ഇന്ത്യ-ബഹ്‌റൈന്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം ഇന്ന്; പ്രതീക്ഷയോടെ ഇന്ത്യ
|ഐ.എസ്.എല്ലില്‍ മികച്ച പ്രകടനം നടത്തിയ വി.പി സുഹൈറാണ് ടീമില്‍ ഇടംനേടിയ ഏക മലയാളി
ബഹ്‌റൈനുമായുള്ള ഇന്ത്യയുടെ സൗഹൃദ ഫുട്‌ബോള്‍ മത്സരം ഇന്ന് വൈകിട്ട് ഏഴിന് ബഹ്‌റൈനിലെ അറാദിലെ മുഹറഖ് ക്ലബ്ബ് സ്റ്റേഡിയത്തില്‍ നടക്കും. ജൂണില്‍ നടക്കുന്ന എഎഫ്സി ഏഷ്യന്‍ കപ്പിലേക്കുള്ള മൂന്നാം റൗണ്ട് യോഗ്യതാ മത്സരങ്ങളുടെ തയാറെടുപ്പിന്റെ ഭാഗമായാണ് ബഹ്‌റൈനില്‍ രണ്ട് ദിവസങ്ങളിലായി സൗഹൃദ മത്സരങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം ബഹ്‌റൈനിലെത്തിയ ഇന്ത്യന്‍ ടീം മത്സരത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള അവസാനഘട്ട പരിശീലനത്തിലാണ്. മുഖ്യ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കും മലയാളി താരം വി.പി സുഹൈര്‍ അടക്കമുള്ള 18 ടീമംഗങ്ങളുമാണ് മുംബൈയില്‍നിന്ന് ഇന്നലെ വൈകിട്ട് ബഹ്‌റൈനിലെത്തിയത്.
25 അംഗ ടീമിലെ ഏഴ് അംഗങ്ങള്‍ക്ക് വിസ തടസ്സം കാരണം ടീമിനൊപ്പം ഇന്നലെ എത്താന്‍ കഴിഞ്ഞിട്ടില്ല. തടസ്സങ്ങള്‍ പരിഹരിച്ച് ഇവര്‍ക്ക് ഉടന്‍ ഇന്ത്യന്‍ സംഘത്തിനൊപ്പം ചേരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ ലഭ്യമായതില്‍ ഏറ്റവും മികച്ച ടീമിനെ ഇറക്കാന്‍ ശ്രമിക്കുമെന്നും കോച്ച് ഇഗോര്‍ സ്റ്റിമാക് പറഞ്ഞു. ഫിഫ റാങ്കിങില്‍ ഇന്ത്യയെക്കാള്‍ മുന്നിലുള്ള രാജ്യമാണ് ബഹറൈന്‍. ഈ മത്സരത്തില്‍ വിജയിച്ചാല്‍ ഫിഫ റാങ്കിങില്‍ ഇന്ത്യക്ക് മുന്നേറ്റം നടത്താനാകുമെന്നാണ് പ്രതീക്ഷ.
ബഹ്‌റൈനെതിരെ അത്ര നല്ല റെക്കോഡല്ല ഉള്ളതെങ്കിലും പ്രതീക്ഷകളോടെയാണ് മുഖ്യപരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ബഹ്‌റൈനില്‍ എത്തിയിരിക്കുന്നത്. ഇതുവരെ ബഹ്‌റൈനെ തോല്‍പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ദുഷ്‌പേര് ഇത്തവണയെങ്കിലും മാറ്റിയെടുക്കണമെന്ന മോഹമാണ് ഇന്ത്യയ്ക്കുള്ളത്.
2019 ജനുവരി 14ന് നടന്ന എ.എഫ്.സി കപ്പ് മത്സരത്തില്‍ 0-1 എന്ന സ്‌കോറിന് ഇന്ത്യ ബഹ്‌റൈനോട് തോല്‍വി വഴങ്ങിയിരുന്നു. നോക്കൗട്ട് റൗണ്ടിലേക്കുള്ള ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചത് മത്സരത്തിന്റെ അധികസമയത്ത് ബഹ്‌റൈന്‍ നേടിയ ഗോളാണ്. അന്നത്തെ തോല്‍വിക്ക് പകരംവീട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുക. അതിന് മുമ്പ് ഇരു ടീമുകളും അഞ്ച് തവണ ഏറ്റുമുട്ടിയപ്പോള്‍ നാലിലും വിജയം ബഹ്‌റൈനായിരുന്നു. ഒരു മത്സരം സമനിലയിലായി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന സാഫ് കപ്പ് ഫൈനലില്‍ നേപ്പാളിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കിരീടം ചൂടിയ കരുത്തിലാണ് ഇന്ത്യന്‍ ടീം ബഹ്‌റൈനുമായി ഏറ്റുമുട്ടുന്നത്. മത്സരത്തില്‍ കരുത്തുറ്റ പോരാട്ടമായിരിക്കും ഇന്ത്യന്‍ ടീം കാഴ്ചവെക്കുകയെന്ന് കോച്ച് ഇഗോര്‍ സ്റ്റിമാക് പറഞ്ഞു.
ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായി മികച്ച പ്രകടനം നടത്തിയ വി.പി സുഹൈറാണ് ടീമില്‍ ഇടംനേടിയ ഏക മലയാളി. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ പ്രഭ്ശുഖന്‍ ഗില്‍, ഹോംപിയാം റുയിവ, ബംഗളൂരു എഫ്.സിയുടെ റോഷന്‍ സിങ്, ഡാനിഷ് ഫാറൂഖ്, ഹൈദരാബാദ് എഫ്.സിയുടെ അനികേത് ജാദവ്, എഫ്.സി ഗോവയുടെ അന്‍വര്‍ അലി എന്നിവരാണ് ടീമില്‍ ഇടംപിടിച്ച മറ്റ് പുതുമുഖങ്ങള്‍. പരിക്കുമൂലം സുനില്‍ ചേത്രിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഫിഫ ലോക റാങ്കിങ്ങില്‍ 89ാം സ്ഥാനത്തുള്ള ബഹ്‌റൈനെതിരെ യുവത്വത്തിന്റെ കരുത്തില്‍ മികച്ച പോരാട്ടം പുറത്തെടുക്കുകയാണ് 104ാം സ്ഥാനത്തുള്ള ഇന്ത്യയുടെ ലക്ഷ്യം. മാര്‍ച്ച് 26ന് ബെലറൂസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത സൗഹൃദ മത്സരം. ബഹ്‌റൈനില്‍ സൗഹൃദമത്സരം കാണാന്‍ കാണികള്‍ക്ക് പ്രവേശനം സൗജന്യമാണ്.