസണിന്‍റെ തുടക്കം മുതൽ അദ്ദേഹം ചെയ്ത കാര്യങ്ങൾ യുണൈറ്റഡിന് സ്വീകാര്യമല്ല. തല താഴ്ത്തി ജോലി ചെയ്യുക അതാണ് ക്രിസ്റ്റ്യാനോക്ക് നല്ലത് എന്നായിരുന്നു റൂണിയുടെ പ്രതികരണം.