സഞ്ജുവിനെ വീണ്ടും തഴഞ്ഞു; ഇന്ത്യക്കെതിരെ അഫ്ഗാന് ബാറ്റിങ്
|ഇൻഡോർ ട്വന്റി 20 ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാകും.
ഇൻഡോർ: അഫ്ഗാനിസ്താനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചില്ല. വിരാട് കോഹ്ലി ൧൪ മാസത്തിന് ശേഷം ട്വന്റി 20 ടീമിലേക്ക് മടങ്ങിയെത്തി. തിലക് വർമ്മയെ മാറ്റിനിർത്തി. ശുഭ്മാൻ ഗിലിന് പകരം യശ്വസി ജെയ്സ്വാൾ കളിക്കും. ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്താനെ ബാറ്റിങിനയച്ചു. അഫ്ഗാൻ നിരയിൽ സ്പിന്നർ നൂർ അഹമ്മദ് ഇടം പിടിച്ചു. ഇൻഡോർ ട്വന്റി 20 ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാകും.
കോഹ്ലിയുടെ തിരിച്ചുവരവിനൊപ്പം മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിക്കുമോയെന്ന കാര്യത്തിൽ ആകാംക്ഷയുണ്ടായിരുന്നു. നീണ്ട കാലത്തിന് ശേഷമാണ് വീണ്ടും ട്വന്റി 20 സ്ക്വാർഡിലേക്ക് സഞ്ജുവിന് വിളിയെത്തിയത്. അതേസമയം, ആദ്യ ട്വന്റി 20യിൽ മികച്ച പ്രകടനം നടത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജിതേഷ് ശർമ്മയെ മാറ്റി പരീക്ഷിക്കാൻ മാനേജ്മെന്റ് തയാറായില്ല. ഇതോടെ സഞ്ജുവിന്റെ സാധ്യതകൾ അടഞ്ഞു. യുവ താരങ്ങളായ റിങ്കു സിങ്, ശിവം ദുബെ മധ്യനിരയിൽ തുടരും. ട്വന്റി 20 ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ സീനിയർ താരങ്ങളായ കോഹ്ലിക്കും രോഹിതിനും അഫ്ഗാൻ പരമ്പര പ്രധാനമാണ്. മൊഹാലി മാച്ചിൽ വിവാദ റണ്ണൗട്ടിലൂടെ ഇന്ത്യൻ ക്യാപ്റ്റൻ പൂജ്യത്തിന് പുറത്തായിരുന്നു. ശുഭ്മാൻ ഗിലിന് പകരം ജെയ്സ്വാൾ രോഹിതിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യും.
മൊഹാലിയിലെ ആദ്യ ടി20യിൽ തോറ്റ അഫ്ഗാന് പരമ്പരയിൽ പ്രതീക്ഷ നിലനിർത്താൻ ഇൻഡോറിൽ ജയം അനിവാര്യമാണ്. മൊഹാലിയിൽ 158 റൺസെടുത്ത അഫ്ഗാനെതിരെ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. പരിക്ക് പൂർണമായി ഭേദമാകാത്തതിനാൽ റാഷിദ് ഖാൻ ഇന്നും ടീമിലില്ല. ഇന്ത്യൻ സാഹചര്യങ്ങളിൽ നന്നായി പന്തെറിയുന്ന നൂർ മുഹമ്മദിൽ അഫ്ഗാൻ വലിയ പ്രതീക്ഷയാണ്. മുജീബ് ഉൽ റഹ്മാനും ടീമിലുണ്ട്. റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, അസ്മത്തുള്ള ഒമർസായ്, മുഹമ്മദ് നബി അടങ്ങിയ മുന്നേറ്റ താരങ്ങൾ ഫോമിലേക്കുയർന്നാൽ ഇന്ത്യക്ക് വലിയ വെല്ലുവിളിയാകും.