ഇഗോർ ആംഗുലോ, ഡീഗോ മൗറിഷ്യോ... ആറു താരങ്ങൾ മുംബൈ എഫ്സി വിട്ടു
|കഴിഞ്ഞ സീസണിൽ 31 പോയൻറുമായി അഞ്ചാം സ്ഥാനത്തായിരുന്നു മുംബൈ സിറ്റി എഫ്സി
കഴിഞ്ഞ സീസണിൽ ക്ലബിന്റെ പ്രധാനികളായിരുന്നു ആറു താരങ്ങൾ മുംബൈ എഫ്സി വിട്ടു. ഇഗോർ ആംഗുലോ, ഡീഗോ മൗറിഷ്യോ, കാസിയോ ഗബ്രിയേൽ, ബ്രാൻഡൻ ഇൻമാൻ, മുഹമ്മദ് റാകിപ്, വിക്രം സിങ് എന്നിവരാണ് ടീം വിട്ടത്. കരാർ കാലാവധി കഴിഞ്ഞതോടെയാണ് താരങ്ങൾ മുംബൈ ആസ്ഥാനമായുള്ള ടീമിനോട് വിട പറഞ്ഞത്. മുംബൈ സിറ്റി കുടുംബത്തിനായി താരങ്ങൾ നൽകിയ സംഭാവനക്ക് ടീം നന്ദി പറഞ്ഞു. താരങ്ങൾക്ക് മികച്ച ഭാവി ആശംസിക്കുകയും ചെയ്തു.
കഴിഞ്ഞ സീസണിൽ 31 പോയൻറുമായി അഞ്ചാം സ്ഥാനത്തായിരുന്നു മുംബൈ സിറ്റി എഫ്സി. 10 ഗോളുമായി ആംഗുലോ ഗോൾവേട്ടക്കാരിൽ രണ്ടാമതയിരുന്നു.
അതേസമയം, കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് സൂപ്പർ താരം അൽവാരോ വാസ്ക്വസിനെ റാഞ്ചി എഫ്സി ഗോവ. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും വാസ്ക്വസ് ഗോവയിലേക്ക് പോകുമെന്ന് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. രണ്ടു വർഷത്തേക്കാണ് കരാർ. ബ്ലാസ്റ്റേഴ്സുമായുള്ള താരത്തിന്റെ കരാർ 2022 മെയ് 31ന് അവസാനിച്ചിരുന്നു.ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണിൽ മഞ്ഞക്കുപ്പായത്തിൽ എട്ടു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയ കളിക്കാരനാണ് വാസ്ക്വസ്. ചൈനയിൽ നിന്നും യുഎസ് മേജർ സോക്കർ ലീഗിൽ നിന്നും താരത്തിന് ഓഫറുണ്ടായിരുന്നെങ്കിലും ഐഎസ്എല്ലിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. അടുത്ത സീസണിലേക്കുള്ള എഫ്സി ഗോവയുടെ ആദ്യത്തെ വിദേശ സൈനിങ്ങാണിത്. വാസ്ക്വിസിന് നന്ദി പറഞ്ഞ് കേരളാ ബ്ലാസ്റ്റേഴ്സ് സമൂഹ മാധ്യമങ്ങളിൽ ഇന്ന് കുറിപ്പിട്ടിട്ടുണ്ട്.
'ഗോവയുടെ കളിശൈലിയിൽ വാസ്ക്വസിന് മികച്ച സീസണായിരിക്കും അടുത്തതെന്ന്' ക്ലബുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. കുറച്ചുകാലമായി വാസ്ക്വസിനെ ക്ലബ് നോട്ടമിട്ടിരിക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
എഫ്സി ഗോവയെ കൂടാതെ, എടികെ മോഹൻ ബഗാൻ, ചെന്നൈൻ എഫ്സി ക്ലബുകൾക്കും വാസ്ക്വസിൽ താത്പര്യമുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സും താരത്തെ ടീമിൽ നിലനിർത്താൻ ശ്രമിച്ചിരുന്നു. ട്രാൻസ്ഫർമാർക്കറ്റ് വെബ്സൈറ്റ് പ്രകാരം 33.33 ദശലക്ഷം രൂപയാണ് താരത്തിന്റെ മൂല്യം.കഴിഞ്ഞ സീസണിൽ ലീഗിൽ ഒമ്പതാമതായാണ് ഗോവ ഫിനിഷ് ചെയ്തിരുന്നത്. 2016ന് ശേഷം ആദ്യമായി സെമി ഫൈനൽ പ്രവേശം നേടാതെ പുറത്താകുകയും ചെയ്തു.
സ്പെയിനിലും ഇംഗ്ലണ്ടിലും ഫസ്റ്റ് ഡിവിഷൻ ലീഗുകളിൽ കളിച്ചു പരിചയമുള്ള താരമാണ് വാസ്ക്വസ്. ലാലീഗയിൽ 150 മത്സരവും പ്രീമിയർ ലീഗിൽ സ്വാൻസീ സിറ്റിക്കു വേണ്ടി 12 മത്സരവും കളിച്ചിട്ടുണ്ട്. ബാഴ്സലോണയിൽ ജനിച്ച വാസ്ക്വസ് എസ്പ്യാനോളിന്റെ യൂത്ത് ടീമിലൂടെയാണ് അന്താരാഷ്ട്ര ഫുട്ബോളിലെത്തിയത്.മികച്ച പന്തടക്കവും സാങ്കേതികത്തികവുമാണ് വാസ്ക്വസിനെ വേറിട്ടു നിർത്തുന്നത്. മിന്നൽവേഗത്തിൽ ആക്രമണം മെനയാനും പോസ്റ്റിനെ ലക്ഷ്യം വയ്ക്കാനും താരത്തിനാകും. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ 70 വാര അകലെ നിന്ന് വാസ്ക്വസ് നേടിയ ഗോൾ ഐഎസ്എല്ലിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായിരുന്നു.
അതേസമയം, ഉറുഗ്വൻ മിഡ്ഫീൽഡർ ഫെഡറിക്കോ ഗല്ലെഗോ ഇന്ത്യയിൽ കരിയർ തുടരും. എന്നാൽ ഓഫറുകളൊന്നു ലഭിച്ചിട്ടില്ല. നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി താരത്തിന് കരാറില്ല.
Igor Angulo, Diego Mauricio ... Six players leave Mumbai FC