'ജോലി കൊടുക്കാനാണ് ശ്രമിക്കുന്നതെങ്കിൽ അതിനനുസരിച്ചുള്ള മാനദണ്ഡങ്ങൾ വേണം': വിമർശനവുമായി സി.കെ വിനീത്
|അനസും റിനോയും പരിഗണന അർഹിക്കുന്നവരാണ്. വിഷയം മുഖ്യമന്ത്രിയേയും കായിക മന്ത്രിയേയും അറിയിച്ചിട്ടുണ്ട്
കൊച്ചി: അനസ് എടത്തൊടികക്കും റിനോ ആന്റോക്കും ജോലി നൽകാത്തതിൽ ഫുട്ബോൾ താരം സി.കെ വിനീത്. ജോലി നൽകാനാണ് ഉദ്ദേശ്യമെങ്കില്‍ മാനദണ്ഡങ്ങള്‍ അതിന് ചേർന്ന രീതിയിൽ ഉണ്ടാക്കണം. അനസും റിനോയും പരിഗണന അർഹിക്കുന്നവരാണ്. വിഷയം മുഖ്യമന്ത്രിയേയും കായിക മന്ത്രിയേയും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടികാഴ്ചയിലെ തീരുമാനങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നു സി.കെ വിനീത് മീഡിയാവണിനോട് പറഞ്ഞു.
''2015 മുതൽ 2019 വരെയുള്ള കാലയളവിൽ സർക്കാർ നിയമനത്തിന് വിളച്ചതാണ്. അനസും റിനോയും അപേക്ഷ നൽകിയിരുന്നു. സർക്കാർ നിശ്ചയിച്ച മാനദണ്ഡ പ്രകാരം ഇവർ അനുയോജ്യരല്ലെന്നാണ് പറയുന്നത്. എന്താണ് ഈ മാനദണ്ഡങ്ങൾ. അത്ലറ്റുകളെ ലക്ഷ്യമിട്ടുള്ള മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. ഫുട്ബോളിൽ അങ്ങനെയൊന്നും ഇല്ല. മാറ്റം വേണമെന്ന് എനിക്ക് പറയാൻ പറ്റുന്ന ആളുകളോടെല്ലാം പറഞ്ഞിട്ടുണ്ട്. കായിക മന്ത്രിയോടും മുഖ്യമന്ത്രിയോടും നേരിട്ട് പറഞ്ഞിട്ടുണ്ട്. പോസിറ്റീവായ പ്രതികരണമാണ് മുഖ്യമന്ത്രിയിൽ നിന്നും ലഭിച്ചത്. അത് ആ വഴിക്ക് നടക്കും എന്നാണ് തോന്നുന്നത്- സി.കെ വിനീത് പറഞ്ഞു.
''മാനദണ്ഡങ്ങളിൽ നിർബന്ധമായും മാറ്റം വേണം, അതിന് ശ്രമിക്കുന്നുണ്ടെന്നാണ് തോന്നുന്നത്. എത്രത്തോളം മാറ്റം സംഭവിക്കുമെന്ന് പറയാൻ കഴിയില്ല. ജോലി കൊടുക്കാൻ ലക്ഷ്യമിട്ടുള്ള മാനദണ്ഡമാണ് ഉണ്ടാക്കുന്നതെങ്കിൽ അതിന് അനുസരിച്ചുള്ളത് ഉണ്ടാക്കണം, ആളെ കാണിക്കാനാണെങ്കിൽ തോന്നുന്നത് ഉണ്ടാക്കാം. അനസിന്റെ കാര്യത്തിൽ പൊലീസ് ടീമിൽ കളിപ്പിക്കാത്തത് വയസ് കൂടിയിട്ടാണെന്ന് പറയുന്നു. 31 വയസായാൽ കളിക്കാൻ പറ്റില്ലെന്ന് ആരാണ് പറയുന്നത്. അതൊക്കെ എവിടെ നിന്നാണ് വരുന്നത്- സി.കെ വിനീത് ചോദിച്ചു.
Watch Video Report