Football
Sunil Chhetri, indian Football teamസുനില്‍ ഛേത്രി- ടീം ഇന്ത്യ 
Football

'അൻവർ അല്ല ഇന്ത്യയാണ് ആ ഗോൾ വഴങ്ങിയത്'; സെൽഫ് ഗോളിൽ സുനിൽ ഛേത്രി

Web Desk
|
28 Jun 2023 5:39 AM GMT

''ഇത്തരം തെറ്റുകൾ ആർക്കും സംഭവിക്കാം. മത്സരശേഷം അതിനെക്കുറിച്ചൊന്നും സംസാരിക്കാറില്ല. എല്ലാവരും മികച്ച രീതിയിൽ കളിക്കുന്നവരാണ്''

ബംഗളൂരു: പൊരുതിക്കളിച്ച ഇന്ത്യ, ഫൈനൽ വിസിലിന് കാത്ത് നിൽക്കവെയാണ് സെൽഫ് ഗോൾ രൂപത്തിൽ പന്ത് വലയിലെത്തിയത്. അതോടെ സാഫ് കപ്പിൽ അർഹിച്ചൊരു ജയം ഇന്ത്യക്ക് നഷ്ടമാകുകയും ചെയ്തു. കുവൈത്തിനെതിരെ ഓരോ ഗോൾ വീതം നേടി ഇരുടീമുകളും കൈകൊടുക്കുകയായിരുന്നു. എന്നാൽ സമനിലയിലും നിരാശയില്ലെന്ന് പറയുകയാണ് ഇന്ത്യൻ നായകൻ സുനിൽ ചേത്രി. അന്‍വര്‍ അലിയുടെ സെല്‍ഫ് ഗോളാണ് വില്ലനായത്.

അത്തരം തെറ്റുകൾ ആർക്കും സംഭവിക്കാമെന്നും സുനിൽ ഛേത്രി പറഞ്ഞു. അൻവർ അലിയല്ല, ഇന്ത്യയാണ് ആ ഗോൾ വഴങ്ങിയതെന്നായിരുന്നു സുനിൽ ഛേത്രിയുടെ പ്രതികരണം. ''ഇത്തരം തെറ്റുകൾ ആർക്കും സംഭവിക്കാം. മത്സരശേഷം അതിനെക്കുറിച്ചൊന്നും സംസാരിക്കാറില്ല. എല്ലാവരും മികച്ച രീതിയിൽ കളിക്കുന്നവരാണ്, എല്ലാവരും അവനെ( അൻവർ അലി) പിന്തുണക്കും ആർക്കും സംഭവിക്കാവുന്നതാണിത്- ഛേത്രി പറഞ്ഞു. സാങ്കേതിക പിഴവുകൾ ഗൗരവപൂർവം എടുക്കുന്നില്ലെന്നും വർധിത വീര്യത്തോടെ തിരിച്ചുവരാനാകുമെന്നും ഛേത്രി കൂട്ടിച്ചേർത്തു.

കുവൈത്ത് താരത്തിന്റെ ഗോൾ ക്ലിയർ ചെയ്യാനുള്ള അൻവർ അലിയുടെ ശ്രമം പിഴച്ചപ്പോൾ പന്ത് സ്വന്തം വലക്കുള്ളിൽ കയറുകയായിരുന്നു. ഇന്ത്യൻ ഗോൾകീപ്പർക്കും തടുക്കാനായില്ല. ഇഞ്ച്വറി ടൈമിന്റെ രണ്ടാം മിനുറ്റിലായിരുന്നു ആ നിർഭാഗ്യ ഗോൾ. മത്സരത്തിൽ ഇന്ത്യ ഗോൾ നേടിയതും ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമിലായിരുന്നു. മിന്നും ഫോമിലുള്ള സുനിൽ ഛേത്രിയാണ് കുവൈത്ത് വലയിൽ പന്ത് എത്തിച്ചത്. ഛേത്രിയുടെ 92ാം ഇന്റർനാഷണൽ ഗോളായിരുന്നു അത്. കുവൈത്തിനെതിരെ ഇന്ത്യ സമനില വഴങ്ങിയെങ്കിലും നേരത്തെ സെമി ടിക്കറ്റ് നേടിയിരുന്നു. ഗ്രൂപ്പ് എയിൽ നിന്ന് ഒന്നാം സ്ഥാനം ലഭിച്ചില്ലെന്ന് മാത്രം.

പോയിന്റ് നിലയിൽ ഇന്ത്യയും കുവൈത്തും തുല്യരാണെങ്കിലും ഗോൾ ശരാശരിയിൽ കുവൈത്ത് ഒന്നാം സ്ഥാനം നേടുകയായിരുന്നു. പാകിസ്താൻ, നേപ്പാൾ എന്നിവരായിരുന്നു ഗ്രൂപ്പിലെ മറ്റു ടീമുകൾ. സെമിയിൽ ഇന്ത്യക്ക് ലെബനാൻ ആണ് എതിരാളികൾ. കുവൈത്തിനെപ്പോലെ ശക്തരാണ് ലെബനാനും.

Similar Posts