മലയാളി താരം ആശിഖ് കുരുണിയന്റെ ഗോളിൽ സിംഗപ്പൂരിനെതിരെ ഇന്ത്യക്ക് സമനില
|മൈതാന മധ്യത്തുനിന്ന് മലയാളി മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദ് ഇന്റർസെപ്റ്റ് ചെയ്‌തെടുത്ത പന്താണ് ഗോളിൽ കലാശിച്ചത്.
ഹോചിമിൻ സിറ്റി: ഇന്ത്യ-സിംഗപ്പൂർ സൗഹൃദ ഫുട്‌ബോൾ മത്സരം 1-1ന് സമനിലയിൽ അവസാനിച്ചു. ആദ്യപകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. മലയാളി താരം ആശിഖ് കുരുണിയനാണ് ഇന്ത്യക്കായി ഗോൾ നേടിയത്.
പതിയെ തുടങ്ങിയ മത്സരത്തിൽ തുടക്കത്തിൽ നല്ല അവസരങ്ങളൊന്നും വന്നിരുന്നില്ല. 35-ാം മിനുട്ടിൽ ഫ്രീകിക്ക് ഗോളിലൂടെ സിംഗപ്പൂരാണ് ലീഡ് നേടിയത്. ഇക്‌സാൻ ഫാൻഡിയാണ് ഗോൾ നേടിയത്. 43-ാം മിനുട്ടിൽ ഇന്ത്യ ഗോൾ മടക്കി. സുനിൽ ഛേത്രിയുടെ പാസിൽനിന്നായിരുന്നു ആഷിഖിന്റെ ഗോൾ. ഇതോടെ ആദ്യ പകുതി 1-1ന് അവസാനിച്ചു.
മൈതാന മധ്യത്തുനിന്ന് മലയാളി മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദ് ഇന്റർസെപ്റ്റ് ചെയ്‌തെടുത്ത പന്താണ് ഗോളിൽ കലാശിച്ചത്. സഹൽ നൽകിയ പാസ് ക്യാപ്റ്റൻ സുനിൽ ഛേത്രി ബോക്‌സിന് മുന്നിൽ ആശിഖിന് മറിച്ചു നൽകി. ഗോളി മാത്രം മുമ്പിൽ നിൽക്കെ ആഷിഖ് മികച്ച ഫിനിഷിങ്ങിലൂടെ പന്ത് വലയിലാക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ ഇന്ത്യയുടെ തുടക്കം നന്നായെങ്കിലും മികച്ച അവസരങ്ങളൊന്നും ഗോളാക്കി മാറ്റാനായില്ല. സെപ്റ്റംബർ 27ന് വിയറ്റ്‌നാമിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ഒരുപാട് കാര്യങ്ങൾ നന്നായി ചെയ്യാമായിരുന്നുവെന്നും തങ്ങൾ നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സുനിർ ഛേത്രി പറഞ്ഞു. ''ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്ക് നന്നായി ചെയ്യാമായിരുന്നു. ഞങ്ങൾ നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തി. നമ്മളോട് തന്നെ കൂടുതൽ പരുക്കനാവാതെ നമുക്ക് മുന്നോട്ടുപോകാം. കാലാവസ്ഥയെ കുറ്റപ്പെടുത്താനില്ല. നമ്മൾ എങ്ങനെകളിച്ചുവെന്നതാണ് പ്രധാനം. വിയറ്റ്‌നാം സിംഗപ്പൂരുമായി കളിച്ചത് നാം കണ്ടതാണ്. അവർ മികച്ച ടീമാണ്. അവരുമായി കളിക്കുമ്പോൾ നമ്മൾ ഒരുപാട് മെച്ചപ്പെടേണ്ടതുണ്ട്''- ഛേത്രി പറഞ്ഞു.