വീണ്ടും ഛേത്രി; സാഫ് കപ്പിൽ ഇന്ത്യ നേപ്പാളും കടന്നു
|ഛേത്രിയും മഹേഷ് സിങ്ങുമാണ് ഇന്ത്യക്കായി ഗോള്‍ കണ്ടെത്തിയത്, ജയത്തോടെ ഇന്ത്യ സെമിഫൈനല്‍ ഉറപ്പിച്ചു
ബെംഗളൂരു: സാഫ് കപ്പ് ഫുട്‌ബോളിലെ ആദ്യ മത്സരത്തിൽ പാക്കിസ്താനെ 4-0ന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം മത്സരത്തിന് ഇറങ്ങിയ ഇന്ത്യ നേപ്പാളിനെയും തകർത്തു. എതിരില്ലാത്ത രണ്ട് ഗോളിനാണ് അയല്‍ക്കാരെ വീഴ്ത്തിയത്. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നെങ്കില്‍ 61-ാം മിനിറ്റില്‍ ഛേത്രിയും 70-ാം മിനിറ്റില്‍ നവ്രം മഹേഷ് സിങ്ങും ഇന്ത്യക്കായി ഗോള്‍ കണ്ടെത്തി. ജയത്തോടെ ഇന്ത്യ സെമിഫൈനല്‍ ഉറപ്പിച്ചു.
കളിയുടെ മുഴുവന്‍ സമയവും കളം നിറഞ്ഞ കളിച്ച ഇന്ത്യ നേപ്പാളിനെ ശരിക്കും വരിഞ്ഞ് കിട്ടി. അറുപത്തിമൂന്ന് ശതമാനത്തില്‍ കൂടുതല്‍ ഇന്ത്യയുടെ കയ്യിലായിരുന്നു ബോള്‍. ആദ്യപകുതിയില്‍ ഇരുടീമുകളും മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രംഅകന്നുനിന്നു. ഇന്ത്യയുടെ അറ്റാക്കുകളില്‍ പലതും സഹലിന്റെ ബൂട്ടില്‍ നിന്നാണ് പിറവിയെടുത്തത്. താരത്തിന് അവസരങ്ങളിൽ പലതും ലക്ഷ്യത്തിലേക്ക് തൊടുക്കാൻ ആയില്ല.
രണ്ടാം പകുതിയില്‍ കളിയുടെ ശൈലി മാറ്റിയ ഇന്ത്യ ഗോളടിക്കുമെന്ന് ഉറപ്പിച്ച് തന്നെയാണ് കളത്തിലിറങ്ങിയത്. ആദ്യ മത്സരത്തിൽ എന്ന പോലെ മഴ ഇന്ത്യയുടെ നീക്കങ്ങളെ ബാധിച്ചു.രണ്ടാം പകുതിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച് ഇന്ത്യ നേപ്പാളിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. 61ആം മിനുട്ടിൽ ഇന്ത്യയുടെ ആദ്യ ഗോൾ പിറന്നു. പതിവു പോലെ ക്യാപ്റ്റൻ ഛേത്രിയുടെ ബൂട്ടുകൾ തന്നെ ഇന്ത്യയുടെ രക്ഷയ്ക്കായി എത്തി. മഹേഷിന്റെ പാസിൽ നിന്ന് അനായാസ ഫിനിഷിലൂടെ ഛേത്രി നേപ്പാള്‍ വല കുലുക്കി. ഛേത്രിയുടെ കരിയറിലെ 91ആം അന്താരാഷ്ട്ര ഗോളാണിത്.
പിന്നാലെ 70ആം മിനുട്ടിൽ വീണ്ടും ഇന്ത്യയുടെ മുന്നേറ്റം. ഇപ്രാവശ്യം മഹേഷ് ആയിരുന്നു താരം, സഹൽ നൽകിയ പാസ് സ്വീകരിച്ച് മുന്നേറിയ ഛേത്രിയുടെ ഷോട്ട് ക്രോസ് ബാറിൽ തട്ടി മടങ്ങിയപ്പോൾ മഹേഷ് ആ പന്ത് തട്ടി വലയിലേക്ക് ആക്കി. സ്കോർ 2-0. ജയത്തോടെ ഇന്ത്യ 2 മത്സരങ്ങളിൽ നിന്ന് 6 പോയിന്റിൽ എത്തി. ഗ്രൂപ്പ് എയിൽ കുവൈറ്റിനും 6 പോയിന്റ് ഉണ്ട്. രണ്ട് ടീമുകളും സെമി ഫൈനൽ ഉറപ്പിച്ചു എങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാർ ആരെന്ന് അറിയാനുള്ള പോരാട്ടത്തിൽ ഇരുടീമുകളും അടുത്ത മത്സരത്തിൽ നേർക്കുനേർ വരും.
അതേസമയം, ഗോള്‍വഴങ്ങാതെ തുടര്‍ച്ചയായ ഒമ്പത് മത്സരങ്ങളും ഇന്ത്യ പിന്നിട്ടു. കഴിഞ്ഞവര്‍ഷം ജൂണില്‍ എ.എഫ്.സി. ഏഷ്യന്‍കപ്പ് യോഗ്യതാ മത്സരത്തില്‍ ഹോങ് കോങ്ങിനെതിരേ 4-0ത്തിന് ജയിച്ച മത്സരത്തില്‍ത്തുടങ്ങി ഒമ്പത് മത്സരങ്ങളിലും ഇതുവരെ ഒറ്റഗോളും ഇന്ത്യ വഴങ്ങിയിട്ടില്ല. ഇതിനിടെ 18 ഗോള്‍ അടിച്ചു.