മിന്നുംതാരങ്ങളെ കളത്തിലിറക്കിയിട്ടും ചെൽസിക്ക് രക്ഷയില്ല: സമനില
|താരതമ്യേന ദുർബലരായ വെസ്റ്റ് ഹാം യുണൈറ്റഡ് ആണ് ചെൽസിയെ 1-1 ൽ തളച്ചത്
സ്റ്റാംഫോർഡ് ബ്രിഡ്ജ്: വേനൽ ട്രാൻസ്ഫറിൽ വാങ്ങിക്കൂട്ടിയ മിന്നും താരങ്ങളെ കളത്തിലിറക്കിയിട്ടും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി സമനിലയിൽ കുരുങ്ങി. താരതമ്യേന ദുർബലരായ വെസ്റ്റ് ഹാം യുണൈറ്റഡ് ആണ് ചെൽസിയെ 1-1 ൽ തളച്ചത്. പോർച്ചുഗീസ് താരം ജോ ഫെലിക്സ് 16 മിനുട്ടിൽ ചെൽസിയെ മുന്നിലെത്തിച്ചെങ്കിലും 28 മിനുട്ടിൽ എമേഴ്സൻ ആതിഥേയരെ ഒപ്പമെത്തിച്ചു.
ഫെലിക്സിൻ്റെ ഗോളിന് വഴിയൊരുക്കുകയും മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്ത എൻസോ ഫെർണാണ്ടസ് ആണ് കളിയിലെ താരം. അർജൻ്റീനക്കാരനായ എൻസോയെ റെക്കോർഡ് തുകയ്ക്കാണ് ചെൽസി ഈയിടെ വാങ്ങിയത്. 22 മത്സരങ്ങളിൽ നിന്ന് 31 പോയിൻ്റോടെ ചെൽസി ലീഗ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ്. സീസണിലെ അവരുടെ ഏഴാം സമനില ആയിരുന്നു ഇന്നത്തേത്. ചെൽസിക്ക് ഇത് തുടർച്ചയായ മൂന്നാം സമനിലയാണ്. അവസാന 8 മത്സരങ്ങളിൽ ഒരു വിജയം മാത്രമാണ് ചെൽസിക്ക് ഉള്ളത്.
1,075 കോടി നൽകി എൻസോ ഫെർണാണ്ടസിനെ ബെൻഫിക്കയിൽനിന്ന് ടീമിലെത്തിച്ച് ചെൽസിയാണ് റെക്കോഡ് തുകക്ക് കൈമാറ്റം നടത്തിയത്. ചെറിയ തുകക്ക് കഴിഞ്ഞ ആഗസ്റ്റിൽ ബെൻഫിക്ക സ്വന്തമാക്കിയ താരം ലോകകപ്പിന്റെ യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടതോടെ സൂപർ താര പദവിയേറുകയായിരുന്നു. പുറമെ ബ്രസീൽ ഡിഫൻഡർ തിയാഗോ സിൽവയുമായുള്ള കരാർ നീട്ടുകയും ചെയ്തു. 2024 വരെ 38 കാരൻ ക്ലബ്ബിൽ തുടരും.
അതേസമയം പ്രീമിയര്‍ ലീഗില്‍ 51 പോയിന്റുമായി ആഴ്‌സണലാണ് ഒന്നാം സ്ഥാനത്ത്. മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 45 പോയിന്റും മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് 43 പോയിന്റും ആണുള്ളത്. സതാപ്ടണുമായാണ് ചെൽസിയുടെ അടുത്ത മത്സരം.