ഒന്നിന് പകരം നാലെണ്ണം: അത്‌ലറ്റികോ മാഡ്രിഡിനെ തകർത്ത് ഇന്ത്യൻ കൗമാരസംഘം, കയ്യടി
|മത്സരം തുടങ്ങി ആറാം മിനുറ്റിൽ തന്നെ അത്‌ലറ്റികോ വലയിൽ പന്ത് എത്തിക്കാൻ ബിബിയാനോ ഫെർണാണ്ടസിന്റെ(ഇന്ത്യൻ അണ്ടർ 17 പരിശീലകൻ) കുട്ടികൾക്കായി
മാഡ്രിഡ്: യൂറോപ്പിലെ വമ്പൻ ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡിന്റെ കൗമാര സംഘത്തെ തോൽപിച്ച് ഇന്ത്യയുടെ കുട്ടികള്‍. മാഡ്രിഡിലെ അൽകാല ഡി ഹനാരെസിൽ നടന്ന അണ്ടർ 17 സൗഹൃദ ഫുട്‌ബോളിലായിരുന്നു അത്‌ലറ്റികോ അണ്ടർ 17ന് മേലുള്ള ഇന്ത്യന്‍ അണ്ടർ 17 സംഘത്തിന്റെ ആധികാരിക വിജയം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. കോറുസിങ്, ലാൽപെഖ്‌ലുവ, ശ്വാശ്വത്, ഗോഗോച്ച എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ഗോളുകൾ നേടിയത്. ഗബ്രിയേൽ വകയായിരുന്നു അത്‌ലറ്റിക്കോയുടെ ആശ്വാസഗോൾ.
എ.എഫ്.സി അണ്ടർ17 ഏഷ്യാകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ സൗഹൃദ മത്സരമായിരുന്നു. സ്‌പെയിനിലെ ആദ്യ മത്സരത്തിൽ തന്നെ ജയത്തോടെ തുടങ്ങാനായത് ഇന്ത്യൻ സംഘത്തിന് ആശ്വാസമായി. മത്സരം തുടങ്ങി ആറാം മിനുറ്റിൽ തന്നെ അത്‌ലറ്റികോ വലയിൽ പന്ത് എത്തിക്കാൻ ബിബിയാനോ ഫെർണാണ്ടസിന്റെ(ഇന്ത്യൻ അണ്ടർ 17 പരിശീലകൻ) കുട്ടികൾക്കായി. കോറൂ സിങാണ് ഇന്ത്യക്കായി ആദ്യ ഗോൾ നേടിത്. തന്റെ സ്വതസിദ്ധശൈലിയിൽ വലത് ഭാഗത്ത് നിന്നായിരുന്നു കോറുവിന്റെ ഗോളിലേക്കുള്ള നീക്കം. തിരിച്ചടിക്കാനുള്ള അത്‌ലറ്റിക്കോയുടെ ശ്രമങ്ങളായിരുന്നു പിന്നീട്.
ഇന്ത്യൻ ബോക്‌സിൽ നിരന്തരം പന്ത് എത്തിച്ച അത്‌ലറ്റിക്കോയെ ഞെട്ടിച്ച് ഇന്ത്യ രണ്ടാം ഗോളും നേടി. 32ാം മിനുറ്റിൽ ലാൽപെഖ്‌ലുവയാണ് ഇത്തവണ വലകുലുക്കിയത്. അതിലേക്ക് വഴിവെച്ചത് ആദ്യഗോൾ നേടിയ കോറു സിങും. രണ്ട് മിനിറ്റുകൾക്കിപ്പുറം അത്‌ലറ്റിക്കോയുടെ നെഞ്ചിൽ തീകോരിയിട്ട് ഇന്ത്യയുടെ മൂന്നാംഗോളും. ശ്വാശതിനായിരുന്നു ഇത്തവണ അത്‌ലറ്റിക്കോ വലയിൽ പന്ത് എത്തിക്കാനുള്ള നിയോഗം. മികച്ച നീക്കത്തിലൂടെ ലാൽപെഖ്‌ലുവ എത്തിച്ച പന്ത് ശ്വാശത് ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു. പിന്നാലെ ഉണർന്ന് കളിച്ച മാഡ്രിഡ് ഒന്ന് തിരിച്ചടിച്ചു ശ്വാസം വീണ്ടെടുത്തു. 38ാം മിനുറ്റിൽ ഗബ്രിയേലായിരുന്നു ഇന്ത്യൻ വലയിൽ പന്ത് എത്തിച്ചത്. റീബൗണ്ടായ വന്ന പന്തിൽ നിന്നായിരുന്നു ഗബ്രിയേലിന്റെ ഗോൾ.
ഗബ്രിയേലിന്റെ ആദ്യ ശ്രമം ഗോൾകീപ്പർ സാഹിൽ വിദഗ്ധമായി തട്ടിയെങ്കിലും പന്ത് വീണ്ടും ഗബ്രിയേലിന്റെ കാലുകളിൽ തന്നെ എത്തി. രണ്ട് ഗോളിന്റെ മുൻതൂക്കവുമായി ഇന്ത്യ ഒന്നാം പകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ അത്‌ലറ്റികോ മാഡ്രിഡ് പാറപോലെ ഉറച്ചുനിന്നെങ്കിലും ഇന്ത്യൻ ഗോൾമുഖത്ത് അപകടം വിതച്ചു. എന്നാൽ ഗോൾകീപ്പർ സാഹിലിന്റെ മിന്നുംഫോം ഇന്ത്യയുടെ രക്ഷക്കെത്തി. മത്സരം അവസാനിക്കാൻ മിനുറ്റുകൾ ബാക്കിനിക്കെ അത്‌ലറ്റിക്കോയുടെ പെട്ടിയിൽ അവസാന ആണിയും ഇന്ത്യ അടിച്ചു. കോറൂ സിങ് വെട്ടിച്ചുകൊണ്ടുവന്ന പാസിൽ ഗോഗോച്ചയുടെ മനോഹര ഫിനിഷിങ്. അതോടെ ഇന്ത്യയുടെ ആത്മവിശ്വാസം വാനോളം ഉയർത്തിയ വിജയം. ഈ മാസം 25ന് ലെഗനസുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Summary-India U-17 beat Atletico de Madrid in first of a series of friendlies in Spain