അവസാന മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ് വീണു; പഞ്ചാബ് വിജയം ഒന്നിനെതിരെ രണ്ട് ഗോളിന്
|ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറ്റ മത്സരംകളിച്ച ജീസസ് ജിമിനസാണ് ഗോൾനേടിയത്.
കൊച്ചി: തിരുവോണ ദിനത്തിൽ വിജയത്തോടെ പുതിയ സീസണ് സമാരംഭം കുറിക്കാമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സ്വപ്‌നം പൊലിഞ്ഞു. കലൂർ ജവഹൽലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ തലതാഴ്ത്തി മടക്കം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പഞ്ചാബ് എഫ്.സിയാണ് മഞ്ഞപ്പടയെ തോൽപിച്ചത്. പഞ്ചാബിനായി പെനാൽറ്റിയിലൂടെ ലൂക്ക മയ്‌സൻ (86), ഫിലിപ്പ് മിർസിൽജാക്ക് (90+5) എന്നിവർ വലകുലുക്കി. 90+2 മിനിറ്റിൽ ജീസസ് ജിമിനസാണ് ആതിഥേയർക്കായി വലകുലുക്കിയത്. ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറ്റ മത്സരത്തിലാണ് സ്പാനിഷ് ട്രൈക്കർ ഗോൾ നേടിയത്.
ꜰᴜʟʟ-ᴛɪᴍᴇ ᴀᴛ ᴋᴀʟᴏᴏʀ ⏱️
— Kerala Blasters FC (@KeralaBlasters) September 15, 2024
Time to regroup, recalibrate, and come back stronger!#KBFCPFC #KBFC #KeralaBlasters pic.twitter.com/6YWjQj1OXZ
അടിമുടി മാറ്റവുമായാണ് ബ്ലാസ്റ്റേഴ്‌സ് പുതിയ ഐ.എസ്.എൽ സീസണിനിറങ്ങിയത്. 4-2-3-1 ഫോർമേഷനിലാണ് പുതിയ പരിശീലകൻ മിക്കേൽ സ്റ്റാറേ ടീമിനെ വിന്യസിച്ചത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ സ്‌ക്വാർഡിലുണ്ടായിരുന്നില്ല. പന്തടക്കത്തിലും ലക്ഷ്യത്തിലേക്ക് നിറയൊഴിക്കുന്നതിലും ബ്ലാസ്റ്റേഴ്‌സായിരുന്നു മുന്നിൽ. ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ കലാശിച്ചു. രണ്ടാം പകുതിയിൽ വിജയഗോളിനായി ഇരുടീമുകളും ആക്രണത്തിന് മൂർച്ചകൂട്ടി. ക്വാമി പെപ്രയെ സ്‌ട്രൈക്കറാക്കി കെ.പി രാഹുലിനേയും മുഹമ്മദ് ഐമനേയും ഇരുവിങ്ങുകളിലുമായാണ് വിന്യസിച്ചത്.
മത്സരം സമനിലയിലേക്കെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ പഞ്ചാബിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് സഹീഫ് ബോക്‌സിൽ പഞ്ചാബ് താരത്തെ ഫൗൾചെയ്തതിനെ തുടർന്നാണ് ഗോളവസരമൊരുങ്ങിയത്. കിക്കെടുത്ത ലൂക പന്ത് കൃത്യമായി വലയിലാക്കി. (1-0). എന്നാൽ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ കൊമ്പൻമാർ അവിശ്വസനീയമാംവിധം തിരിച്ചുവന്നു.(1-1)
പ്രീതം ക്വാർട്ടാൽ വലതുവിങിൽ നിന്ന് ബോക്‌സിലേക്ക് നീട്ടി നൽകിയ നെടുനീളൻ ക്രോസ് ജീസസ് ജിമിനസ് കൃത്യമായി ഹെഡ്ഡർ ചെയ്ത് വലയിലാക്കി. തോൽവി സമനിലയായതോടെ ആരാധകർ ആവേശകൊടുമുടിയിലേക്കെത്തി. എന്നാൽ ഈ ആഘോഷത്തിന് മിനിറ്റുകളുടെ ആയുസ് മാത്രമാണുണ്ടായിരുന്നത്. പ്രതിരോധത്തിലെ പിഴവിൽ 90+5ാം മിനിറ്റിൽ പഞ്ചാബ് വിജയ ഗോൾ നേടി. മാജ്‌സെനിന്റെ അസിസ്റ്റിൽ ഫിലിപ്പ് മിർസ്ജാക് രണ്ടാം ഗോൾനേടി. അവസാന മിനിറ്റിൽ സമനിലക്കായി ബ്ലാസ്‌റ്റേഴ്‌സ് നിരന്തരം ആക്രമിച്ച് കയറിയെങ്കിലും പഞ്ചാബ് പ്രതിരോധം ഭേദിക്കാനായില്ല.