'നിങ്ങളറിയുന്ന ഐ.എം വിജയനിലേക്ക് യാത്ര തുടങ്ങിയത് ഈ മനുഷ്യന്റെ കൈപിടിച്ചാണ്'; വഴികാട്ടിയുടെ ചിത്രം പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം
|ഒന്നുമല്ലാതിരുന്ന ഒരു കുട്ടിയെ അറിയപ്പെടുന്ന പന്തുകളിക്കാരനാക്കാൻ എന്ത് ത്യാഗത്തിനും സന്നദ്ധനായിരുന്നു പറമ്പൻ സാറെന്നു ഐ.എം വിജയൻ
തന്നെ ഫുട്‌ബോളിന്റെ മഹാലോകത്തേക്ക് കൈപിടിച്ചുയർത്തിയയാളുടെ ചിത്രം പങ്കുവെച്ച് മുൻ ഇന്ത്യൻ ഫുടബോളർ ഐ.എം വിജയൻ. സ്‌പോർട്‌സ് കൗൺസിലിന്റെ ത്രിവത്സര ക്യാമ്പിലേക്ക് നിർബന്ധപൂർവം ഐ.എം വിജയനെ കൂട്ടിക്കൊണ്ടുപോയ ജോസ് പറമ്പന്റെ ചിത്രമാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചത്. വർഷങ്ങളായി തേടിനടന്ന ചിത്രം ഇന്ന് യാദൃച്ഛികമായി കയ്യിൽ കിട്ടിയതാണെന്നും ഒന്നുമല്ലാതിരുന്ന ഒരു കുട്ടിയെ അറിയപ്പെടുന്ന പന്തുകളിക്കാരനാക്കാൻ എന്ത് ത്യാഗത്തിനും സന്നദ്ധനായിരുന്നു പറമ്പൻ സാറെന്നും അദ്ദേഹം കുറിച്ചു.
ഐ.എം വിജയന്റെ കുറിപ്പിന്റെ പൂർണ രൂപം
വർഷങ്ങളായി ഞാൻ തേടിനടന്ന ചിത്രം. ഇന്നത് തികച്ചും യാദൃച്ഛികമായി കയ്യിൽ വന്നുപെട്ടപ്പോൾ, അറിയാതെ കണ്ണുകൾ നിറഞ്ഞു. ജീവിതത്തിലെ മറക്കാനാവാത്ത ഒരു കാലത്തിന്റെ ഓർമ്മകൾ മുഴുവൻ മനസ്സിൽ ഒഴുകിയെത്തി. ഈ ചിത്രം എന്റെ കയ്യിൽ എത്തിച്ച ദൈവത്തിന് എങ്ങനെ നന്ദി പറയാതിരിക്കും?
ഇത് ജോസ് പറമ്പൻ. നിങ്ങളറിയുന്ന ഇന്നത്തെ ഐ എം വിജയൻ എന്ന വ്യക്തിയിലേക്ക്, കളിക്കാരനിലേക്ക്, ഞാൻ യാത്ര തുടങ്ങിയത് ഈ വലിയ മനുഷ്യന്റെ കൈപിടിച്ചാണ്. കോലോത്തുംപാടത്ത് തുണിപ്പന്ത് കെട്ടി കളിച്ചു നടന്ന ഒരു കുട്ടിയിൽ എന്തോ ഒരു പ്രത്യേകത കണ്ടിരിക്കണം അദ്ദേഹം. സ്‌പോർട്‌സ് കൗൺസിലിന്റെ ത്രിവത്സര ക്യാമ്പിലേക്ക് എന്നെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടുപോയത് അതുകൊണ്ടാവുമല്ലോ.
ഒന്നുമല്ലാതിരുന്ന ഒരു കുട്ടിയെ അറിയപ്പെടുന്ന പന്തുകളിക്കാരനാക്കാൻ എന്ത് ത്യാഗത്തിനും സന്നദ്ധനായിരുന്നു പറമ്പൻ സാർ. തൃശൂരിനപ്പുറം ഒരു ലോകമില്ലായിരുന്ന അവനെ നെഹ്റു കപ്പ് കാണിക്കാൻ ബസ്സിൽ എറണാകുളത്തേക്ക് കൂട്ടിക്കൊണ്ടുപോയത് അദ്ദേഹമായിരുന്നു. ആരുമല്ലാത്ത ഒരു കുട്ടിക്ക് വേണ്ടി, എല്ലാ ജീവിതത്തിരക്കുകളും മാറ്റിവെച്ചുള്ള ആ യാത്ര. അങ്ങനെ എത്രയെത്ര ഓർമ്മകൾ.
ആരായിരുന്നു എനിക്ക് ജോസ് പറമ്പൻ? ഗുരുവെന്നോ വഴികാട്ടിയെന്നോ സ്വന്തം മകനെപ്പോലെ എന്നെ സ്‌നേഹിച്ച ആളെന്നോ ഒക്കെ വിളിക്കാം. ഒരു ഫുട്ബാളർ എന്ന നിലയിലുള്ള എന്റെ എല്ലാ വളർച്ചക്കും അടിത്തറയിട്ടത് അദ്ദേഹമാണ്. ആ അടിത്തറയിൽ നിന്ന് തുടങ്ങുന്നു എന്റെ ഫുട്ബാൾ ജീവിതം.
ഇന്ന് പറമ്പൻ സാർ നമുക്കൊപ്പമില്ല. എങ്കിലും, അദ്ദേഹത്തെ കുറിച്ചോർക്കാത്ത, അദ്ദേഹത്തെ മനസ്സ് കൊണ്ട് നമിക്കാത്ത ഒരു ദിവസം പോലുമില്ല എന്റെ ജീവിതത്തിൽ. ഈ ചിത്രം എന്നെ വീണ്ടും ആ ഓർമ്മകളിലേക്ക് തിരികെ നടത്തുന്നു. ഒരിക്കലുമൊരിക്കലും മായാത്ത, മരിക്കാത്ത ആ ഓർമ്മകൾ ഇതാ ഈ നിമിഷവും എന്റെ കണ്ണുകൾ ഈറനാക്കുന്നു...
പ്രണാമം, ജോസ് പറമ്പൻ സാർ...
റഷ്യയിലെ അർഹാങ്കിൽസ്‌ക് നോർത്തേൺ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റി ഡിഗ്രി ഓഫ് ഡോക്ടർ ഓഫ് സ്പോർട്‌സ് നൽകി ഐ.എം വിജയനെ ആദരിച്ചിരുന്നു. ഇന്ത്യൻ ഫുട്ബോളിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഡോക്ടറേറ്റ് നൽകിയത്.
17ാം വയസിൽ കേരള പൊലീസിലൂടെയായിരുന്നു വിജയന്റെ കരിയറിന്റെ തുടക്കം. 1989ൽ ആദ്യമായി ഇന്ത്യക്കുവേണ്ടി അരങ്ങേറി. 1993, 1997, 1999 വർഷങ്ങളിൽ രാജ്യത്തെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. 1999ൽ 13 കളികളിൽ നിന്നും പത്തു ഗോളുകൾ വിജയൻ അടിച്ചിരുന്നു. 2000 മുതൽ 2004 വരെ ഇന്ത്യൻ ടീമിനെ നയിച്ചതും വിജയനായിരുന്നു. 79 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും 40 ഗോളുകൾ നേടിയിട്ടുണ്ട്.
ഫുട്‌ബോളിലെ ഏറ്റവും വേഗതയേറിയ ഗോളുകളിലൊന്നിന്റെ റെക്കോഡും വിജയന്റെ പേരിലാണ്. 1999ലെ സാഫ് കപ്പിൽ ഭൂട്ടാനെതിരെ 12-ാം സെക്കൻഡിൽ ഗോളടിച്ച് വിജയൻ ഞെട്ടിച്ചിരുന്നു. 1999 ദക്ഷിണേഷ്യൻ ഗെയിംസിൽ പാകിസ്താനെതിരെ ഹാട്രിക്ക് നേടി. 2003-ൽ ഇന്ത്യയിൽ നടന്ന ആഫ്രോ-ഏഷ്യൻ ഗെയിസിൽ നാലു ഗോളുകളുമായ വിജയൻ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനായി. അതായിരുന്നു അദ്ദേഹത്തിന്റെ ഇന്ത്യൻ കുപ്പായത്തിലെ അവസാന ടൂർണമെന്റ്. 2003ൽ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചിരുന്നു.
മോഹൻ ബഗാൻ, കേരള പൊലീസ്, എഫ്.സി കൊച്ചിൻ. ജെ.സി.ടി എന്നീ ക്ലബുകൾക്ക് വേണ്ടിയും വിജയൻ കളിച്ചിട്ടുണ്ട്. ബൂട്ടഴിച്ച ശേഷം പുതിയ താരങ്ങളെ വളർത്തിക്കൊണ്ടുവരാൻ അക്കാദമി സ്ഥാപിച്ചിട്ടുണ്ട് വിജയൻ.
ഐ.എം വിജയനെ മുമ്പ് കേരള പൊലീസ് ഫുട്ബോൾ അക്കാദമി ഡയറക്ടറായി നിയമിച്ചിരുന്നു. സംസ്ഥാന ഫുട്ബോൾ ടീമിലും ഇന്ത്യൻ ഫുട്ബോൾ ടീമിലും അംഗമായിരുന്ന ഐ.എം വിജയൻ ഓൾ ഇന്ത്യ പൊലീസ് ഗെയിംസ് ഫെഡറേഷൻ കപ്പ് ഉൾപ്പെടെ നിരവധി ചാമ്പ്യൻഷിപ്പുകൾ കേരള പൊലീസിന് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
Indian footballer IM Vijayan shared the picture of the man who raised him to the world of football.