Football
വീണുടഞ്ഞു സ്വപ്‌നങ്ങൾ; ഒഡീഷയോട് തോറ്റ് ബ്ലാസ്‌റ്റേഴ്‌സ് സെമി കാണാതെ പുറത്ത്
Football

വീണുടഞ്ഞു സ്വപ്‌നങ്ങൾ; ഒഡീഷയോട് തോറ്റ് ബ്ലാസ്‌റ്റേഴ്‌സ് സെമി കാണാതെ പുറത്ത്

Sports Desk
|
19 April 2024 3:01 PM GMT

പരിക്കേറ്റ് മാസങ്ങളായി കളിക്കളത്തിന് പുറത്തായിരുന്ന ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ 80ാം മിനിറ്റിൽ പകരക്കാരനായി കളത്തിലിറങ്ങി.

ഭുവനേശ്വർ: ഐഎസ്എൽ പ്ലേഓഫിൽ വീണുടഞ്ഞ് ബ്ലാസ്റ്റേഴ്‌സ് സ്വപ്‌നങ്ങൾ. കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഒഡീഷ എഫ്.സിയോടാണ് കീഴടങ്ങിയത്. ഒരുഗോളിന് മുന്നിൽ നിന്ന ശേഷമായിരുന്നു തോൽവി. ഒഡീഷക്കായി ഡീഗോ മൗറീഷ്യോ(87), ഇസാക് വൻലാറുഫെലെയും ലക്ഷ്യംകണ്ടു. ഫെഡോർ സെർണിചാണ്(67) ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോൾനേടിയത്. സെമിയിൽ നിലവിലെ ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സാണ് എതിരാളികൾ. കഴിഞ്ഞ പത്തുവർഷമായി കൊതിക്കുന്ന കിരീടമാണ് ഇത്തവണയും അവസാന നിമിഷം ഇല്ലാതായത്. ആദ്യാവസാനം മികച്ച കളി പുറത്തെടുത്തെങ്കിലും നിർഭാഗ്യം ബ്ലാസ്റ്റേഴ്‌സിനെ പിന്തുടരുകയായിരുന്നു.

ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച മുന്നേറ്റത്തിലൂടെയാണ് പ്ലേഓഫ് മത്സരം ആരംഭിച്ചത്. നാലാം മിനിറ്റിൽ ഫെഡോർ സെർണിചിന്റെ മികച്ച ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയത്. മറുഭാഗത്ത് റോയ് കൃഷ്ണയെ കേന്ദ്രീകരിച്ചായിരുന്നു ഒഡീഷയുടെ മുന്നേറ്റങ്ങൾ. എന്നാൽ ആദ്യ പകുതിയിൽ ലക്ഷ്യത്തിലേക്ക് ഒരേയൊരു ഷോട്ട് മാത്രമാണെത്തിയത്. ബ്ലാസ്‌റ്റേഴ്‌സായിരുന്നു ഷോട്ടുതിർത്തത്. മുന്നേറ്റത്തിൽ കാര്യമായ നീക്കങ്ങൾ നടത്തിയില്ലെങ്കിലും പ്രതിരോധത്തിൽ മികച്ച പ്രകടനമാണ് മഞ്ഞപ്പട പുറത്തെടുത്തത്. ആദ്യ പകുതിയിൽ നിർത്തിയിടത്തുനിന്ന് രണ്ടാം പകുതി തുടങ്ങിയ മഞ്ഞപ്പട അതിവേഗനീക്കങ്ങളിലൂടെ എതിർബോക്‌സിനെ വിറപ്പിച്ചു.

67ാം മിനിറ്റിൽ മികച്ച ടീം ഗെയിമിലൂടെ സന്ദർശകർ ഗോൾനേടി. മുഹമ്മദ് ഐമൻ നൽകിയ ത്രൂബോൾ സ്വീകരിച്ച് മുന്നേറിയ ഫെഡോർ സെർണിച് ഗോൾകീപ്പറിനെ കാഴ്ചക്കാരനാക്കി പന്തുവലയിലാക്കി. ലിത്വാനിയൻ താരത്തിന്റെ മൂന്നാം ഐഎസ്എൽ ഗോൾ. ഗോൾ നേടിയിട്ടും അക്രമണം തുടർന്ന ബ്ലാസ്‌റ്റേഴ്‌സ് കളിയുടെ നിയന്ത്രണം കൈവിട്ടില്ല. എന്നാൽ കളി അവസാനിക്കാൻ മൂന്ന് മിനിറ്റ് മാത്രം ബാക്കിനിൽക്കെ പ്രതിരോധ പിഴവിൽ ഒഡീഷ വലകുലുക്കി. റോയ് കൃഷ്ണ-ഡീഗോ മൗറീഷ്യോ സഖ്യം സമനില ഗോൾനേടി. ഹാഫിൽ നിന്ന് ബോക്‌സിലേക്ക് നൽകിയ ലോങ്‌ബോൾ സ്വീകരിച്ച് റോയ് കൃഷ്ണ ബ്ലാസ്‌റ്റേഴ്‌സ് ഡിഫൻഡേഴ്‌സിനിടയിലൂടെ നൽകിയ ക്രോസ് ഡീഗോ മൗറീഷ്യ(87) വലയിലേക്ക് തട്ടിയിട്ടു. ഉജ്ജ്വല ഫോമിലായിരുന്ന ഗോൾകീപ്പർ ലാറ ശർമക്ക് പരിക്കേറ്റതും രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടിയായി.

പരിക്കേറ്റ് മാസങ്ങളായി കളിക്കളത്തിന് പുറത്തായിരുന്ന ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ 80ാം മിനിറ്റിൽ പകരക്കാരനായി കളത്തിലിറങ്ങി. 88ാം മിനിറ്റിൽ മാർക്കോ ലെസ് കോവിച് ഗോൾ ലൈൻ സേവിലൂടെ ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷപ്പെടുത്തി. മുഴുവൻ സമയവും ഇരുടീമുകളും (1-1) സമനില പാലിച്ചതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക്. അധിക സമയത്തും ബ്ലാസ്‌റ്റേഴ്‌സായിരുന്നു ആക്രമണത്തിന് ചുക്കാൻ പിടിച്ചത്. എന്നാൽ 98ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ആതിഥേയർ വിജയഗോൾ നേടി. 98ാം മിനിറ്റിൽ അഹമ്മദ് ജാഹു ബോക്‌സിലേക്ക് ഉയർത്തി നൽകിയ ലോങ്‌ബോൾ കൃത്യമായി പിടിച്ച് റോയ് കൃഷ്ണ നൽകിയ ക്രോസ് ഇസാക് ഇസാക് വൽനർട്‌ഫെലെ വലയിലാക്കി. 103ാം മിനിറ്റിൽ അഡ്രിയാൻ ലൂണയുടെ ക്രോസിൽ മലയാളിതാരം രാഹുൽ കെപിയുടെ ഹെഡ്ഡർ ഗോൾശ്രമം ഒഡീഷ ഗോൾകീപ്പർ അത്ഭുതകരമായി തട്ടിയകറ്റി. അവസാന മിനിറ്റുകളിൽ തുടരെ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റം നടത്തിയെങ്കിലും ഒഡീഷ ഗോൾകീപ്പർ അമരിന്ദർ സിങ് വില്ലനായി അവതരിച്ചു.

Similar Posts