Football
റഫറിയുടെ വിസിൽ മാനിക്കണം; ഐ.എസ്.എല്ലിലെ ഫ്രീകിക്ക് ഗോൾ വിവാദം കുത്തി വുകമിനോവിച്ച്
Football

'റഫറിയുടെ വിസിൽ മാനിക്കണം'; ഐ.എസ്.എല്ലിലെ ഫ്രീകിക്ക് ഗോൾ വിവാദം കുത്തി വുകമിനോവിച്ച്

Web Desk
|
22 Aug 2023 7:01 AM GMT

ബോസ്നിയന്‍ ലീഗിലെ ഒരു വീഡിയോ പങ്കുവെച്ചാണ് അദ്ദേഹം പഴയ 'വിവാദം' കുത്തിപ്പൊക്കുന്നത്

കൊച്ചി: കഴിഞ്ഞ ഐ.എസ്.എല്ലിലെ വിവാദ ഗോൾ ഓർമിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമിനോവിച്ചിന്റെ ട്വീറ്റ്. ബോസ്നിയന്‍ ലീഗിലെ ഒരു വീഡിയോ പങ്കുവെച്ചാണ് അദ്ദേഹം പഴയ 'വിവാദം' കുത്തിപ്പൊക്കുന്നത്.

ഫ്രീ കിക്കിനുള്ള സ്‌പോട്ട് റഫറി രേഖപ്പെടുത്തിയതിന് പിന്നാലെ പന്ത് പോസ്റ്റിനുള്ളിലേക്ക് അടിച്ചുകയറ്റുന്നതാണ് വീഡിയോയിൽ ഉള്ളത്. എതിർ ടീം ഒട്ടും തയ്യാറായിരുന്നില്ല. വിസിൽ മുഴങ്ങും മുമ്പെ കിക്ക് എടുത്തതിന് റഫറി മഞ്ഞക്കാർഡ് ഉയർത്തുകയായിരുന്നു. ഇതാണ് വീഡിയോയിൽ ഉളളത്.

''കഴിഞ്ഞ വാരാന്ത്യങ്ങളിൽ നിന്ന് ലോകമെമ്പാടുമുള്ള വ്യത്യസ്ത മത്സരങ്ങളുടെ ഹൈലൈറ്റുകൾ വീക്ഷിക്കുകയായിരുന്നു. റഫറി ഫ്രീ കിക്ക് പൊസിഷന് സ്പ്രേ ചെയ്താൽ, പെട്ടെന്നുള്ള നടപടി അനുവദിക്കില്ല. വിസിൽ സിഗ്നൽ മാനിക്കണം. നിങ്ങൾക്കെല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു''-വീഡിയോ പങ്കുവെച്ച് വുകമിനോവിച്ച് വ്യക്തമാക്കി. എ.ഐ.എഫ്.എഫ്, ഐ.എസ്.എൽ, ഫിഫി എന്നിങ്ങനെയുള്ള ടാഗുകളും വുക്കമനോവിച്ച് നൽകുന്നു.

കഴിഞ്ഞ ഐ.എസ്.എല്‍ സീസണില്‍ ബംഗളൂരുവിനെതിരായ മത്സരത്തിലും സമാന സംഭവങ്ങളാണ് അരങ്ങേറിയിരുന്നത്. അന്ന് ക്വിക്ക് ഫ്രീകിക്ക് എടുത്തത് സുനിൽ ഛേത്രിയും. എന്നാൽ ഐ.എസ്.എല്ലിൽ റഫറി മഞ്ഞക്കാർഡ് ഉയർത്തിയതുമില്ല ഗോൾ അനുവദിക്കുകയും ചെയ്തു. ഇതിന്റെ കോലാഹലങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. റഫറി ഗോൾ അനുവദിച്ചതിന് പിന്നാലെ കളിക്കാരും വുക്കോമനോവിച്ചും ചോദ്യം ചെയ്തു. ഗോൾ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആവശ്യം അംഗീകരിച്ചില്ല.

പിന്നാലെ ടീം അംഗങ്ങളോട് മത്സരം ഉപേക്ഷിച്ച് തിരികെ പോരാൻ വുക്കോമനോവിച്ച് ആവശ്യപ്പെടുകയായിരുന്നു. മത്സരത്തിൽ ബംഗളൂരു എഫ്.സി വിജയിക്കുകയും ചെയ്തു.

Similar Posts