Football
യുവേഫ നേഷന്‍സ് ലീഗ്: മൂന്നാം സ്ഥാനം അസൂറിപ്പടക്ക്
Football

യുവേഫ നേഷന്‍സ് ലീഗ്: മൂന്നാം സ്ഥാനം അസൂറിപ്പടക്ക്

Web Desk
|
10 Oct 2021 3:34 PM GMT

ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഇറ്റലിയുടെ വിജയം

യുവേഫ നേഷന്‍സ് ലീഗിലെ ലൂസേഴ്‌സ് ഫൈനലില്‍ ബെല്‍ജിയത്തെ കീഴടക്കി ഇറ്റലിക്ക് മൂന്നാം സ്ഥാനം. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഇറ്റലിയുടെ വിജയം. ഇറ്റലിയ്ക്ക് വേണ്ടി നിക്കോളോ ബരെല്ലയും പെനാല്‍ട്ടിയിലൂടെ ഡൊമനിക്കോ ബെറാഡിയും ലക്ഷ്യം കണ്ടപ്പോള്‍ ചാള്‍സ് ഡി കെറ്റലാറെ ബെല്‍ജിയത്തിന്റെ ആശ്വാസ ഗോള്‍ നേടി.

പ്രമുഖ താരങ്ങളായ സീറോ ഇമ്മൊബിലെ, ചെല്ലിനി, വെറാട്ടി, ഇന്‍സീന്യെ, ബൊനൂച്ചി എന്നിവരൊന്നും ഇറ്റലി നിരയില്‍ കളിച്ചില്ല. സൂപ്പര്‍ താരം റൊമേലു ലുക്കാക്കു, ഈഡന്‍ ഹസാര്‍ഡ്, തോര്‍ഗാന്‍ ഹസാര്‍ഡ് തുടങ്ങിയ താരങ്ങള്‍ ബെല്‍ജിയത്തിനുവേണ്ടിയും കളിച്ചില്ല.

ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോള്‍ രഹിത സമനില പാലിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബരെല്ലയിലൂടെ ഇറ്റലി ലീഡെടുത്തു. താരത്തിന്റെ തകര്‍പ്പന്‍ ലോങ്റേഞ്ചര്‍ ബെല്‍ജിയം ഗോള്‍കീപ്പര്‍ ക്വാര്‍ട്ടോയെ മറികടന്ന് വലയിലെത്തി. 65-ാം മിനിട്ടില്‍ ഇറ്റാലിയന്‍ മുന്നേറ്റതാരം കിയേസയെ ബോക്സിനകത്ത് കാസ്റ്റാഗ്‌നെ വീഴ്ത്തിയതോടെ ഇറ്റലിയ്ക്ക് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു.

കിക്കെടുത്ത ബെറാഡിയ്ക്ക് പിഴച്ചില്ല. പന്ത് അനായാസം വലയിലെത്തിച്ച് താരം ഇറ്റലിയ്ക്ക് വിജയപ്രതീക്ഷ സമ്മാനിച്ചു. രണ്ട് ഗോളുകള്‍ വഴങ്ങിയതോടെ ഉണര്‍ന്നുകളിച്ച ബെല്‍ജിയം ഒടുവില്‍ 86-ാം മിനിട്ടില്‍ ലക്ഷ്യം കണ്ടു. കെവിന്‍ ഡിബ്രുയിനെയുടെ പാസ് സ്വീകരിച്ച് മുന്നേറിയ കെറ്റലാറെ ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ഡോണറുമ്മയെ കബിളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. നേഷന്‍സ് ലീഗിന്റെ കലാശപ്പോരാട്ടത്തില്‍ ഇന്ന് രാത്രി 12.30 ന് സ്‌പെയിന്‍ ഫ്രാന്‍സിനെ നേരിടും.

Similar Posts