Football
ഉസ്ബകിസ്താനെതിരെ വിജയം ലക്ഷ്യമിട്ട് ഇന്ത്യ; ടീം പ്രഖ്യാപിച്ചു, സഹൽ ഇന്നുമില്ല
Football

ഉസ്ബകിസ്താനെതിരെ വിജയം ലക്ഷ്യമിട്ട് ഇന്ത്യ; ടീം പ്രഖ്യാപിച്ചു, സഹൽ ഇന്നുമില്ല

Web Desk
|
18 Jan 2024 2:13 PM GMT

ഓസീസിനെതിരെ ക്യാപ്റ്റൻ സുനിൽ ഛേത്രിയെ ഏക സ്‌ട്രൈക്കറാക്കിയ 4-2-3-1 ശൈലിക്ക് പകരം 4-3-3 എന്ന ഫോർമേഷനിലാണ് ഉസ്‌ബെക്കിസ്താനെതിരെ ഇറങ്ങുന്നത്.

റയാൻ: ഏഷ്യൻ കപ്പ് ഫുട്‌ബോളിൽ ഉസ്ബകിസ്താനെ നേരിടുന്ന ഇന്ത്യൻ ടീമിൽ മലയാളി താരം സഹൽ അബ്ദുൽ സമദ് ഇടം പിടിച്ചില്ല. ആസ്‌ത്രേലിയക്കെതിരായ ആദ്യ മാച്ചിലും യുവതാരം കളിച്ചിരുന്നില്ല. കെ.പി രാഹുൽ സബ്സ്റ്റിറ്റിയൂട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.

ആസ്‌ത്രേലിയക്കെതിരെ ഇറങ്ങിയ ടീമിൽ രണ്ട് മാറ്റവുമായാണ് ഇഗോർ സ്റ്റിമാക് ടീമിനെ വിന്യസിച്ചിരിക്കുന്നത്. ഓസീസിനെതിരെ ക്യാപ്റ്റൻ സുനിൽ ഛേത്രിയെ ഏക സ്‌ട്രൈക്കറാക്കിയ 4-2-3-1 ശൈലിക്ക് പകരം 4-3-3 എന്ന ഫോർമേഷനിലാണ് ഉസ്‌ബെക്കിസ്താനെതിരെ ഇറങ്ങുന്നത്. മുന്നേറ്റത്തിൽ നവോറം മഹേഷ് സിങ്, മൻവീർ സിങ് എന്നിവർ ഛേത്രിക്കൊപ്പം കളിക്കും. മധ്യനിരയിൽ അനിരുദ്ധ് ഥാപ ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തിയതാണ് പ്രധാന മാറ്റം. വാങ്ജാം, ലാലെങ്മാവിയ റാൾട്ടെ എന്നിവരും മധ്യനിരയിൽ കളിമെനയും. പ്രതിരോധത്തിലാണ് മറ്റൊരു മാറ്റം വരുത്തിയത്. സുബാശിഷ് ബോസിന് പകരം നിഖിൽ പൂജാരിക്ക് ഇടം നൽകി. എന്നാൽ ഓസീസിനെതിരെ മികച്ച പ്രകടനം നടത്തിയ സെൻട്രൽ ഡിഫൻസിൽ മാറ്റി പരീക്ഷിച്ചില്ല. സന്തേഷ് ജിംഗൻ-രാഹുൽ ബേക്കെ കൂട്ടുകെട്ട് തുടരും.

ആദ്യ കളിയിൽ തോൽവി നേരിട്ട ഇന്ത്യക്ക് പ്രീക്വാർട്ടർ സ്വപ്‌നം കാണണമെങ്കിൽ ഇന്ന് ജയം അനിവാര്യമാണ്. സമനിലപോലും പുറത്തേക്കുള്ള വഴിയൊരുക്കും. കങ്കാരുക്കൾക്കെതിരെ കളിച്ച ഡിഫൻസീവ് ശൈലി വിട്ട് അക്രമണമായിരിക്കും ഇന്ത്യ ഇന്ന് പുറത്തെടുക്കു. വൈകിട്ട് എട്ട് മണിക്കാണ് മത്സരം. ഉസ്‌ബെക്കിസ്ഥാനതിരെ ഇന്ന് ജയിച്ചാൽ അത് ചരിത്രംകൂടിയാകും. ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയ ആറ് മത്സരങ്ങളിൽ നാലിലും ഇന്ത്യ പരാജയപ്പെടുകയാണുണ്ടായത്. രണ്ട് മത്സരങ്ങളിൽ സമനിലയായിരുന്നു ഫലം. 39കാരനായ ക്യാപ്റ്റൻ സുനിൽ ഛേത്രിയിൽ തന്നെയാണ് ഇന്ത്യയുടെ ഗോൾ പ്രതീക്ഷകൾ. ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 102-ാം സ്ഥാനത്തും ഉസ്‌ബെക്കിസ്ഥാൻ 68-ാമതുമാണ്. ആദ്യ മത്സരത്തിൽ സിറിയയോട് തോറ്റ ഉസ്‌ബെക്കിസ്താനും മത്സരം നിർണായകമാണ്.

Similar Posts