പ്രീമിയർ ലീഗ് പോയിൻ്റ് ടേബിളിൽ ആഴ്‍സനലിനെ മറികടന്ന് സിറ്റി
|പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് നേടാന്‍ റെക്കോർഡ് നേട്ടത്തിനൊപ്പം ഏർലിംഗ് ഹാളണ്ട്
ഫുൾഹാമിനെതിരെ വിജയിച്ചതോടെ പ്രീമിയർ ലീഗിൽ ആഴ്സണലിനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സിറ്റിയുടെ ഇന്നത്തെ വിജയം. സിറ്റിക്കായി ഏർലിംഗ് ഹാളണ്ട് (3), ജൂലിയൻ അൽവാരസ് (36) മിനുട്ടുകളിൽ എന്നിവർ ഗോൾ നേടിയപ്പോൾ ഫുൾഹാമിനായി കാർലോസ് വിനീഷ്യസ് 15- മിനുട്ടിൽ ഒരു ഗോൾ മടക്കി.
കളി തുടങ്ങിയപ്പോൾ തന്നെ ലീഡ് എടുക്കാൻ സിറ്റിക്ക് പെനാൽറ്റി രൂപത്തിലാണ് അവസരം ലഭിച്ചത്. കിക്കെടുത്ത ഹാളണ്ടിന് പിഴച്ചില്ല. ഇതോടെ താരം പ്രീമിയർ ലീഗിൽ ഈ സീസണിൽ തൻ്റെ 34- ഗോൾ പൂർത്തിയാക്കി. ഇനി ഒരു ഗോളും കൂടി നേടിയാൽ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന നേട്ടം താരത്തിനു സ്വന്തമാക്കാനാകും. ഈ സീസണിൽ ഇതുവരെ 50 ഗോളുകളാണ് നോർവീജിയൻ മുന്നേറ്റക്കാരൻ അടിച്ചുകൂട്ടിയിരിക്കുന്നത്. 1993-94-ൽ ആൻഡി കോളിന്റെയും 1994-95-ൽ അലൻ ഷിയററുടെയും റെക്കോർഡുകൾക്കൊപ്പമെത്തിയ ഹാളണ്ടിന്റെ 32 ലീഗ് മത്സരങ്ങളിലെ 34-ാം ഗോളായിരുന്നു ഇത്. എന്നാല്‍ കോളും ഷിയററും ഏറ്റുമുട്ടുമ്പോൾ ഡിവിഷനിൽ 22 ടീമുകൾ ഉണ്ടായിരുന്നു.
ഇന്നത്തെ വിജയത്തോടെ 32- മൽസരങ്ങളിൽ നിന്ന് 76- പോയിൻ്റാണ് നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യൻമാർക്കുള്ളത്. സിറ്റിയെക്കാൾ ഒരു മത്സരം അധികം കളിച്ച ആഴ്‌സനലിന് അവരെക്കാൾ ഒരു പോയിൻ്റാണ് കുറവുള്ളത്. തുടർച്ചയായ സമനിലകളും സിറ്റിയോട് പരാജയപ്പെട്ടതുമാണ് ആഴ്സനലിന് ഒന്നാം സ്ഥാനം നഷ്ടപ്പെടാൻ ഇടയാക്കിയത്.
ഇന്ന് നടന്ന മറ്റു മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിനു ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തി. 39- മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസാണ് യുണൈറ്റഡിൻ്റെ വിജയ ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ ന്യൂ കാസ്റ്റിൽ യുനൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സതാംപ്ടനെയും പരാജയപ്പെടുത്തി.