ഈ ആഴ്ച്ച നിർണ്ണായകം, ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലെങ്കിൽ തകർച്ചയിലേക്ക് ലിവർപൂൾ ?
|മുപ്പതുകാരനായ സലാഹ് ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലെങ്കിൽ ലിവർപൂളിനായി കളിക്കാൻ സാധ്യതയില്ല
ലിവർപൂളിനു ശനിയാഴിച്ച പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുമായുളള മത്സരം അതിനിർണ്ണായകം. അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാൻ പരാജയപ്പെട്ടാൽ പല പ്രശ്നങ്ങളെയാണ് ക്ലബ്ബ് അഭിമുഖികരീക്കേണ്ടി വരുക. ഏറ്റവും കൂടുതൽ നഷ്ടം വരുക സാമ്പത്തികമായാണ്. രണ്ടാമതയി നേരിടേണ്ടി വരുക, താരങ്ങളുടെ കൊഴിഞ്ഞു പോക്കും . ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലെങ്കിൽ സലാഹ് ഉൾപ്പെടെ സൂപ്പർ താരങ്ങളെ ടീമിൽ പിടിച്ചു നിർത്തുക പ്രയാസകരമാണ്. പണവും ചാമ്പ്യൻസ് ലീഗ് യോഗ്യതയും ഇല്ലെങ്കിൽ ലിവർപൂൾ എത്തിക്കാൻ ആഗ്രഹിക്കുന്ന ജൂഡ് ബെല്ലിംഗ്ഹാം ഉൾപ്പെടെയുളള താരങ്ങളുടെ ട്രാൻസ്ഫറുകളും നടക്കില്ല.
2021-22ൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയ ലിവർപൂൾ 100 മില്യണിലധികമാണ് നേടിയത്. ഇത്തവണ അവസാന 16-ൽ പുറത്തായിട്ടും 42 മില്യൺ ഡോളർ പോക്കറ്റിലാക്കാൻ അവർക്ക് കഴിഞ്ഞു. ചെമ്പട വീണ്ടും ഫൈനലിൽ എത്തിയിരുന്നെങ്കിൽ, സമ്മാനത്തുകയിൽ മാത്രം 37.5 മില്യൺ അധികം ചേർക്കാമായിരുന്നു.
ഒക്ടോബറോടെ പ്രീമിയർ ലീഗ് ടൈറ്റിൽ റേസിൽ നിന്ന് പുറത്തായ ലിവർപൂൾ, ജനുവരി അവസാനത്തോടെ കാരബാവോ കപ്പിൽ നിന്നും എഫ്എ കപ്പിൽ നിന്നും പുറത്തായി കഴിഞ്ഞു. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോട് ആൻഫീൽഡിലിലെ ആദ്യ പാതത്തിൽ തന്നെ 5-2 എന്ന സ്കോർ നിലയിൽ കനത്ത തോൽവി ഏറ്റുവാങ്ങിയത് അവരുടെ ഇത്തവണത്തെ ഫോമില്ലായ്മയെ കാണിക്കുന്നു. രണ്ടു പാതങ്ങളിൽ നിന്നായി ആറിനെതിരെ രണ്ടു ഗോളുകൾക്കാണ് പ്രീക്വാർട്ടറിൽ ലിവർപൂൾ പരാജയപ്പെട്ടത്. എന്നാൽ ജുർഗൻ ക്ലോപ്പിന്റെ ടീമിന് ഇപ്പോൾ ഏറ്റവും വലിയ ആശങ്ക അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള യോഗ്യത നഷ്ടമാകുമോയെന്നാണ്.
ആ ആശങ്ക യഥാർത്ഥ്യവുമാണ്. ലിവർപൂൾ നിലവിൽ നാലാം സ്ഥാനത്തുള്ള ടോട്ടൻഹാമിന് ഏഴ് പോയിന്റ് പിന്നിലാണ്. രണ്ട് മത്സരങ്ങൾ ടോട്ടൻഹാമിനെക്കാൾ കുറവാണ് കളിച്ചതെങ്കിലും ഈ ആഴ്ച്ച നേരിടേണ്ടത് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയിയെയുെം ചെൽസിയെയുമാണ്. അതിനടുത്ത മത്സരം ലീഗിൽ ഒന്നാമതുളള ആഴ്സണലുമായി അവരുടെ സ്റ്റേഡിയത്തിലും. ഈ ആഴ്ച്ച അതിനിർണ്ണായകമെന്ന് ക്ലോപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു.
മുപ്പതുകാരനായ സലാഹ് ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലെങ്കിൽ ലിവർപൂളിനായി അടുത്ത സീസണിൽ കളിക്കാൻ സാധ്യതയില്ല.2025- വരെ കരാർ ബാക്കിയുണ്ടെങ്കിലും മുപ്പത് പിന്നിട്ട താരം ഒരു മാറ്റി ചിന്തിക്കലിന് മുതിർന്നേക്കാം. മിഡ്ഫീൽഡിൽ, ജെയിംസ് മിൽനർ, അലക്സ് ഓക്സ്ലേഡ്-ചേംബർലെയ്ൻ, നാബി കെയ്റ്റ എന്നിവരും കരാറിന് പുറത്താണ്. ലക്ഷ്യം വെക്കുന്ന ജൂഡ് ബെല്ലിംഗ്ഹാം ഉൾപ്പെടെയുളള കളിക്കാരുടെ ട്രാൻസ്ഫർ നടക്കാതെ വരുകയും, നിലവിലുളള താരങ്ങൾ പുറത്താകുകയും ചെയ്താൽ വലിയ ദുരതമാണ് ലിവർപൂളിനെ കാത്തിരിക്കുന്നത്. മികച്ച താരങ്ങളുടെ അഭാവവും ചാമ്പ്യൻസ് ലീഗ് യോഗ്യതയും നഷ്ടമായാൽ ക്ലബ്ബിന്റെ പരസ്യ വരുമാനത്തിനും വലിയ തിരിച്ചടിയാണ്.
ലിവർപൂളിന്റെ പോരാട്ടങ്ങൾ പരാജയപ്പെട്ടാൽ, പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടപ്പെടുകയാണെങ്കിൽ ക്ലോപ്പിന്റെ മാനേജർ സ്ഥാനം സുരക്ഷിതമെല്ലെന്ന് ചില കോണുകളിൽ നിന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. എല്ലാ പ്രശ്നങ്ങളിൽ നിന്നുമുളള മോചനമാണ് ക്ലോപ്പും സംഘവും അന്താരാഷ്ട്ര മത്സരങ്ങളിലെ ഇടവേള കഴിഞ്ഞുളള മത്സരങ്ങളിൽ ആഗ്രഹിക്കുന്നത്.