Football
ഇനി കളിമാറും; പ്ലേഓഫ് ഉറപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്,തുടർച്ചയായി മൂന്നാം സീസണിലും നേട്ടം
Football

ഇനി കളിമാറും; പ്ലേഓഫ് ഉറപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്,തുടർച്ചയായി മൂന്നാം സീസണിലും നേട്ടം

Sports Desk
|
2 April 2024 5:04 PM GMT

നിലവിൽ പോയന്റ് ടേബിളിൽ ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്. 19 മത്സരങ്ങളിൽ ഒൻപത് ജയവും മൂന്ന് സമനിലയും ഏഴ് തോൽവിയുമടക്കം 30 പോയന്റാണ് സമ്പാദ്യം.

കൊച്ചി: തുടർച്ചയായ മൂന്നാം സീസണിലും പ്ലേഓഫ് ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. നാളെ സ്വന്തം തട്ടകമായ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാളിനെ നേരിടാനൊരുങ്ങുവെയാണ് കൊമ്പൻമാർക്ക് ആത്മവിശ്വാസം പകർന്ന് ഐഎസ്എലിലെ അടുത്ത ഘട്ടത്തിലേക്കുള്ള യോഗ്യത നേടിയത്. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ പഞ്ചാബ് എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് ഒഡീഷ എഫ്.സി കീഴടക്കിയതോടെയാണ് ഔദ്യോഗികമായി പ്ലേഓഫിലെത്തിയത്. നിലവിൽ പോയന്റ് ടേബിളിൽ ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്. 19 മത്സരങ്ങളിൽ ഒൻപത് ജയവും മൂന്ന് സമനിലയും ഏഴ് തോൽവിയുമടക്കം 30 പോയന്റാണ് സമ്പാദ്യം.

ഡീയോ മൗറീഷ്യോയുടെ ഇരട്ടഗോൾ മികവിലാണ് ഒഡീഷ വിജയിച്ചത്. 34,68(പെനാൽറ്റി) മിനിറ്റുകളിലാണ് ബ്രസീലിയൻ സ്‌ട്രൈക്കർ ലക്ഷ്യംകണ്ടത്. 61ാം മിനിറ്റിൽ ഇസാകും ലക്ഷ്യംകണ്ടു. പഞ്ചാബ് നിരയിൽ അതിഹ് തലൈ(38) ആശ്വാസ ഗോൾനേടി. ഇനിയുള്ള ഗ്രൂപ്പ് മത്സരങ്ങൾ വിജയിച്ചാലും പഞ്ചാബിന് 27 പോയന്റ് മാത്രമാണ് നേടാനാകുക.

നേരത്തെ തന്നെ മുംബൈ സിറ്റി എഫ്‌സി, മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ്, ഒഡീഷ, എഫ്.സി ഗോവ പ്ലേഓഫ് ഉറപ്പിച്ചിരുന്നു. അഞ്ചാം സ്ഥാനം ബ്ലാസ്റ്റേഴ്‌സും ഉറപ്പിച്ചതോടെ ഇനിയൊരു സ്‌പോട്ടാണ് ബാക്കിയുള്ളത്. തലപ്പത്തുള്ള രണ്ട് ടീമുകൾ നേരിട്ട് സെമിയിലേക്ക് പ്രവേശിക്കും. നിലവിൽ മുംബൈയും ഒഡീഷയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. അവശേഷിക്കുന്ന രണ്ട് സ്ഥാനത്തിനായി മറ്റുടീമുകൾ ഏറ്റുമുട്ടും.

Similar Posts