4-0, ഹോങ്കോങ്ങിനെതിരെ ഗോളടിമേളം; ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ ഏഷ്യാകപ്പിന്
|ഇന്ന് നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ഫിലിപ്പീൻസിനെ ഫലസ്തീൻ 4-0 ത്തിന് തോൽപ്പിച്ചതോടെ നീലപ്പട ഏഷ്യാ കപ്പിന് യോഗ്യത നേടിയിരുന്നു
കൊൽക്കത്ത: അവസാന യോഗ്യതാ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ഹോങ്കോങ്ങിനെ തോൽപ്പിച്ച് ഗ്രൂപ്പ് ഡി ജേതാക്കളായി ഇന്ത്യ ഏഷ്യാകപ്പ് ടൂർണമെൻറിലേക്ക്. അൻവർ അലി, സുനിൽ ഛേത്രി, മൻവീർ സിങ്, ഇഷാൻ പണ്ഡിത എന്നവരാണ് ഇന്ത്യക്കായി ഗോൾവേട്ട നടത്തിയത്.
രണ്ടാം മിനിട്ടിൽ അൻവർ അലിയാണ് ഗോളടിക്ക് തുടക്കമിട്ടത്. ആദ്യ പകുതി അവസാനിക്കാനിരിക്കെ 45ാം മിനിട്ടിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയും ഗോളടിച്ചു. രണ്ടാം പകുതിയിൽ 85ാം മിനുട്ടിൽ മൻവീർ സിങ്ങും 93ാം മിനുട്ടിൽ സൂപ്പർ സബ് ഇഷാൻ പണ്ഡിതയും ഇതുവരെ ഗ്രൂപ്പ് ജേതാക്കളായിരുന്നവരുടെ വല കുലുക്കി.
ഇതോടെ ഒരു പരാജയവും നേരിടാതെ ഒമ്പത് പോയൻറുകളുമായി ടീം ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമതായി. ഒരു തോൽവിയുമായി ഹോങ്കോങ് ആറു പോയന്റോടെ രണ്ടാമതാണ്. ഇന്ന് നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ഫിലിപ്പീൻസിനെ ഫലസ്തീൻ 4-0 ത്തിന് തോൽപ്പിച്ചതോടെ നീലപ്പട ഏഷ്യാ കപ്പിന് യോഗ്യത നേടിയിരുന്നു.
കൊൽക്കത്തയിൽ നടന്ന ആദ്യ യോഗ്യത മത്സരത്തിൽ കംബോഡിയയെ 2-0ത്തിന് പരാജയപ്പെടുത്തിയ ഇന്ത്യ, രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 2-1ന് തകർത്തിരുന്നു. ജൂൺ 16 മുതൽ ജൂലൈ 16 വരെയാണ് എ.എഫ്.സി ഏഷ്യാ കപ്പ്. 24 ടീമുകളാണ് ടൂർണമെന്റിൽ ഏറ്റുമുട്ടുക.