'അത് പെനാൽറ്റിയല്ല'; ക്രിസ്റ്റ്യാനോയ്ക്കെതിരെ വിമർശനവുമായി റൂണി
|സാങ്കേതിക വിദ്യയായ വാറിന്റെ പരിശോധന പോലും നടത്താതെയാണ് റഫറി പെനാൽറ്റി വിധിച്ചതെന്നാണ് വിമർശനം
ദോഹ: ഘാനയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റിയിൽ സംശയമുന്നയിച്ച് ഇംഗ്ലണ്ട് മുൻ താരം വെയ്ൻ റൂണി. അത് പെനാൽറ്റി ആയിരുന്നില്ലെന്നാണ് തന്റെ നിലപാട്. എന്നാൽ പെനാൽറ്റി നേടിയെടുക്കാൻ റൊണാൾഡോ കളിക്കളത്തിലെ തന്റെ പരിചയമെല്ലാം വിനിയോഗിച്ചുവെന്ന് റൂണി പറഞ്ഞു.
ആദ്യ പകുതി ഗോൾ രഹിതമായതിന് ശേഷം, മത്സരത്തിന്റെ 65-ാം മിനുറ്റിലായിരുന്നു വിവാദ പെനാൽറ്റി ഗോൾ പിറക്കുന്നത്. റൊണാൾഡോയെ ബോക്സിനുള്ളിൽ ഘാന പ്രതിരോധ താരം മുഹമ്മദ് സാലിസു വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച റൊണാൾഡോ ടീമിനെ മുന്നിലെത്തിച്ചു.
സാങ്കേതിക വിദ്യയായ വാറിന്റെ പരിശോധന പോലും നടത്താതെയാണ് റഫറി പെനാൽറ്റി വിധിച്ചതെന്നാണ് വിമർശനം. അത് പെനാൽറ്റി ലഭിക്കാൻ മാത്രമുള്ള ടാക്കിൾ ആയി തോന്നുന്നില്ലെന്ന് പോർച്ചുഗൽ ഇതിഹാസ താരം ലൂയി ഫിഗോയും അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, ഗോൾ നേട്ടത്തോടെ അഞ്ചു ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി.
18 മത്സരങ്ങളിൽ നിന്നായി എട്ട് ഗോളുകളാണ് റോണോ ഇതുവരെ ലോകകപ്പുകളിൽ നിന്ന് നേടിയത്. 2006, 2010, 2014, 2018, 2022 എന്നീ ലോകകപ്പുകളിലാണ് റൊണാൾഡോ ഗോൾ നേടിയത്. ലോകകപ്പിൽ ഹാട്രിക് നേടിയ ഏറ്റവും പ്രായം കൂടിയ താരവും ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.