കന്നിക്കിരീടത്തിന് എ.ടി.കെ മോഹൻബഗാൻ, രണ്ടാം കിരീടം ലക്ഷ്യമിട്ട് ബെംഗളൂരു; ഐ.എസ്.എല്ലിൽ ഇന്ന് കലാശപ്പോര്
|വൈകീട്ട് ഏഴരയ്ക്ക് ഗോവയിലെ ഫത്തോർദ സ്‌റ്റേഡിയത്തിലാണ് മത്സരം
പനാജി: മോഹൻ ബഗാനുമായി ഒന്നിച്ച ശേഷം കന്നിക്കിരീടം ലക്ഷ്യമിട്ട് അത്‌ലെറ്റിക്കോ കൊൽക്കത്ത(എ.ടി.കെ). രണ്ടാം കിരീടം സ്വപ്‌നം കണ്ട് ബെംഗളൂരു എഫ്.സി. ഐ.എസ്.എല്ലിന്റെ പുതിയ രാജാക്കന്മാരെ ഇന്നറിയാം. തീപ്പാറും കലാശപ്പോരാട്ടത്തിന് ഇന്ന് വൈകീട്ട് ഏഴരയ്ക്ക് ഗോവയിലെ ഫത്തോർദ സ്‌റ്റേഡിയത്തിൽ കിക്കോഫ്.
2020 ജനുവരിയിലാണ് മോഹൻബഗാനുമായി എ.ടി.കെ ലയിക്കുന്നത്. ഇതിനുമുൻപ് മൂന്നുതവണ ഐ.എസ്.എൽ ജേതാക്കളായിരുന്നു എ.ടി.കെ. അതേസമയം, 2018-19 സീസണിലെ ചാംപ്യന്മാരായിരുന്നു ബെംഗളൂരു എഫ്.സി. സീസണിൽ ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും എ.ടി.കെ ബെംഗളൂരുവിനെ തോൽപിച്ചിരുന്നു. ഇതിനുമുൻപ് ആറുതവണ ഇരുടീമും നേർക്കുനേർ വന്നപ്പോഴും ഒരൊറ്റ മത്സരം മാത്രമാണ് ബെംഗളൂരുവിന് ജയിക്കാനായത്. അതിനാൽ, ഫൈനലിൽ മാനസികമായ മേധാവിത്വം എ.ടി.കെയ്ക്കായിരിക്കും.
സെമിയിൽ നിലവിലെ ചാംപ്യന്മാരായ ഹൈദരാബാദിനെ ഷൂട്ടൗട്ടിൽ മറികടന്നാണ് എ.ടി.കെ ഫൈനലിലേക്ക് കുതിച്ചത്. അസാമാന്യ പോരാട്ടവീര്യവുമാണ് എ.ടി.കെ ഗോവയിലേക്ക് വരുന്നത്. ആകെ 17 ഗോളാണ് സീസണിൽ ടീം വഴങ്ങിയത്. നായകൻ പ്രീതം കോട്ടാലും ബ്രെൻഡൻ ഹാമിലും ഒരുക്കുന്ന പ്രതിരോധം തന്നെയാണ് ടീമിന്റെ ഈ വിജയക്കുതിപ്പിനു പിന്നിൽ. അവസാന നാല് മത്സരങ്ങളിൽ ഹാമിലിനു പകരക്കാരനായി ഇറങ്ങിയ സ്ലാവ്‌കോ ദാമനോവിച്ച് തന്നെയായിരിക്കും പ്രീതത്തിനൊപ്പം ഫൈനലിലും പ്രതിരോധം കാക്കുക. അതേസമയം, ആക്രമണനിരയിൽ മലയാളി താരം ആഷിഖ് കുരുണിയന്റെ പരിക്ക് കോച്ച് യുവാൻ ഫെറാൻഡോയെ അലട്ടുന്നുണ്ട്.
അതേസമയം, ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമന്മാരായ മുംബൈ സിറ്റി എഫ്.സിയെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് സുനിൽ ഛേത്രിയും സംഘവും ഫൈനലുറപ്പിച്ചത്. കരുത്തരായ മുംബൈയെ സെമിയിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്താണ് ബെംഗളൂരു എത്തുന്നത്. ഛേത്രിയെ ഫലപ്രദമായി ഇംപാക്ട് സബ്ബായി ഉപയോഗിക്കാനായതു തന്നെയാണ് കോച്ച് സിമോൺ ഗ്രെയ്‌സണിന്റെ വിജയം. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും നിർണായക ഘട്ടങ്ങളിലെ ഗോളുകളുമായി ഇന്ത്യൻ നായകൻ ടീമിന്റെ വിശ്വാസം കാക്കുകയും ചെയ്തിരുന്നു.
Summary: ISL 2022-23: ATK Mohun Bagan vs Bengaluru FC Final Preview