'പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ പിഴ കൂടും': വുകമിനോവിച്ചിനെ കാത്തിരിക്കുന്നത്...
|ഉത്തരവിനെതിരെ അപ്പീൽ നൽകാൻ കേരള ബ്ലാസ്റ്റേഴ്സിനും വുകമിനോവിച്ചിനും അവകാശമുണ്ട്.
മുംബൈ: ഐ.എസ്.എല്ലിൽ ബംഗളൂരുവുമായുള്ള മത്സരം പൂർത്തിയാക്കാതെ കളംവിട്ടതിന് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള ശിക്ഷാനടപടികൾ ഇന്നലെ രാത്രിയാണ് ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ(എ.ഐ.എഫ്.എഫ്) പ്രഖ്യാപിച്ചത്. അതിൽ പ്രധാനമായിരുന്നു പരസ്യമായ മാപ്പ് പറച്ചിൽ. ടീം എന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്‌സും പരിശീലകൻ എന്ന നിലയിൽ ഇവാൻ വുകമിനോവിച്ചും പരസ്യമായി മാപ്പ് പറയണം. അല്ലാത്ത പക്ഷം പിഴത്തുക ഇരട്ടിയാകും.
ബ്ലാസ്റ്റേഴ്‌സ് മാപ്പ് പറഞ്ഞില്ലെങ്കിൽ നാല് കോടിയിൽ നിന്ന് പിഴത്തുക ആറ് കോടിയായും വുകമിനോവിച്ചിന് അഞ്ച് ലക്ഷത്തിൽ നിന്നും പത്ത് ലക്ഷമായും വര്‍ധിക്കും. ഒരാഴ്ചക്കകം ഉത്തരവ് പാലിക്കണമെന്നാണ് ആൾ ഇന്ത്യാ ഫു്ടബോൾ ഫെഡേഷൻ ഇറക്കിയ പ്രസ്താവനയിൽ പറയുന്നത്. അതേസമയം ഉത്തരവിനെതിരെ അപ്പീൽ നൽകാൻ കേരള ബ്ലാസ്റ്റേഴ്സിനും വുകമിനോവിച്ചിനും അവകാശമുണ്ട്.
എന്നാല്‍ ഉത്തരവിനോട് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റോ വുകമിനോവിച്ചോ പ്രതികരിച്ചിട്ടില്ല. സൂപ്പർകപ്പ് മത്സരങ്ങൾ നാളെ ആരംഭിക്കാനിരിക്കെ എന്ത് നടപടിയാകും ഇരുവരും സ്വീകരിക്കുക എന്ന് അറിയേണ്ടതുണ്ട്. ഒരു മത്സരം പൂർത്തിയാക്കാതെ കളിക്കളം വിടുക എന്നത് ആഗോള കായിക ചരിത്രത്തിൽ പ്രത്യേകിച്ച് ഫുട്ബോളില്‍ അപൂർവ സംഭവമാണെന്നാണ് എ.ഐ.എഫ്.എഫ് നിരീക്ഷിക്കുന്നത്. ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിൽ രണ്ടാമത്തെ സംഭവമാണിതെന്നും കമ്മിറ്റി വിശദീകരിക്കുന്നു.
വുകമിനോവിച്ചിന് നേരെ അച്ചടക്ക കോഡിലെ ആർട്ടിക്കിൾ 9.1.12 ആണ് പ്രയോഗിച്ചിരിക്കുന്നത്. മത്സരം ഉപേക്ഷിക്കുന്നതിനൊടൊപ്പം അതിന് ടീമിനെ പ്രോത്സാഹിപ്പിച്ചുവെന്നും അപകീർത്തിപ്പെടുത്തിയെന്നുമാണ് എ.ഐ.എഫ്.എഫ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് പുറമെ ആർട്ടിക്കിൾ 9.1.16 ഉം വുകമിനോവിച്ചിനെതിരെ പ്രയോഗിച്ചു. ഇതുപ്രകാരം പത്ത് മത്സരങ്ങളിൽ ടീമിനൊപ്പം ചേരാനോ ടീം ബെഞ്ചിൽ ഇരിക്കാനോ അനുവദിക്കില്ല. സുനിൽഛേത്രി എടുത്ത 'ക്വിക്ക്ഫ്രീകിക്ക്' ആണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ബ്ലാസ്റ്റേഴ്‌സും താരങ്ങളും ഗോൾകീപ്പറും ഒട്ടും തയ്യാറാകാത്ത സമയത്ത് എടുത്ത ഫ്രീകിക്ക് വലക്കുള്ളിലെത്തുകയായിരുന്നു. റഫറി ഗോൾ അനുവദിക്കുകയും ചെയ്തു.
ഇത് കളിക്കാരും വുകമിനോവിച്ചും ചോദ്യം ചെയ്തു. ഗോൾ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആവശ്യം അംഗീകരിച്ചില്ല. പിന്നാലെ ടീം അംഗങ്ങളോട് മത്സരം ഉപേക്ഷിച്ച് തിരികെ പോരാൻ വുകമിനോവിച്ച് ആവശ്യപ്പെടുകയായിരുന്നു. മത്സരത്തിൽ ബംഗളൂരു എഫ്.സി വിജയിക്കുകയും ചെയ്തു. മത്സരം നിർത്തി മടങ്ങിപ്പോയ തീരുമാനത്തെ ആരാധകർ പിന്തുണയ്ക്കുമ്പോൾ അച്ചടക്കനടപടിയിലെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതികരണം ശ്രദ്ധേയമാകും.