ഗോളടിച്ച് ജിങ്കാനും ഛേത്രിയും: ത്രിരാഷ്ട്ര ഫുട്ബോൾ കിരീടം സ്വന്തമാക്കി ഇന്ത്യ
|നിർണായക മത്സരത്തിൽ കിർഗിസ്താനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്
ഇംഫാൽ: ത്രിരാഷ്ട്ര ഫുട്ബോൾ ടൂര്‍ണമെന്റ് കിരീടം സ്വന്തമാക്കി ഇന്ത്യ. നിർണായക മത്സരത്തിൽ കിർഗിസ്ഥാനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. മ്യാന്മറാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത മറ്റൊരു രാഷ്ട്രം. ഇന്ത്യക്കായി സന്ദേശ് ജിങ്കാൻ, സുനിൽ ഛേത്രി എന്നിവർ ഗോളുകൾ നേടി. പെനൽറ്റിയിലൂടെയായിരുന്നു സുനിൽ ഛേത്രിയുടെ ഗോൾ. ആദ്യ മത്സരത്തിൽ ഇന്ത്യ, മ്യാന്മറിനെ എതിരില്ലാത്ത ഒരു ഗോളിനും പരാജയപ്പെടുത്തിയിരുന്നു.
എ.എഫ്.സി ഏഷ്യൻ കപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആത്മവിശ്വാസം ഏറ്റുന്നതാണ് ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിലെ വിജയം. ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനും പരമ്പര വിജയം നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല. വാശിയേറിയ മത്സരമായിരുന്നു ഇംഫാലിലെ ഖുമാൻ ലംപാക് സ്റ്റേഡിയത്തിൽ അരങ്ങേറിയത്. ഫിഫ റാങ്കിങിൽ ഇന്ത്യയെക്കാൾ(106) മുന്നിലുള്ള രാഷ്ട്രമാണ് കിർഗിസ്ഥാന്‍(94).
അതിനാൽ തന്നെ മത്സരം കടുപ്പമുള്ളതായിരുന്നു. 34ാം മനുറ്റിൽ പ്രതിരോധ താരം സന്ദേശ് ജിങ്കാനാണ് ഇന്ത്യക്കായി ആദ്യം വലകുലക്കിയത്. ഫ്രീകിക്കിൽ നിന്നായിരുന്നു ആദ്യഗോൾ പിറന്നത്. ബ്രണ്ടൻ എടുത്ത കിക്ക് ജിങ്കാൻ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ബ്രണ്ടൻ തൊടുത്ത കിക്കിന് കൃത്യമായി ഓടിയെത്തിയ ജിങ്കാൻ, പന്ത് നിലം തൊടുംമുമ്പെ കാൽവെച്ച് വലക്കുള്ളിലേക്ക് തിരിച്ചുവിടുകയായിരുന്നു. ആദ്യ പകുതിയിൽ തന്നെ ഇന്ത്യ, ഒരു ഗോളിന് മുന്നിലെത്തി. രണ്ടാം പകുതിയിൽ ഇന്ത്യ, ലീഡ് വർധിപ്പിച്ചു.
84ാം മിനുറ്റിൽ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് സുനിൽഛേത്രി ലീഡ് വർധിപ്പിച്ചത്. മഹേഷിന് വീഴ്ത്തിയതിന് ലഭിച്ച പെനൽറ്റി, പിഴവുകളൊന്നും കൂടാതെ സുനിൽഛേത്രി വലക്കുള്ളിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഈ ഗോളോടെ ഇന്ത്യ ജയം ഉറപ്പിച്ചു.