ഏഷ്യൻ കപ്പിൽ ഞെട്ടൽ; ജപ്പാനെ കീഴടക്കി ഇറാഖിന്റെ കുതിപ്പ്
|42 വർഷങ്ങൾക്ക് ശേഷമാണ് ജപ്പാനെതിരെ ഇറാഖ് ജയം നേടുന്നത്.
ദോഹ: ഖത്തർ ലോകകപ്പിൽ യൂറോപ്യൻ വമ്പൻമാരെ ഞെട്ടിച്ച് ശ്രദ്ധനേടിയവരാണ് ജപ്പാൻ. എന്നാൽ വൻകര പോരിൽ കരുത്തരായ സാമുറായികളെ കീഴടക്കി ഇറാഖിന്റെ അട്ടിമറി. എഎഫ്സി ഏഷ്യൻ കപ്പിൽ നാല് തവണ ചാമ്പ്യന്മാരായ ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇറാഖ് തകർത്തത്. ഇറാഖിന് വേണ്ടി സ്ട്രൈക്കർ അയ്മൻ ഹുസൈൻ ഇരട്ടഗോൾ നേടി തിളങ്ങി. 42 വർഷങ്ങൾക്ക് ശേഷമാണ് ജപ്പാനെതിരെ ഇറാഖ് ജയം നേടുന്നത്.
നിലയുറപ്പിക്കും മുൻപ് തന്നെ ജപ്പാന് പ്രഹരമേൽപ്പിക്കാൻ ഇറാഖിനായി. അയ്മൻ ഹുസൈനിലൂടെ അഞ്ചാംമിനിറ്റിൽ മുന്നിലെത്തി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ അയ്മൻ തന്നെ ഇറാഖിന്റെ ലീഡ് രണ്ടാക്കി ഉയർത്തി.
രണ്ടാം പകുതിയിൽ ഗോൾ മടക്കാനായി ജപ്പാൻ ആക്രമണം ശക്തമാക്കിയെങ്കിലും പ്രതിരോധ കോട്ടകെട്ടി പിടിച്ചുനിന്നു. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ ലിവർപൂൾ താരം വറ്റാരു എൻഡോ(90+3) ജപ്പാന് വേണ്ടി വല കുലുക്കിയെങ്കിലും ഇറാഖിന്റെ വിജയം തടയാനായില്ല. വിജയത്തോടെ പ്രീക്വാർട്ടർ പ്രവേശനം നേടാനും ഇറാഖിനായി. രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ ഒന്നാമതാണ് ഇറാഖ്. രണ്ട് കളിയിൽ നിന്ന് ഒരുജയംമാത്രമുള്ള ജപ്പാൻ രണ്ടാം സ്ഥാനത്താണ്.