Football
ജിങ്കന്‍റെ കളി ഇനി യൂറോപ്പില്‍;‍  ക്രൊയേഷ്യന്‍ ക്ലബുമായി കരാര്‍ ഒപ്പിട്ടു
Football

ജിങ്കന്‍റെ കളി ഇനി യൂറോപ്പില്‍;‍ ക്രൊയേഷ്യന്‍ ക്ലബുമായി കരാര്‍ ഒപ്പിട്ടു

Web Desk
|
11 Aug 2021 3:19 PM GMT

2020ലാണ് താരം കേരളാ‌ ബ്ലാസ്റ്റേഴ്സുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നത്. ശേഷം എ.ടി.കെ മോഹൻ ബഗാനിലേക്ക് ചേക്കേറിയ ജിങ്കന്‍ അഞ്ച് വർഷത്തെ കരാറാണ് അവരുമായി ഒപ്പുവെച്ചിരുന്നത്.

ഇന്ത്യന്‍ താരം സന്ദേശ് ജിങ്കന്‍ ഇനി യൂറോപ്പില്‍ ബൂട്ടുകെട്ടും. ക്രൊയേഷ്യൻ ക്ലബായ സിബെനിക്കുമായി താരം കരാറിലെത്തി. ക്രൊയേഷ്യന്‍ ക്ലബുമായി ജിങ്കൻ ഒരു വർഷത്തെ കരാർ ഒപ്പുവെച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സന്ദേശ് ജിങ്കനായി മൂന്ന് യൂറോപ്യൻ ക്ലബുകൾ രംഗത്തുവന്നിരുന്നു. ഗ്രീസ്, ക്രൊയേഷ്യ, ഓസ്ട്രിയ എന്നീ രാജ്യങ്ങളിൽ നിന്നായിരുന്നു ജിങ്കന് ഓഫറുകൾ. ഒടുവില്‍ ക്രൊയേഷ്യന്‍ ക്ലബ് സിബെനികിന്‍റെ ഓഫർ ജിങ്കന്‍ സ്വീകരിക്കുകയായിരുന്നു. ക്രൊയേഷ്യൻ ഒന്നാം ഡിവിഷൻ ക്ലബായ എച്ച്.എൻ.കെ സിബെനിക് കഴിഞ്ഞ ലീഗ് സീസണിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമാണ്.

'എച്ച്.എൻ.കെ സിബെനിക്കുമായി ഞങ്ങൾ ധാരണയിലെത്തി‌. ജിങ്കനെ എത്രയും വേഗം ക്രൊയേഷ്യയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്' സന്ദേശ് ജിങ്കന്‍റെ പ്രതിനിധി ടൈംസ് ഓഫ് ഇന്ത്യയോട്‌ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ജിങ്കൻ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യൂറോപ്യന്‍ ലീഗില്‍ കളിക്കാനുള്ള ആഗ്രം പ്രകടിപ്പിച്ചിരുന്നു.

2020ലാണ് താരം കേരളാ‌ ബ്ലാസ്റ്റേഴ്സുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നത്. ശേഷം എ.ടി.കെ മോഹൻ ബഗാനിലേക്ക് ചേക്കേറിയ ജിങ്കന്‍ അഞ്ച് വർഷത്തെ കരാറാണ് അവരുമായി ഒപ്പുവെച്ചിരുന്നത്. മോഹൻ ബഗാനിൽ ഇനിയും നാല് വർഷത്തെ കരാർ ജിങ്കന് ബാക്കിയുണ്ട്. എങ്കിലും എ.ടി.കെയുമായുള്ള കരാറില്‍ യൂറോപ്യന്‍ ടീമുകളില്‍ നിന്ന് ഓഫർ വന്നാൽ റിലീസ് ചെയ്തു കൊടുക്കാമെന്ന് വ്യവസ്ഥ വെച്ചിരുന്നു.


Similar Posts