Football
വലക്കണ്ണികൾ മുറിക്കുന്നവന്‍ അൽവാരസ്
Football

വലക്കണ്ണികൾ മുറിക്കുന്നവന്‍ അൽവാരസ്

Web Desk
|
14 Dec 2022 1:11 AM GMT

ഖത്തറിന്റെ ആകാശത്ത് ഒരു നീല നക്ഷത്രം ഉദിച്ചുനിൽക്കുന്നു..

ലോകകപ്പിലെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ മുൻനിരയിൽ എത്തിയിരിക്കുകയാണ് ജൂലിയൻ അൽവാരസ്. ക്രൊയേഷ്യക്കെതിരായ ഇരട്ട ഗോളോടെ ആകെ ഗോൾ നേട്ടം നാലായി. ലയണൽ മെസിക്കും എംബാപ്പെക്കും പിന്നിൽ മൂന്നാമതാണ് ഇപ്പോൾ അൽവാരസ്.

ഖത്തറിന്റെ ആകാശത്ത് ഒരു നീല നക്ഷത്രം ഉദിച്ചുനിൽക്കുന്നു. പ്രതീക്ഷകളുടെ നക്ഷത്രം. അവന് പേര് അൽവാരസ്. അരാന അഥവാ എട്ടുകാലി.. അൽവാരസിനെ കൂട്ടുകാർ വിളിക്കുന്നത് ഇങ്ങനെയാണ്. പക്ഷേ വലനെയ്യുന്നവനല്ല വലക്കണ്ണികൾ മുറിക്കുന്നവനാണ് അൽവാരസ്.

ആദ്യ ഇലവനിൽ അവസരം കിട്ടിയപ്പോഴെല്ലാം മാറ്റ് തെളിയിച്ചു. ഖത്തറിലും അത് തുടർന്നു. ആദ്യ ഇലവനിൽ ആദ്യം വന്നത് പോളണ്ടിനെതിരെ. ഗോളടിച്ച് തുടങ്ങി. പ്രീക്വാർട്ടറിൽ ആസ്ത്രേലിയക്കെതിരെ രണ്ടാം ഗോൾ. പിന്നെ സെമിയിൽ ക്രൊയേഷ്യക്കെതിരായ ഡബിളും.

22 വയസ് മാത്രമാണ് പ്രായം. ഈ പ്രായത്തിൽ ലോകകപ്പിൽ ഇത്രയും ഗോൾ നേടിയിട്ടുള്ള മറ്റൊരു അർജന്റീനക്കാരൻ ഗോൺസാലൊ ഹിഗ്വെയ്ൻ മാത്രം. ഹിഗ്വെയ്നും അഗ്യൂറോയും ഒഴിച്ചിട്ടുപോയ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിക്കുകയാണ് അൽവാരസ്. അവർക്ക് കിട്ടാതിരുന്ന ലോകകിരീടത്തിന് അരികെയാണ് അൽവാരസ്.

അൽവാരസ് ക്രൊയേഷ്യന്‍ കോട്ട പൊളിച്ചതിങ്ങനെ...

ഏത് പേമാരിക്കാലത്തും തകരാത്ത ക്രൊയേഷ്യയുടെ ഉരുക്കുകോട്ട തകര്‍ത്തത് അല്‍വാരസ് എന്ന 22കാരനാണ്. 34-ാം മിനുട്ടില്‍ അര്‍ജന്‍റീനക്കായി നായകന്‍ മെസി ആദ്യ പെനാല്‍റ്റി എടുക്കുമ്പോള്‍ അതിന് വഴിവെച്ചത് അല്‍വാരസിന്‍റെ മുന്നേറ്റമാണ്. പന്തുമായി ഒറ്റക്ക് കുതിച്ച അല്‍വാരസിനെ ബോക്സില്‍ വെച്ച് ക്രൊയേഷ്യന്‍ ഗോളി ലിവാക്കോവിച്ച് വീഴ്ത്തി. ഗോളിക്ക് മഞ്ഞക്കാര്‍ഡ് വിധിച്ച റഫറി ഒപ്പം പെനാല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടി. പെനാല്‍റ്റി എടുത്ത മെസി ഉഗ്രന്‍ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു.

അതുവരെ ഉണ്ടായിരുന്ന ക്രൊയേഷ്യൻ ബാലൻസ് എല്ലാം ആ ഗോളോടെ തകർന്നു. 39-ാം മിനുട്ടിൽ വീണ്ടും ജൂലിയൻ അൽവാരസ് ക്രൊയേഷ്യന്‍ ഡിഫൻസ് തകർത്തു. ഇത്തവണയും മൈതാന മധ്യത്ത് നിന്ന് ഒറ്റക്കുള്ള കുതിപ്പായിരുന്നു. ആ കുതിപ്പിന് തടയിടാന്‍ ക്രൊയേഷ്യന്‍ പ്രതിരോധത്തിനായില്ല. തകർപ്പൻ കൗണ്ടർ അറ്റാക്കിൽ നിന്ന് അല്‍വാരസ് ആ പന്ത് ഫിനിഷ് ചെയ്തത് ക്രൊയേഷ്യന്‍ വലയിലായിരുന്നു.

അറുപത്തിയൊന്‍പതാം മിനുട്ടിൽ അർജന്റീന ഫൈനലുറപ്പിച്ചു. ഏറ്റവും മികച്ചൊരു പ്രതിരോധക്കാരനായ ഗ്വാർഡിയോൾ മെസിക്ക് മുന്നിൽ നിരായുധനായി. ക്ലാസിക് മെസി ജനിച്ചു. മെസി നല്‍കിയ പാസില്‍ അൽവാരസിന് രണ്ടാം ഗോൾ. ലുസൈൽ സ്റ്റേഡിയത്തിന്റെ ആകാശത്തിന് അർധരാത്രിയിലും നീല നിറമായിരുന്നു. താഴെ പുൽപ്പരപ്പിൽ ഒരു നീലപ്പുഴയൊഴുകി. ഗ്യാലറിയിൽ അത് തിരയായി പടർന്നു.



Similar Posts