23 പ്രീമിയർ ലീഗ് സീസണിൽ കളത്തിൽ; റെക്കോർഡ് നേട്ടത്തിൽ ജെയിംസ് മിൽനർ
|2002ൽ തന്റെ 16ാം വയസിൽ ലീഡ്‌സ് യുണൈറ്റഡിന് വേണ്ടിയാണ് മിൽനർ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അരങ്ങേറിയത്.
ലണ്ടൻ: വയസ് 38. പ്രീമിയർലീഗിൽ കളത്തിലിറങ്ങുന്നത് 23ാം സീസണിൽ. ഇന്നലെ ബ്രൈട്ടനായി പന്തു തട്ടിയ ഇംഗ്ലീഷ് മധ്യനിര താരം ജെയിംസ് മിൽനർ സ്വന്തമാക്കിയത് അപൂർവ്വ റെക്കോർഡ്. മുൻ ഇംഗ്ലീഷ്, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരം റിയാൻ ഗിഗ്‌സിന്റെ പേരിലുള്ള 22 സീസൺ റെക്കോർഡാണ് പഴങ്കഥയാക്കിയത്. പ്രീമിയർലീഗ് പുതിയ സീസണിന് തുടക്കമിട്ട ബ്രൈട്ടൻ എതിരില്ലാത്ത മൂന്ന് ഗോളിന് എവർട്ടനെ തകർക്കുകയും ചെയ്തു. മറ്റൊരു കൗതുകത്തിനും ഈ മത്സരം സാക്ഷ്യം വഹിച്ചു. ബ്രൈറ്റൺ പരിശീലകനായ ഫാബിയൻ ഹസ്‌ലറിന് പ്രായം 31 ആണ്. എന്നാൽ കളിക്കാരനായ മിൽനറിന് കോച്ചിനേക്കാൾ ഏഴ് വയസ് കൂടുതൽ. കൃത്യമായി പറഞ്ഞാൽ മിൽനർ ഇംഗ്ലീഷ് പ്രീമിയർലീഗിൽ ഇരങ്ങേറുമ്പോൾ ഹസ്‌ലറിന് വെറും ഒൻപത് വയസ്.
2002ൽ തന്റെ 16ാം വയസിൽ ലീഡ്‌സ് യുണൈറ്റഡിന് വേണ്ടിയാണ് മിൽനർ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അരങ്ങേറിയത്. 2002-04 സീസണുകളിൽ ബൂട്ടുകെട്ടിയ താരം 48 മത്സരങ്ങളിൽ നിന്നായി അഞ്ചു ഗോളുകളും നേടി. പിന്നീട് ന്യൂകാസിൽ യുനൈറ്റഡ്, ആസ്റ്റൺ വില്ല, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ ടീമുകൾക്കായും കളത്തിലിറങ്ങി. കൂടുതൽ മത്സരങ്ങൾ കളിച്ചതും ലിവർപൂളിൽതന്നെ. 2015-23 സീസണുകളിൽ ചെങ്കുപ്പായത്തിൽ തിളങ്ങിയ താരം 230 മാച്ചുകളിൽ നിന്നായി 19 ഗോളുകളും സ്‌കോർ ചെയ്തു. കഴിഞ്ഞ സീസണിലാണ് ബ്രൈട്ടനിലേക്ക് ചുവട് മാറിയത്. 23 സീസണുകളിലായി മൊത്തം 636 പ്രീമിയർ ലീഗ് മത്സരങ്ങളിലാണ് കളിച്ചത്. ഇംഗ്ലണ്ട് ദേശീയ ടീമിനായി 61 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.
17 മത്സരങ്ങൾ കൂടി പിന്നിട്ടാൽ മറ്റൊരു റെക്കോർഡും താരത്തെ കാത്തിരിക്കുന്നുണ്ട്. കൂടുതൽ പ്രീമിയർ ലീഗ് മത്സരങ്ങൾ എന്ന നേട്ടമാണ് 38 കാരന് മുന്നിലുള്ളത്. 653 മത്സരങ്ങളിൽ കളത്തിലിറങ്ങിയ ആസ്റ്റൺ വില്ല ഇതിഹാസം ഗാരത് ബാരിയാണ് നിലവിൽ ഒന്നാമതുള്ളത്.