Football
Lallianzuala Chhangte, Indian Football

ചാങ്തെ- വിമാനത്തില്‍ നിന്നും

Football

ചാങ്‌തെക്ക് വിമാനത്തിലും കയ്യടി, എഴുന്നേറ്റ് കൈവീശി താരം

Web Desk
|
5 July 2023 3:13 PM GMT

മത്സരത്തിൽ ഇന്ത്യ നേടിയ ഗോൾ ചാങ്‌തെയുടെ കാലുകളിൽ നിന്നായിരുന്നു, അതോടെ ഇന്ത്യ ഒപ്പമെത്തി(1-1)

ബംഗളൂരു: സാഫ് കപ്പിലെ നേട്ടത്തിൽ ആവേശം കൊള്ളുകയാണ് ഇന്ത്യൻ ജനത. ഫുട്‌ബോൾ ലോകത്ത് ഇന്ത്യയുടെ ചിത്രം വലുതാകുകയാണ്. സാഫിലേതുൾപ്പെടെ അടുത്തടുത്തായി രണ്ട് ടൂർണമെന്റുകളിലാണ് ഇന്ത്യ കപ്പുംകൊണ്ടുപോയത്. അതിൽ ഒടുവിലത്തേത് ആയിരുന്നു സാഫിലെ നേട്ടം, അതും ഒമ്പതാം തവണ.

റാങ്കിങിൽ ഇന്ത്യയെക്കാളും പിന്നിലാണെങ്കിലും പാരമ്പര്യംകൊണ്ടും കളിമികവ് കൊണ്ടും മുന്നിലുള്ള കുവൈത്തിനെ വീഴ്ത്തിയാണ് ഇന്ത്യയുടെ സാഫ് നേട്ടം. ആദ്യം ഒന്ന് പതറിയെങ്കിലും വീര്യംചോരാതെ ഇന്ത്യ, മൈതാനത്ത് നിറഞ്ഞുകളിച്ചപ്പോൾ കളി ആവേശമാകുകയായിരുന്നു, നിശ്ചിത സമയത്തും അധിക സമയത്തും പിന്നെ ഷൂട്ടൗട്ടിലും ഒടുവിൽ സഡൻ ഡെത്തിലാണ് വിധി വന്നത്. മത്സരത്തിൽ ഒരോ ഗോൾ വീതം നേടി ഇന്ത്യയും കുവൈത്തും സമനില പാലിക്കുകയായിരുന്നു. ഇതിൽ ഇന്ത്യയുടെ ഒരുഗോൾ മണിപ്പൂരുകരാൻ ലാലിയൻസുവാല ചാങ്‌തെയുടെ കാലുകളിൽ നിന്നായിരുന്നു.

മലയാളി താരം സഹൽ നീട്ടിനൽകിയൊരു പന്തിൽ സുന്ദര ഫിനിഷിങ്. 38ാം മിനുറ്റിലായിരുന്നു ആ ഗോൾ. അതോടെ ഇന്ത്യ ഒപ്പമെത്തുകയായിരുന്നു. ഇതോടെ ചാങ്‌തെ ഹീറോയായി. സമൂഹമാധ്യമങ്ങളിലും താരം നിറഞ്ഞു. കിരീട ശേഷം ചാങ്‌തെയുടെ ഒരു വീഡിയോയാണ് ഇപ്പോൾ ഫുട്‌ബോൾ പ്രേമികൾക്കിടയിൽ തരംഗമാകുന്നത്. നാട്ടിലേക്ക് വിമാനം കയറിയ ചാങ്‌തെയെ വിമാനത്തിനുള്ളിലും കയ്യടികളോടെയാണ് സഹയാത്രക്കാർ സ്വീകരിക്കുന്നത്. ഫ്‌ളൈറ്റ് ജീവനക്കാർ ഇക്കാര്യം മൈക്കിലൂടെ അനൗൺസ് ചെയ്യുന്നതും കേൾക്കാം.

എയർഹോസ്റ്റസ് ഉൾപ്പെടെ ചാങ്തയുടെ ചിത്രമെടുക്കുന്നതും വീഡിയോയിലുണ്ട്. കയ്യടികൾക്കിടെ ഒടുവിൽ എഴുന്നേറ്റ് നിന്നാണ് ചാങ്‌തെ എല്ലാവർക്കും നന്ദി അറിയിക്കുന്നത്. വീഡിയോ ഇതിനകം തരംഗമായി. നിരവധി ലൈക്കുകളും റീട്വീറ്റുകളുമായി ഈ വീഡിയോ സജീവമാകുകയാണ്. പ്രമുഖ കായിക പ്രേമികളും വെബ്സൈറ്റുകളുമെല്ലാം വീഡിയോ പങ്കുവെക്കുന്നുണ്ട്. ഇന്ത്യൻ ഫുട്‌ബോളിന്റെ ഈ വർഷത്തെ മികച്ച താരമായും തെരഞ്ഞെടുത്തത് ചാങ്‌തെയെയായിരുന്നു

Similar Posts